ദുബൈ ലൈബ്രറിയിൽ ‘പിക്കാസോ ദിനങ്ങൾ’ ബുധനാഴ്ച മുതൽ
text_fieldsദുബൈ: മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ ബുധനാഴ്ച മുതൽ ‘പിക്കാസോ ദിനങ്ങൾ’ എന്ന പേരിൽ പെയിന്റിങ് പ്രദർശനം നടക്കും. അന്താരാഷ്ട്ര പെയിന്റിങ് ഇതിഹാസം പാബ്ലോ പിക്കാസോയെ അനുസ്മരിക്കുന്ന രീതിയിലാണ് പരിപാടി സജ്ജീകരിച്ചിട്ടുള്ളത്. ഒരാഴ്ച നീളുന്ന എക്സിബിഷനോടനുബന്ധിച്ച് നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ഡിജിറ്റൽ പബ്ലിഷിങ് ഫോറത്തിന്റെ രണ്ടാം എഡിഷനും ലൈബ്രറി ആതിഥ്യമരുളുന്നുണ്ട്. ദുബൈ കൾചറും ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫോറം ഡിജിറ്റൽ പബ്ലിഷിങ് മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്യുന്നതാണ്.
‘പിക്കാസോ ദിനങ്ങൾ’ പരിപാടിയുടെ ആദ്യ ദിനത്തിൽ അറബ് മേഖലയിലെ 40 കലാകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന എക്സിബിഷനാണ് ഒരുക്കിയിട്ടുള്ളത്. പിക്കാസോയുടെ ചിത്രങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടുള്ള രചനകൾക്കാണ് ഇതിൽ മുൻഗണന നൽകുന്നത്. അതോടൊപ്പം ‘പിക്കോസോ ചിത്രങ്ങളിലെ മാനസിക പ്രതിഫലനങ്ങൾ’ എന്ന തലക്കെട്ടിൽ ലൈബ്രറി തിയറ്ററിൽ പ്രഭാഷണവും നടക്കും. രണ്ടും മൂന്നും ദിവസങ്ങളിൽ മർയം അൽ നിയാദിയുടെ നേതൃത്വത്തിൽ അബ്സ്ട്രാക്ട് പെയിൻറിങ്ങിനെ കുറിച്ച പ്രത്യേക വർക്ക്ഷോപ്പുകളും അരങ്ങേറും. അബ്സ്ട്രാക്ട് ആർട്ട് മേഖലയിലെ വൈവിധ്യങ്ങളെയും വ്യത്യസ്ത രീതികളെയും പരിചയപ്പെടുത്തുന്നതും കലാകാരന്മാരുടെ നൈപുണ്യം വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് വർക്ക്ഷോപ് ഒരുക്കിയിട്ടുള്ളത്.
പൊതുജനങ്ങൾക്ക് പരിപാടിയിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കും. മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുടെ വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങൾ വഴിയും രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പിക്കാസോയുടെ കലാരംഗത്തെ സ്വാധീനത്തെയും ആഗോള തലത്തിലെ സ്വീകാര്യതയെയും പുതുതലമുറയെ പരിചയപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് പരിപാടി ഒരുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.