മോഹൻ ജി മടങ്ങുന്നു, എഴുത്തു മോഹങ്ങളുമായി
text_fieldsദുബൈ: യു.എ.ഇയിലെ കാലാവസ്ഥയെയും അതിെൻറ മാറ്റങ്ങളെയും കുറിച്ച് സംശയ നിവാരണം നടത്താനും വിവരങ്ങൾ പങ്കുവെക്കാനും ശാസ്ത്രജ്ഞരും ഗവേഷകരും പോലും വിളിക്കുന്ന ഒരു മലയാളിയുണ്ട്^ഗൾഫ് ടുഡേയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ മോഹൻ വടയാർ. ഞൊടിയിട കൊണ്ട് വിവരങ്ങൾ കൈമാറിയിരുന്ന, അറബ് മണ്ണിെൻറ വിസ്മയങ്ങളെക്കുറിച്ച് അപൂർവമായ അറിവുകൾ സ്വന്തമായിരുന്ന അദ്ദേഹവുമായി അടുത്തയാഴ്ച മുതൽ സംസാരിക്കണമെങ്കിൽ കേരളത്തിലേക്ക് വിളിക്കണം.സൗദിയിലും യു.എ.ഇയിലുമായി 32 വർഷമായി മാധ്യമ പ്രവർത്തനം നടത്തി വരുന്ന മോഹൻജി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്.
കോട്ടയം വൈക്കത്തിനടുത്തുള്ള വടയാറിൽ ജനിച്ച മോഹന് വിദ്യാർഥിയായിരിക്കെ തന്നെ വിദ്യാഭ്യാസ വകുപ്പിൽ ജോലി ലഭിച്ചു. ജോലിക്ക് പോയ കണ്ണൂരിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി. വിദ്യാഭ്യാസം തുടരുകയും സെയിൽ ടാക്സ് വകുപ്പിലേക്ക് ജോലി മാറുകയും ചെയ്തു. അപ്പോഴും കലയും നാടക പ്രവർത്തനവും കൈവിട്ടില്ല. കേരളത്തിലെ നാടക പ്രേമികളുടെ ഇഷ്ട നാടകമായ കൃഷ്ണ പക്ഷത്തിലെ രാപ്പാടിയിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ഏറെ കാലം ആൾ ഇന്ത്യ റേഡിയോയിൽ അഭിനേതാവായിരുന്നു. ദൈവങ്ങളുറങ്ങിയ ഒരു സന്ധ്യ എന്ന കഥാ സമാഹാരം കഴിഞ്ഞ വർഷമാണ് പ്രകാശനം ചെയ്തത്.
സൗദി അറേബ്യയിലെ സൗദി ഗസറ്റിലാണ് മാധ്യമ പ്രവർത്തനം തുടങ്ങിയത്. പിന്നീട് ഷാർജയിൽ ഗൾഫ് ടുഡേയിലെത്തി. വിഖ്യാത മാധ്യമ പ്രവർത്തകൻ പി.വി. വിവേകാനന്ദെൻറ പ്രിയ സഹപ്രവർത്തകനായിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങൾ, വിദ്യാഭ്യാസ മേഖല, അറബ് സംസ്കാരം എന്നിവയെക്കുറിച്ചെല്ലാം എഴുതിയ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധേയമായി.
മറ്റു രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിൽ എത്തുന്ന മാധ്യമ പ്രവർത്തകർ വിവിധ വിഷയങ്ങളുടെ പശ്ചാത്തലങ്ങളറിയാൻ സമീപിച്ചിരുന്നതും മോഹൻജിയെ ആയിരുന്നു. തീരെ അപരിചതരോടും ഏറെ സൗമ്യമായി സംവദിച്ച് സുഹൃദ്ബന്ധം സൃഷ്ടിക്കും. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കണ്ടാൽ മുഖത്തു നോക്കിപ്പറഞ്ഞ് ശത്രുതയും സമ്പാദിക്കും^ മോഹൻജി എന്ന സഹോദര തുല്യനായ സഹപ്രവർത്തകെൻറ സ്വഭാവം അങ്ങിനെയാണെന്ന് ഗൾഫ്ടുഡേയിലെ മുതിർന്ന ഫോേട്ടാഗ്രാഫർ കമാൽ കാസിം പറയുന്നു.
18 വർഷം പിന്നിട്ട ഗൾഫ് ടുഡേ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയാലും എഴുത്ത് അവസാനിപ്പിക്കില്ല. കണ്ണൂർ അന്നൂരിലെ സ്വാതിവീണ എന്ന വീടിനടുത്ത് സ്വസ്ഥമായിരുന്ന് എഴുതാനാണ് പദ്ധതി. സ്വർണ ലതയാണ് ഭാര്യ. വീണയും കാവ്യയും മക്കൾ. വിനോദ് നമ്പ്യാർ, രഞ്ജിത് എന്നിവർ ജാമാതാക്കളും. മാധ്യമ^ സാഹിത്യ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുള്ള
മോഹൻജിക്ക് യു.എ.ഇയിലെ മാധ്യമ പ്രവർത്തകർ വിപുലമായ യാത്രയയപ്പും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.