മിഷല്‍: മിണ്ടാപ്രാണികളുടെ കൂട്ടുകാരി
text_fieldsമിഷേലിന്റെ ഓരോ ദിവസവും പുലർച്ചെ മൂന്ന് മണിക്ക് ആരംഭിക്കും. ആദ്യം അഭയ കേന്ദ്രത്തിലെ നായകള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണവും മരുന്നും നൽകിയ ശേഷം വൃത്തിയാക്കും. അവയുടെ കൂട്ടില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ എല്ലാവരുടെയും സ്നേഹപ്രകടനം ഏറ്റുവാങ്ങി നേരം പോകുന്നതറിയില്ല. നാല് മണിയോടെ പരിപാലകനായ ഡാനിയേലിനെയും കൂട്ടി നായ്ക്കള്‍ പൂച്ചകള്‍, കഴുതകൾ, പക്ഷികൾ തുടങ്ങി തെരുവുകളിലെ മിണ്ടാപ്രാണികളെ തിരക്കി പുറപ്പെടുകയും അവര്‍ക്ക് വേണ്ട ഭക്ഷണം എത്തിക്കുകയും ചെയ്യും.
അഞ്ച് മണിയോടെ 140 കിലോമീറ്റര്‍ യാത്ര ചെയ്ത് ദുബൈയിലെ നാദ്അൽഷിബയിലെ ജെംസ് മോഡേൺ അക്കാദമിയിൽ എത്തി അധ്യാപിക ജോലിയിലേക്ക്. വൈകുന്നേരം ആറ് മണിക്ക് തിരിച്ച് വീട്ടിലെത്തിയാല്‍ തന്റെ കൂട്ടുകാര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള തിരക്കിലേക്ക്. ഇങ്ങിനെ പോകുന്നു മിഷേലിന്റെ ദിനങ്ങള്‍. പ്രയാസമനുഭവിക്കുന്ന മനുഷ്യ സുഹൃത്തുക്കളെ പോലും പരിചരിക്കാനും സ്നേഹിക്കാനും ആളുകൾ മടിക്കുന്ന കാലത്താണ് ഈ അതുല്യ മാതൃക. ഭര്‍ത്താവും മക്കളും പൂർണ പിന്തുണ നൽകുന്നു. ഒപ്പം പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ് എല്ലാ ആഴ്ച്ചയും ദുബൈയില്‍ നിന്നുമെത്തുന്ന ലെബനീസ് ദമ്പതികളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും വിലമതിക്കാനാവാത്തതാണ്.
ബംഗാളിലെ ചെറു ഗ്രാമമായ അദ്രയിൽ ജനിച്ച മിഷേൽ ആറ് സഹോദരങ്ങളിൽ മൂത്തയാളാണ്. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന പിതാവ് സ്റ്റാൻലി എഡ്ഗർ ഫ്രാൻസിസും അധ്യാപികമായിരുന്ന അമ്മ സുസെറ്റും മാനവികതയാണ് മറ്റെല്ലാറ്റിനേക്കാളും ഉയര്‍ന്നതെന്ന് കുഞ്ഞു നാളിലേ പഠിപ്പിച്ചു. ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പോറ്റാനും അവക്ക് തോട്ടത്തിൽ കൂടൊരുക്കാനും മാതാപിതാക്കളും സമയം കണ്ടെത്തിയിരുന്നു. 2000 ൽ ആണ് അധ്യാപികയായി ഫുജൈറയിലെത്തുന്നത്. തുടക്കത്തില്‍ ഒരു ഫ്ലാറ്റിൽ ആണ് താമസിച്ചിരുന്നത്. ഉപേക്ഷിക്കപ്പെട്ടതും അലഞ്ഞുതിരിഞ്ഞു നടക്കുന്നതുമായ തെരുവ് മൃഗങ്ങൾ ശ്രദ്ധയില്‍ പെട്ടതോടെ അവരുടെ സംരക്ഷണം കണക്കിലെടുത്ത് 2004 ൽ ഫുജൈറ മുധബിൽ ഒരു വില്ലയിലേക്ക് താമസം മാറി. ദുരിതമനുഭവിക്കുന്ന ഒരു മൃഗത്തെയും തെരുവില്‍ കണ്ടാല്‍ അവയെ അവിടെ വിട്ടേച്ചു പോകാന്‍ മിഷേലിന് കഴിയില്ല.
മൃഗങ്ങള്‍ കൂടി വന്നതോടെ 2010 ൽ ഫുജൈറ ഇൻഡസ്ട്രിയൽ ഏരിയയില്‍ എമിറേറ്റ്സ് അനിമൽ വെൽഫെയർ സൊസൈറ്റിയുടെ ലൈസന്‍സോടുകൂടി ഷെല്‍ട്ടര്‍ നിര്‍മിക്കുകയും അവിടേക്ക് എല്ലാ മൃഗങ്ങളെയും മാറ്റുകയും ചെയ്തു. ഏകദേശം നാനൂറോളം നായകളും അമ്പതോളം പൂച്ചകളും ഉണ്ട് ഷെല്‍ട്ടറില്‍. കൂടാതെ അഞ്ഞൂറില്‍ അധികം തെരുവ് നായകള്‍ വേറെയും. ഷെല്‍ട്ടറിന്റെ വാടക, ഭക്ഷണം, മരുന്ന്, ജോലിക്കാരുടെ വേതനം തുടങ്ങി ഭാരിച്ച ചിലവാണ് നടത്തികൊണ്ടു പോകുവാന്‍ വരുന്നതെന്നും ദുബൈയില്‍ നിന്നും ഇവിടെനിന്നുമുള്ള നിരവധി ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെങ്കിലും തികയാത്ത അവസ്ഥയാണെന്ന് മിഷേല്‍ പറയുന്നു. ദിനേന 80 കിലോയില്‍ അധികം ഡ്രൈ ഫുഡ്, 150 ല്‍ അധികം ടിന് ഫുഡ് എന്നിവ ആവശ്യമായി വരുന്നു.
ജീവികളോടുള്ള സ്നേഹത്തിെൻറ പ്രാധാന്യം സമൂഹവുമായി പങ്കുവെക്കുന്നതിന് സന്ദേശം എത്തിക്കുക എന്ന ഉദ്ദേശത്തോടെ https://www.facebook.com/animalsandusfuj എന്ന ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളെയും മറ്റും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആളുകളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഫുജൈറ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ഒരു പദ്ധതി തയ്യാറാക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഇവരിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.