ദുബൈയിൽ ‘മ്മടെ തൃശൂർ പൂരം’ ഡിസം. രണ്ടിന് കൊടിയേറും
text_fieldsദുബൈ: ദുബൈയിലെ തൃശൂർ പൂരത്തിന് ഡിസംബർ രണ്ടിന് കൊടിയേറും. ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് പൂരപ്പറമ്പ് ഒരുക്കുന്നത്. ഇത് അഞ്ചാം തവണയാണ് ദുബൈയിലെ തൃശൂർ സ്വദേശികൾ ചേർന്ന് പൂരം സംഘടിപ്പിക്കുന്നത്. മ്മടെ തൃശൂർ എന്ന കൂട്ടായ്മയും ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങും ചേർന്നാണ് പൂരം സംഘടിപ്പിക്കുന്നത്.
ഈ സ്വപ്നനഗരിയിലെ ഏറ്റവും അധികം മലയാളികൾ പങ്കെടുക്കുന്ന അഞ്ചാമത്തെ പൂരത്തിനാണ് നമ്മുടെ തൃശൂർ കൂട്ടായ്മ തയാറെടുക്കുന്നത്. അഞ്ചാം തവണയായതിനാൽ അഞ്ച് ആനയും അഞ്ച് മേളവും അഞ്ചുതരം കാവടിയുമാണ് ഇത്തവണത്തെ ആകർഷണം. തലയെടുപ്പുള്ള അഞ്ച് റോബോട്ടിക് ആനകളും, ആദ്യമായി ഗൾഫിലെത്തുന്ന മച്ചാട് മാമാങ്കം കുതിരയും ഇക്കുറി പൂരത്തെ വേറിട്ടതാക്കുമെന്ന് മ്മടെ തൃശൂർ കൂട്ടായ്മ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
150ലേറെ വാദ്യ കലാകാരന്മാർ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പൂരത്തിനെത്തും. പ്രമുഖ പിന്നണി ഗായകൻ വിധു പ്രതാപ്, നടി അപർണ ബാലമുരളി, ഐഡിയ സ്റ്റാർ സിങ്ങർ താരം ശ്രീരാഗ് ഭരതനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ, ജെ.എം 5 ഡി.ജെ, യു.എ.ഇയിലെ പ്രമുഖ ബാൻഡായ അഗ്നി എന്നിവരുടെ വൈവിധ്യമാർന്ന പരിപാടികളും ഇത്തവണത്തെ പ്രത്യേകതകളാണ്. മ്മടെ തൃശൂർ ഭാരവാഹികളായ രശ്മി രാജേഷ്, ജെ.കെ ഗുരുവായൂർ, സുനിൽ ആലുങ്കൽ, അനിൽ അരങ്ങത്ത്, വിമല്‍ കേശവൻ, ഷാജു, സന്ദീപ്, ഇക്വിറ്റി പ്ലസ് സി.ഇ.ഒ സുനിൽ കഞ്ചൻ, അബ്ദുൽ ഹക്കിം തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.