സംസ്ഥാന ബജറ്റിന് പ്രവാസലോകത്ത് സമ്മിശ്ര പ്രതികരണം
text_fieldsദുബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്റെ നാലാം ബജറ്റിന് പ്രവാസ ലോകത്ത് സമ്മിശ്ര പ്രതികരണം. പ്രവാസികൾക്ക് കാര്യമായ വാഗ്ദാനങ്ങളൊന്നും സംസ്ഥാന ബജറ്റിലും പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കൂടുതൽ പേരും പ്രതികരിച്ചത്. പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് വർധിപ്പിച്ചില്ല. രണ്ട് പദ്ധതികളുടെ വിഹിതത്തിൽ കുറവും വരുത്തിയിട്ടുണ്ട്. പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെയും ‘സാന്ത്വന’പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വർധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനഃസംയോജന ഏകോപന പദ്ധതിയുടെയും ‘കേരള ദി നോൺ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്’വഴിയുള്ള ക്ഷേമപദ്ധതികളുടെയും ബജറ്റ് വിഹിതത്തിൽ സർക്കാർ ഇത്തവണ കുറവും വരുത്തി. ആഗോള മാന്ദ്യത്തിന്റെയും ഗൾഫ് രാജ്യങ്ങളിലെ ദേശീയവത്കരണത്തിന്റെയും ഫലമായി കേരളത്തിലേക്ക് തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിക്കായി 25 കോടി രൂപ മാത്രമാണ് ഇത്തവണ മാറ്റിവെച്ചത്.
ഇത് കഴിഞ്ഞ വർഷത്തെ ബജറ്റിലെ അതേ തുക മാത്രമാണ്. കഴിഞ്ഞ വർഷം 25 കോടിയായിരുന്നു വകയിരുത്തിയത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനഃസംയോജന ഏകോപന പദ്ധതിക്കായി ഇത്തവണ 44 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇത് കഴിഞ്ഞ വർഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. കഴിഞ്ഞ തവണ 50 കോടി വകയിരുത്തിയപ്പോൾ ഇത്തവണ ബജറ്റ് വിഹിതത്തിൽ ആറ് കോടി കുറവ് വരുത്തി. അതേസമയം, കുറഞ്ഞത് രണ്ട് വർഷക്കാലം വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്ന മലയാളികൾക്ക് 50,000 രൂപ വരെ ചികിത്സ സഹായം, ഒരു ലക്ഷം രൂപ വരെ വിവാഹ ധനസഹായം, വൈകല്യമുള്ളവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെ ധനസഹായം എന്നിങ്ങനെ ഒറ്റത്തവണ ധനസഹായം ലഭ്യമാക്കാനുള്ള ‘സാന്ത്വന’പദ്ധതിക്ക് 33 കോടി രൂപ സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. ‘കേരള ദി നോൺ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്’വഴിയുള്ള ക്ഷേമ പദ്ധതികൾക്കായി 13 കോടി രൂപയും ധനമന്ത്രി ഇത്തവണ ബജറ്റിൽ വകയിരുത്തിയത്. എന്നാൽ, കഴിഞ്ഞ തവണത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. കഴിഞ്ഞ തവണ ഇത് 15 കോടി രൂപയായിരുന്നു.
ഇത്തവണ രണ്ട് കോടി രൂപയുടെ കുറവാണ് സർക്കാർ വരുത്തിയത്. 2024-25 സാമ്പത്തിക വർഷം നോർക്കയുടെ വിവിധ പ്രവർത്തനങ്ങൾക്ക് 143.81 കോടി രൂപ ബജറ്റിൽ സർക്കാർ വകയിരുത്തിയിട്ടുണ്ട്.
'സാധാരണക്കാരന്റെ ഉന്നമനത്തിനും പ്രാദേശിക വികസനത്തിനും പിന്തുണ നല്‍കുകയും വ്യവസായങ്ങളുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന പുരോഗമന ബജറ്റാണിത്. സംസ്ഥാനത്തിന്റെ നവകേരളം എന്ന കാഴ്ചപ്പാടിനെ പിന്തുണക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്കൊപ്പം സ്വകാര്യ മേഖലയില്‍നിന്നുള്ള നിക്ഷേപങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നത് സന്തോഷകരമാണ്.
മെഡിക്കല്‍ ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നത് എല്ലാ മേഖലക്കും ഗുണകരമാകും. ആരോഗ്യം, വെല്‍നസ്, ഹോളിഡേ ഡെസ്റ്റിനേഷന്‍ എന്നിവക്കായുള്ള സമ്പൂര്‍ണ പാക്കേജായി സംസ്ഥാനത്തെ മാറ്റാൻ ശ്രമിക്കുന്നത് ആസ്റ്റര്‍ പോലുള്ള ആരോഗ്യ പരിരക്ഷ ദാതാക്കള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കേരളത്തെ ഒരു മെഡിക്കല്‍ ഹബ്ബായി ഉയര്‍ത്തുന്നതില്‍ ശ്രദ്ധചെലുത്തുന്നത് പ്രതീക്ഷ നല്‍കുന്നതാണ്'.-ഡോ. ആസാദ് മൂപ്പന് (സ്ഥാപകന്‍, ചെയര്മാന്-ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍)
'കുത്തിനിറച്ച ആവർത്തനങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും അടങ്ങുന്ന ബജറ്റ് പ്രവാസികളെ നിരാശയുടെ പടുകുഴിയിൽ ആഴ്ത്തിയിരിക്കുകയാണ്. പ്രവാസിക്ഷേമവും പുനരധിവാസവും അടക്കമുള്ള നിരവധി പരിപാടികൾ മുൻകാല ബജറ്റിൽ പ്രഖ്യാപിച്ച ഒന്നുംതന്നെ നടപ്പാക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല .ഈ വർഷവും പതിവുതെറ്റിക്കാതെ പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ചില പദ്ധതികൾ പ്രഖ്യാപിച്ചു എന്നല്ലാതെ കഷ്ടതയനുഭവിക്കുന്ന പ്രവാസിയുടെ ജീവിതനിലവാരം ഉയർത്തുന്ന ഒരു പദ്ധതിയും ഈ ബജറ്റിൽ കാണാൻ സാധിക്കില്ല'.-മുഹമ്മദ് ജാബിർ (ജനറൽ സെക്രട്ടറി, ഇൻകാസ് യു.എ.ഇ)
'കേരള ജനതക്കും പ്രവാസികള്‍ക്ക് വിശേഷിച്ചും ഗുണഫലം നല്‍കാത്ത ബജറ്റാണ്. പ്രവാസികളെ അവഗണിച്ച കേന്ദ്ര സര്‍ക്കാറിന്റെ വഴിയാണ് സംസ്ഥാന സര്‍ക്കാറിനും. പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതി എന്‍.ഡി.പി.ആര്.ഇ.എമ്മില്‍ മുന്‍ വര്‍ഷത്തേതില്‍നിന്ന് ഒരു രൂപപോലും കൂടുതല്‍ വകയിരുത്തിയിട്ടില്ല. മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളൊന്നും നടപ്പാക്കാനും ഇതുവരെ ഇടത് സര്‍ക്കാറിന് സാധിച്ചിട്ടില്ല. സമൂഹത്തിന്റെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉതകാത്ത പൊള്ളയായ വാഗ്ദാനങ്ങള്‍ അടങ്ങുന്ന ബജറ്റ് നിരാശജനകവും ഖേദകരവുമാണ്' -എസ്.എ. സലീം (പ്രസിഡന്റ്, റാക് ഇന്ത്യന്‍ അസോസിയേഷന്)
'കേന്ദ്ര ബജറ്റില്‍ പ്രവാസികളെ നിഷ്കരുണം അവഗണിച്ചപ്പോള്‍ സംസ്ഥാന ബജറ്റ് എല്ലാ അർഥത്തിലും പ്രവാസികളെ ചേര്ത്തുനിര്ത്തുന്നവയായിരുന്നു. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും മുന്‍തൂക്കം നല്‍കാറുള്ള, എണ്ണമറ്റ പ്രവാസിക്ഷേമ പദ്ധതികള്‍ നടപ്പാക്കിയ ഇടതുപക്ഷ സര്‍ക്കാറിന്റെ കരുതലുകളുടെ തുടര്‍ച്ചകൂടിയാണ് സംസ്ഥാന ബജറ്റ്'-സഫറുല്ല പാലപ്പെട്ടി(സെക്രട്ടറി, മലയാളം മിഷന് അബൂദബി ചാപ്റ്റര്‍)
'മടങ്ങിയെത്തിയ പ്രവാസികളെ അവരുടെ ഉപജീവനത്തിന് ന്യായമായ സ്ഥിരവരുമാനം കണ്ടെത്താൻ സഹായിക്കുന്നതിനായി ആരംഭിച്ച എൻ.ഡി.പി.ആർ.ഇ.എം എന്ന പുനരധിവാസ പാക്കേജിന് കഴിഞ്ഞ വർഷം സർക്കാർ അനുവദിച്ച അതേ തുകയായ 25 കോടി മാത്രമാണ് ഇത്തവണയും അനുവദിച്ചത്. ഇത് പ്രവാസികളോടുള്ള തികഞ്ഞ അവഗണനയാണ്.
സമൂഹത്തിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ട്, അതേസമയം, കേരളത്തിലെ പ്രവാസികളുടെയോ അവരുടെ കുടുംബങ്ങളുടെയോ ക്ഷേമത്തിനായി ശ്രദ്ധേയമായ ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. കേന്ദ്ര സർക്കാറും കേരള സർക്കാറും പ്രവാസിസമൂഹത്തെ അവഗണിക്കുന്നത് തുടരുന്നത് പ്രധാനമായും ഞങ്ങൾക്ക് വോട്ടവകാശം ഇല്ലാത്തതുകൊണ്ടാണ്. വോട്ട് ചെയ്യാൻ അവസരം ലഭിക്കുമ്പോൾ എൻ.ആർ.ഐയുടെ ശബ്ദം ഉയർന്നുവരും'-ഡോ. സൈഫുദ്ദീൻ പി. ഹംസ (പ്രിൻസിപ്പൽ, ദി ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽ ഖുവൈൻ)
'പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റാണിത്. പ്രവാസികൾ നിരന്തരം ആവശ്യപ്പെടുന്ന ക്ഷേമ പെൻഷൻ വർധന, യാത്രാപ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതി, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് പുനരധിവാസം എന്നിവക്കൊന്നും ബജറ്റിൽ പരിഗണനയില്ല. പ്രവാസികൾക്ക് കോടികൾ നീക്കിവെച്ചുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും നടപടിയില്ല. പ്രവാസി മലയാളികളെ ഉൾപ്പെടുത്തി സ്പെഷൽ ഡെവലപ്മെന്റ് സോൺ യാഥാർഥ്യമാക്കുമെന്ന് ധനമന്തി ഈ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്'-പുന്നക്കൻ മുഹമ്മദലി (ഐ.ഒ.സി ജനറൽ സെക്രട്ടറി)
'കേരള ബജറ്റ് എല്ലാ പ്രാവശ്യത്തെയുംപോലെ കുറെ നല്ല കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്.സി) അഡ്മിനിസ്ട്രേറ്റര്‍ സി. പത്മരാജ് അഭിപ്രായപ്പെട്ടു. അവ പ്രയോഗവത്കരിക്കപ്പെടുമോയെന്നത് കണ്ടറിയണം. പ്രവാസിയുടെ കാര്യം ഇനിയും കഷ്ടംതന്നെ. പ്രവാസികളുടെ ക്ഷേമത്തിന് ബജറ്റ് പ്രതീക്ഷ നല്‍കുന്നില്ല. ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ധനമന്ത്രി മറന്നുപോയെന്ന് സംശയിക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണാനുള്ള വഴികളൊന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ബജറ്റിലില്ല'-സി. പത്മരാജ് (അഡ്മിനിസ്ട്രേറ്റര്‍, റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി)
'കേരളത്തിന്റെ എല്ലാ മേഖലകള്‍ക്കും വലിയ പുരോഗതിയുണ്ടാകുന്ന ബജറ്റാണിത്. സാമൂഹികസേവന രംഗത്തെ പുരോഗതി തുടരാന്‍ സഹായിക്കുന്ന ബജറ്റാണിത്. അര്‍ഹതപ്പെട്ട സാമ്പത്തിക അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര മനോഭാവത്തോടെ നിഷേധിക്കുമ്പോഴും അവയെ മറികടന്നുകൊണ്ട് കേരളത്തിന്റെ സാമൂഹിക പുരോഗതി ലക്ഷ്യംവെച്ചുകൊണ്ടുള്ള ബജറ്റാണിത്'- എ.എല്‍. സിയാദ് (ജനറല്‍ സെക്രട്ടറി, ശക്തി തിയറ്റേഴ്സ് അബൂദബി)
'സംസ്ഥാനത്തിന്റെ സാമ്പത്തികമായ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, പൊതുജനാരോഗ്യം, കാര്‍ഷിക മേഖല, പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാനസൗകര്യ വികസനം, ക്ഷീര വികസനം, മത്സ്യമേഖല, നിർമാണമേഖല തുടങ്ങി സമഗ്ര മേഖലകളെയും പരിഗണിച്ച ബജറ്റാണിത്.
2025ഓടുകൂടി ലൈഫ് പദ്ധതിയിലൂടെ വീടില്ലാത്തവര്‍ക്ക് അഞ്ചു ലക്ഷം വീട്, ഊര്‍ജ മേഖലകളില്‍ സൗരോർജത്തിന്റെ വ്യാപനം, വ്യവസായ രംഗത്ത് പശ്ചാത്തലവികസനം, വിവര സാങ്കേതികരംഗത്ത് പരിഗണന എല്ലാം സംസ്ഥാനത്തിന്റെ മുഖച്ഛായതന്നെ മാറ്റിയെഴുതാന്‍ പര്യാപ്തമായവയാണ്' -എ.കെ. ബീരാന്‍കുട്ടി (പ്രസിഡന്റ്, കേരള സോഷ്യല്‍ സെന്റര്‍ അബൂദബി)
'കേന്ദ്ര സര്‍ക്കാര്‍ മന്ദിറും പ്രതിമകളും നിർമിച്ച് ഭരണം നടത്തുമ്പോള്‍ ജനക്ഷേമം മാത്രം ലക്ഷ്യംവെച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉതകുന്നതാണ് സംസ്ഥാന സർക്കാറിന്റെ ബജറ്റ്. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 44 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. പ്രവാസി പുനരധിവാസ പദ്ധതികള്‍ കൂട്ടുമെന്നു പ്രഖ്യാപിച്ചതും, പ്രവാസി പെൻഷന് അധിക ഫണ്ട് അനുവദിച്ചതും എല്ലാം പ്രവാസികള്‍ക്കുള്ള കരുതല്‍ നടപടികളാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവന്‍ പ്രവാസികളുടെയും പിന്തുണ ഈ സര്‍ക്കാറിന് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല' -അഡ്വ. അന്‍സാരി സൈനുദ്ദീന്‍ (ലോക കേരളസഭ അംഗം, അബൂദബി)
'പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനുള്ള ക്രിയാത്മക പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാത്ത പ്രവാസിവിരുദ്ധ ബജറ്റാണ്. കേരള സമ്പദ്ഘടനക്ക് പ്രവാസികൾ അർപ്പിച്ച സംഭാവനകളെ ഒട്ടും പരിഗണിച്ചിട്ടില്ല. 2022 മാർച്ചിൽ പ്രവാസികളുടെ ക്ഷേമത്തിനായി ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികൾ ജലരേഖയായി മാറിയതിന്റെ ചുവടുപിടിച്ചുള്ള മറ്റൊരു പ്രഖ്യാപനമായി മാത്രമേ വിമാനയാത്രാനിരക്ക് കുറക്കുന്നതിനുള്ള പദ്ധതിയെ കാണാനാവൂ. ഇതിനു ഏറെ പ്രയോജനകരമാകുന്ന കേരള എയർ പദ്ധതിയെക്കുറിച്ച് ഒന്നും ബജറ്റിലില്ല. സ്വദേശിവത്കരണത്തിന്റെയും കോവിഡ് പ്രതിസന്ധിയുടെയും പേരിൽ കേരളത്തിലേക്കു തിരിച്ചുവന്ന പ്രവാസികൾക്ക് ഗുണകരമായ ഒരു പുനരധിവാസ പദ്ധതിയും ഉണ്ടായില്ല. 100 തൊഴിൽ ദിനങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയായി പറയുന്ന നോർക്ക അസി. ആൻഡ് മൊബൈലൈസ്ഡ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത് ആകെ അഞ്ചു കോടി രൂപയാണ്. ലോക കേരള സഭക്ക് 2.5 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസി പെൻഷൻ വർധിപ്പിക്കുന്നതിനെക്കുറിച്ച് ബജറ്റ് ഒരക്ഷരം മിണ്ടിയില്ല' -കെ.സി. അബൂബക്കർ (ഇൻകാസ് ഫുജൈറ പ്രസിഡന്റ്)
'കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പൂർണമായും പ്രവാസികളെ തഴഞ്ഞപ്പോൾ കേരള സർക്കാർ പ്രവാസികളെ ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്. നോർക്കയുടെ പ്രവർത്തനത്തിനായി 143.81 കോടി, തിരികെയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിക്കായി 25 കോടി, പുനരധിവാസ പുനഃസംയോജന ഏകോപന പദ്ധതിക്കായി 44 കോടി, കുറഞ്ഞത് രണ്ടു വർഷം വിദേശത്തു ജോലി ചെയ്തു മടങ്ങിയെത്തുന്ന പ്രവാസികൾക്കായി 50,000 രൂപയുടെ ചികിത്സ സഹായം, ഒരു ലക്ഷം രൂപ വരെ മരണാനന്തര ധനസഹായം എന്നിങ്ങനെയുള്ള സഹായങ്ങൾക്കായുള്ള സാന്ത്വനപദ്ധതിക്ക് 33 കോടി, പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള സഹായങ്ങൾക്ക് 12 കോടി എന്നിങ്ങനെ സമാനതകളില്ലാത്ത പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്'.ഓർമ
'വ്യത്യസ്ത കാരണങ്ങളാൽ വലിയതോതിൽ പ്രവാസികൾ കേരളത്തിലേക്ക് മടങ്ങിവരുന്ന സന്ദർഭത്തിൽ പ്രവാസിക്ഷേമത്തിനും പുനരധിവാസത്തിനും പരിഗണനയില്ല. ആധുനിക കേരളത്തെ നിർമിക്കുന്നതിലും, കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിന് വലിയ പങ്കുവഹിച്ച പ്രവാസിസമൂഹത്തോടാണ് ഈ അവഗണന തുടരുന്നത്. അതോടൊപ്പം കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് തീരെ പ്രതീക്ഷ നൽകാത്തതാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്.
കേരളത്തിലെ ധനകാര്യ നയം കോർപറേറ്റ് വത്കരണ നയം മാത്രമാണെന്ന് സമ്പൂർണമായി ഉറപ്പിക്കുന്ന ബജറ്റാണിത്, ജനകീയ ബദലിനെക്കുറിച്ചുള്ള എൽ.ഡി.എഫ് നിലപാട് വെറും വിടുവായത്തം മാത്രമാണെന്ന് ഇതിലൂടെ തെളിഞ്ഞു. കേന്ദ്ര സർക്കാറിനെതിരെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും കേന്ദ്ര സർക്കാർ പുലർത്തുന്ന അതേ നയങ്ങൾതന്നെയാണ് കേരള ബജറ്റിലുമുള്ളത്'-പ്രവാസി ഇന്ത്യ
‘പ്രവാസികളെ പാടേ മറന്നു’
മസ്കത്ത്: കേരള നിയമസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റ് പ്രവാസികളെ പൂര്‍ണമായും അവഗണിച്ചിരിക്കുന്നുവെന്ന് ലോക കേരള സഭാംഗവും സാമൂഹിക പ്രവര്‍ത്തകനുമായ സിദ്ദീക്ക് ഹസ്സന് പറഞ്ഞു.
പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ ഒന്നുമില്ല. പ്രവാസികള്‍ക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതത്തില്‍ വര്‍ധനവ് വരുത്തിയതില്ലെന്ന് മാത്രമല്ല രണ്ട് പദ്ധതികളുടെ വിഹിതത്തില്‍ കുറവ് വരുത്തുകയും ചെയ്തു. രാജ്യത്തിന്റെയും വിശിഷ്യ കേരളത്തിന്റെയും ക്ഷാമ കാലത്തും സാമ്പത്തിക നെടുംതൂണായി നില്ക്കുന്ന പ്രവാസി സമൂഹത്തെ ബജറ്റ് നിരാശപ്പെടുത്തി. പ്രവാസികളുടെ ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി, സാന്ത്വനം പദ്ധതി എന്നിവിയുടെ വിഹിതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കേരള ദി നോണ്‍ റസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ബോര്‍ഡ് വഴിയുള്ള ക്ഷേമ പദ്ധതികളുടെ ബജറ്റ് വിഹിതം വീണ്ടും കുറവ് വരുത്തുകയും ചെയ്തു.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ക്കായി ഇത്തവണ 44 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. കഴിഞ്ഞ ബജറ്റില്‍ 50 കോടി വകയിരുത്തിയിരുന്നു. ഇത്തരത്തില്‍ എല്ലാ നിലയിലും പ്രവാസികളെ തഴഞ്ഞുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.