മസാഫിയിൽ ചെറു ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടു
text_fieldsദുബൈ: രാജ്യത്തിന്റെ വടക്കൻ മേഖലയിലെ മസാഫിയിൽ ചെറു ഭൂചലനം രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ 7.53നാണ് ദേശീയ കാലാവസ്ഥാ, ഭൂകമ്പ നിരീക്ഷണ കേന്ദ്രം 2.3 തീവ്രതയുള്ള കുലുക്കം രേഖപ്പെടുത്തിയത്. 1.6 കി.മീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനത്തെതുടർന്ന് ചിലയിടങ്ങളിൽ നേരിയ പ്രകമ്പനമുണ്ടായി. അതേസമയം യു.എ.ഇയിൽ ഭൂചലനം പ്രത്യാഘാതങ്ങളൊന്നുമുണ്ടാക്കിയില്ലെന്ന് എൻ.സി.എം സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗസ്റ്റ് 18ന് യു.എ.ഇയിലെ ദിബ്ബക്ക് സമീപം ഒമാൻ കടലിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഞ്ചു കി.മീറ്റർ പരിധിയിലാണുണ്ടായത്. ഭൂചലനത്തെതുടർന്ന് താമസക്കാർ ചെറു പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
ചെറുഭൂചലനങ്ങൾ പലപ്പോഴും ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ, ഇത് അപകടങ്ങൾക്ക് കാരണമാകാറില്ല. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം ജൂൺ 8ന് രാത്രി 11.01ന് മസാഫിയിൽതന്നെ രേഖപ്പെടുത്തിരുന്നു.
അതിന് മുമ്പ്, മേയ് 29ന് ഒമാൻ കടലിൽ ഉണ്ടായ ചെറിയ ഭൂചലനത്തിൽ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെടുകയുണ്ടായി. ചെറു ഭൂചലനങ്ങളിൽ ഭയപ്പെടാനില്ലെന്നും മേഖലയിൽ ഭൂകമ്പ സാധ്യതയില്ലെന്നുമാണ് ഭൗമശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.