കലയും സംസ്കാരവും സമന്വയിപ്പിച്ച് 'മിറാജ് മ്യൂസിയം'
text_fieldsലോക രാജ്യങ്ങളിലെ ഇസ്ലാമിക കലാരൂപങ്ങളും കലാസൃഷ്ടികളും പ്രദർശിപ്പിക്കുന്ന ഇടമാണ് അബൂദബിയിലെ മിറാജ് മ്യൂസിയം. മുസ്ലിം ലോകത്തെ പൈതൃകവും പരമ്പരാഗത ജീവിതശൈലിയും പ്രകടമാക്കുന്നതാണ് മ്യൂസിയത്തിലെ പ്രദർശന വസ്തുക്കളെന്നതാണ് പ്രത്യേകത.
അബൂദബി ബ്രേക്ക് വാട്ടറിലെ മറീന മാളിന് സമീപത്തെ മ്യൂസിയത്തിൽ ഈജിപ്ത്, സിറിയ, ഇറാൻ, ഇറാഖ്, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അദ്വിതീയ കലാരൂപങ്ങളുടെ ശേഖരമുണ്ട്. കൈകൊണ്ട് നെയ്ത ചിത്രങ്ങൾ, പരവതാനികൾ, പട്ടുകൊണ്ടുള്ള തുണിത്തരങ്ങൾ, രാജകീയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആചാര വസ്തുക്കൾ, മികച്ച രീതിയിൽ നിർമ്മിച്ച ആയുധങ്ങൾ, മാർബിളുകൾ, അറബിക് കാലിഗ്രാഫിയിൽ കൊത്തിയെടുത്ത പാത്രങ്ങൾ എന്നിവ മ്യൂസിയത്തിലെ ആകർഷണങ്ങളാണ്. ഇസ്ലാമിക കലയും സംസ്കാരവും സന്ദർശകർക്ക് പരിചയപ്പെടുത്താനും പ്രദർശിപ്പിക്കാനുമായി 2015 ജനുവരിയിലാണ് ഈ മ്യൂസിയം തുറന്നത്.
ഇസ്ലാമിക ഭരണാധികാരികളും രാജാക്കൻമാരും വാണിരുന്ന ഇറാൻ, ഇറാഖ്, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യേക സംഘം നടത്തിയ ഗവേഷണ യാത്രയിലാണ് മ്യൂസിയത്തിലേക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള എക്സ്ക്ലൂസീവ് സാധന സാമഗ്രികൾ ശേഖരിച്ചത്. ഇസ്ലാമിക വാസ്തുവിദ്യയിലും സംസ്കാരത്തിലും രൂപകൽപന ചെയ്ത ഒട്ടേറെ കലാരൂപങ്ങൾ മ്യൂസിയത്തിലെത്തുന്നവരെ ആകർഷിക്കുന്നു.
ഇസ്ലാമിക ചരിത്രത്തിെൻറ വിവിധ കാലഘട്ടങ്ങളിലെ പ്രാദേശികവും സാംസ്കാരികവുമായ സ്വാധീനം പ്രകടമാക്കുന്ന വസ്തുക്കൾ മ്യൂസിയം സന്ദർശകർക്ക് കാണാനാവും. പേർഷ്യൻ സമ്പന്നതയിലും ആഡംബരതയിലും നെയ്ത തുണിത്തരങ്ങൾ മുതൽ പെയിൻറ് ചെയ്ത സിറാമിക്സ്, കശ്മീരിൽ നിന്നുള്ള പട്ട് പരവതാനികൾ, ഡമാസ്കസിൽ നിന്നുള്ള കരകൗശല ആയുധങ്ങൾ, അലങ്കാര രൂപങ്ങളുടെ പിടികളോടെ നിർമിച്ച കഠാരകളും വാളുകളും കവചങ്ങളും, മുഗൾ ഭരണ കാലഘട്ടത്തിലെ സ്വർണവും വെള്ളിയും പതിച്ച ആഭരണങ്ങൾ, രാജകീയ കിരീടങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. മുസ്ലിം രാജ്യങ്ങളുടെയും ഇസ്ലാമിക സംസ്കാരത്തിെൻറയും നൂറ്റാണ്ടുകളുടെ കഥകൾ പറയുന്ന മനോഹരമായ പെയിൻറിങുകളിലൂടെ സന്ദർശകരെ മ്യൂസിയം വിസ്യിപ്പിക്കുന്നു. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കുന്ന അബൂദബി മിറാജ് മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.