മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി
text_fieldsദുബൈ: മെട്രോ ബ്ലൂ ലൈനിലെ പുതിയ സ്റ്റേഷനുകളുടെ മാതൃക പുറത്തുവിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഓവൽ ആകൃതിയിലായിരിക്കും പുതിയ സ്റ്റേഷനുകൾ നിർമിക്കുക. അബൂദബിയിൽ നടന്ന ആഗോള റെയിൽ സമ്മേളനത്തിലാണ് ആർ.ടി.എ പുതുതായി നിർമിക്കുന്ന സ്റ്റേഷനുകളുടെ മാതൃക പ്രദർശിപ്പിച്ചത്.
മിനുസമാർന്നതും വളഞ്ഞതുമായ ഘടനയിലാണ് സ്റ്റേഷന്റെ രൂപകൽപന. പ്രധാന പ്ലാറ്റ്ഫോമിൽ ട്രാക്കുകൾക്ക് മുകളിലൂടെ വലിയ ഓവൽ ആകൃതിയിലാണിത്. റെഡ്, ഗ്രീൻ ലൈനുകളിലെ പൂർണമായി കവർ ചെയ്ത സ്റ്റേഷനുകളിൽനിന്ന് വ്യത്യസ്തമാണ് ഈ ഡിസൈൻ.
മിർദിഫ്, ഇന്റർനാഷനൽ സിറ്റി, അക്കാദമിക് സിറ്റി ഉൾപ്പെടെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ബ്ലൂ ലൈൻ എങ്ങനെ സേവനം നൽകുമെന്നും പ്രദർശനത്തിൽ ആർ.ടി.എ വിശദീകരിച്ചു. 2029ൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 30 കിലോമീറ്റർ ബ്ലൂ ലൈൻ, നിലവിലുള്ള റെഡ്, ഗ്രീൻ ലൈനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പോയന്റായി പ്രവർത്തിക്കും.
20 മിനിറ്റ് നഗരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഈ വികസനം. 20 മിനിറ്റ് യാത്രക്കുള്ളിൽ 80 ശതമാനം അവശ്യസേവനങ്ങളും ലഭ്യമാക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അൽ ജദ്ദാഫിനെ ദുബൈ ഫെസ്റ്റിവൽ സിറ്റിയുമായും ദുബൈ ക്രീക്ക് ഹാർബറുമായും ബന്ധിപ്പിക്കുന്ന ദുബൈ ക്രീക്ക് കടക്കുന്നതിന് 1300 മീറ്റർ നീളമുള്ള പാലവും പദ്ധതിയുടെ ഭാഗമായി നിർമിക്കും. പുതിയ കണക്ഷൻ യാത്രക്കാർക്ക് യാത്രാസമയം കുറക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.