ഇ-സ്കൂട്ടർ രൂപമാറ്റവും അപകടകരമായ റൈഡിങും: നടപടി കര്‍ശനമാക്കുമെന്ന് മുന്നറിയിപ്പ്
text_fieldsഅബൂദബി: ഇലക്ട്രിക് സ്കൂട്ടറുകളില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി അബൂദബി പൊലീസ്. ഇത്തരം ഇ-സ്കൂട്ടറുകള് ഉപയോഗിക്കുന്നവര്‍ക്ക് പിഴ ചുമത്തും.
സംയോജിത ഗതാഗതകേന്ദ്രവുമായി സഹകരിച്ചാണ് അബൂദബി പൊലീസ് അനുവദനീയമായ ഇലക്ട്രിക് സ്കൂട്ടറുകള് സംബന്ധിച്ച ബോധവത്കരണം നടത്തുന്നത്. അബൂദബിയില്‍ ഇ-സ്കൂട്ടറുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതിനിടെയാണ് അധികൃതരുടെ ബോധവത്കരണം.
സീറ്റ് പിടിപ്പിക്കുന്നതും ഒന്നിലധികംപേര്‍ ഇവയില്‍ യാത്ര ചെയ്യുന്നതും നിരോധിച്ചിട്ടുള്ളതാണ്. നിന്ന് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് സ്കൂട്ടറിലും സൈക്കിളുകളിലും ഒരാള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. അടുത്തിടെയുണ്ടായ അപകടത്തില്‍ ഇങ്ങനെ യാത്രചെയ്ത രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് അധികൃതര്‍ നിയമം കൊണ്ടുവന്നത്. നിയമം പാലിക്കാതെ വീണ്ടും രൂപമാറ്റം ചെയ്ത ഇ-സ്കൂട്ടറുകള് ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.
രണ്ടോ അതിലധികമോ ചക്രങ്ങളുള്ളതും ഒരു സീറ്റുള്ളതും മനുഷ്യപ്രയത്നത്തില്‍ ചവിട്ടി മാത്രം മുന്നോട്ടു നീങ്ങുന്നതുമായ സൈക്കിളുകളാണ് അനുവദനീയമെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഇലക്ട്രിക് സ്കൂട്ടറില്‍ എന്ജിന് ഘടിപ്പിച്ചതാണെങ്കിലും ഒരാള്‍ക്ക് നിന്നുയാത്ര ചെയ്യാവുന്നതാണ്. ഇവയില്‍ ഒന്നോ രണ്ടോ സീറ്റുണ്ടെങ്കിലും നിരത്തിലിറക്കാന്‍ അനുവദിക്കില്ല. അനുവദനീയമായ റോഡില്‍ കൂടിയേ ഇവ ഓടിക്കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
ദുബൈ ആർ.ടി.എയുടെ പിഴ മുന്നറിയിപ്പ്
ദുബൈ: അപകടകരമായ രീതിയിൽ ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർക്ക് പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). തിങ്കളാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പിലാണ് നിയമലംഘനം ഒഴിവാക്കാനും സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും രക്ഷക്ക് പ്രാധാന്യം നൽകാനുമുള്ള നിർദേശം.
ദുബൈയിൽ ഇ-സ്കൂട്ടർ ഓടിക്കുന്നതിന് പ്രത്യേക അനുമതി നേടണം. അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടാകണം. 16 വയസ്സ് പിന്നിട്ടവരാകണം റൈഡ് ചെയ്യുന്നവരെന്നും വാഹനത്തിന്റെ ബാലൻസ് തെറ്റിക്കുന്ന വസ്തുക്കളൊന്നും കൂടെ കൊണ്ടുപോകാൻ പാടില്ലെന്നും നിയമം നിഷ്കർഷിക്കുന്നുണ്ട്. നിയമം തെറ്റിക്കുന്നവർക്ക് 100 ദിർഹം മുതലാണ് പിഴ ഈടാക്കുന്നത്.
വേഗപരിധി പാലിച്ചില്ലെങ്കിൽ 100 ദിർഹം പിഴയാണ് ഈടാക്കുക. അതേസമയം നിർദിഷ്ട പാതകളിൽ യാത്ര ചെയ്യാതിരിക്കുക, നടപ്പാതകളിലോ ജോഗിങ് പാതകളിലോ ഇ-സ്കൂട്ടർ ഓടിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യുക, അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഉപയോഗിക്കുക, ഹെൽമറ്റും വെസ്റ്റും ധരിക്കാതിരിക്കുക, മറ്റു സുരക്ഷ നിയമങ്ങൾ പാലിക്കാതിരിക്കുക എന്നിവക്ക് 200 ദിർഹമാണ് പിഴ. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധിയുള്ള റോഡിലൂടെ സഞ്ചരിക്കുക, അപകടകരമായ രീതിയിൽ ഓടിക്കുക, ഒരു യാത്രക്കാരനെ ഒപ്പം കൊണ്ടുപോവുക, സാങ്കേതിക മികവില്ലാത്ത സ്കൂട്ടർ ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 300 ദിർഹമാണ് പിഴയീടാക്കുകയെന്നും ആർ.ടി.എ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.