പരിചയസമ്പന്നതയുടെ കരുത്തുമായി ശൈഖ് മുഹമ്മദ് നയിക്കും
text_fieldsഅബൂദബി: ശൈഖ് സായിദിന്‍റെയും ശൈഖ് ഖലീഫയുടെയും ഭരണകാലങ്ങളിൽ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളിലും പങ്കാളിത്തം വഹിക്കുകയും നിരവധി സുപ്രധാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഭരണപരിചയവുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ പ്രസിഡന്റ് പദവിയിലേക്ക്.
ശൈഖ് ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ ഭരണകാര്യങ്ങളിൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡൻറിന്‍റെ ചുമതലകൾ നിർവഹിച്ചതും ശൈഖ് മുഹമ്മദാണ്. രാജ്യത്തിന്‍റെ സൈനിക സന്നാഹങ്ങളെ ശക്തിപ്പെടുത്തുകയും വിദേശ ബന്ധങ്ങളിൽ സുപ്രധാന ചുവടുവെപ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളെന്ന നിലയിൽ അറബ് മേഖലയിലെ തന്നെ കരുത്തുറ്റ ഭരണാധികാരിയായാണ് ശൈഖ് മുഹമ്മദ് അറിയപ്പെടുന്നത്. അബൂദബി കിരീടാവകാശിയെന്ന നിലയിൽ വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എമിറേറ്റിലെ വിദ്യാലയങ്ങളെ ഉയർത്തുകയും ചെയ്തു.
ഇന്ത്യ-യു.എ.ഇ ബന്ധത്തിന് എക്കാലവും പിന്തുണ നൽകുകയും മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദർശിച്ചപ്പോൾ ശൈഖ് മുഹമ്മദാണ് അബൂദബിയിൽ സ്വീകരിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ യു.എ.ഇയും ഇന്ത്യയും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിനും നേതൃത്വം നൽകിയത് അദ്ദേഹമാണ്. യു.എ.ഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക്കാണ് മാതാവ്. ശൈഖ സലാമ ബിൻത് ഹംദാൻ ആൽ നഹ്യാൻ ഭാര്യ. നാല് ആൺമക്കളും അഞ്ച് പെൺമക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.