അൽഐനിലെ 'മിറാക്കിൾ ഗാർഡൻ'
text_fieldsഅബൂദബി: അൽഐൻ നഗരത്തിൽ ഒരുക്കിയ താൽക്കാലിക ഉദ്യാനത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക്. അൽ ഐൻ പാലസ് മ്യൂസിയത്തിന് സമീപം അൽഐൻ ഒയാസിസിന് എതിർവശത്താണ് ഈ വിശാലമായ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. വിവിധ വർണ്ണത്തിലുള്ള പൂക്കളും ചെടികളും പച്ച വിരിച്ച നടപ്പാതകളും കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്ത ഉദ്യാനത്തിൽ ആകർഷണീയമായ കമാനങ്ങളും അരയന്നങ്ങളും കുളങ്ങളും വെള്ളച്ചാട്ടവുമെല്ലാം സംവിധാനിച്ചിരിക്കുന്നു. സന്ദർശകർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉദ്യാനത്തിൽ നിന്ന് സെൽഫിയും വീഡിയോയും എടുക്കാൻ സന്ദർശകരുടെ തിരക്കാണ്. യു.എ.ഇ ഭരണാധികാരികളുടെ വലിയ പടങ്ങളും ഇവിടെ മനോഹരമായി സംവിധാനിച്ചിരിക്കുന്നു. ഇവരുടെ പടങ്ങളുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കാനും വലിയ തിരക്കാണ്.
ഉദ്യാനം മുഴുവനും എൽ.ഇ.ഡി ബൾബുകൾകൊണ്ട് അലങ്കരിച്ചതിനാൽ സന്ധ്യാ സമയങ്ങളിൽ ഏറെ മനോഹരമാണ് ഇവിടുത്തെ കാഴ്ച. കോവിഡ് വരുത്തിവെച്ച മാനസിക പിരിമുറുക്കത്തിൽ നിന്നും അല്പം ആശ്വാസം നേടാനുള്ള മാർഗം കൂടിയാണ് ഈ പുഷ്പമേള. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് കുടുംബസമേതം ഓരോ ദിവസവും ഇവിടെ എത്തുന്നത്.
പാർക്കിനോട് ചേർന്ന് പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെയും ഇതര ഉൽപന്നങ്ങളുടെയും വിപണന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി വിവിധ ഉപകരണങ്ങളും പാർക്കിന് പുറത്ത് ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ അൽഐൻ പുഷ്പമേളയുടെ ഭാഗമായാണ് പാർക് ഒരുക്കിയിരിക്കുന്നത്. ഒരു മാസം കൊണ്ടാണ് പാർക്കിന്റെ പണി പൂർത്തിയാക്കിയത്. അൽഐനിലെ മിനി മിറാക്കിൾ ഗാർഡൻ എന്ന പേരിലാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്. മാർച്ച് അവസാനത്തോടെ പുഷ്പമേള അവസാനിക്കും. രാവിലെ 10 മുതൽ രാത്രി 11 വരെ സന്ദർശിക്കാം. പ്രവേശനം സൗജന്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.