മോയിൻകുട്ടി വൈദ്യർ അക്കാദമിക്ക് യു.എ.ഇയിൽ ഉപകേന്ദ്രം സ്ഥാപിക്കും
text_fieldsഡോ.ഹുസൈൻ രണ്ടത്താണിയും ഡോ. അബ്ബാസ് പനക്കലും
ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
ദുബൈ: കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലെ മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിക്ക് യു.എ.ഇയിൽ ഉപകേന്ദ്രം സ്ഥാപിക്കുമെന്ന് അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അറിയിച്ചു. അക്കാദമിയുടെ കീഴിലെ പ്രവർത്തനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഉപ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ് തുടങ്ങും. ഇവിടെ മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി, അറബി മലയാളം എന്നിവയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുമെന്നും അദ്ദേഹം ദുബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഉപകേന്ദ്രം വഴി കലാസാഹിത്യ രംഗത്ത് പ്രവാസികൾക്ക് മികച്ച പരിശീലനം നൽകി പരീക്ഷ നടത്തി കേരള സർക്കാറിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകും. ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം അടുത്ത ഫെബ്രുവരിയിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപകേന്ദ്രത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താനും ഭാരവാഹികളെ തെരഞ്ഞെടുക്കാനും സമിതിയെ നിയോഗിച്ചിട്ടുണ്ട്. എൻ.കെ. കുഞ്ഞുമുഹമ്മദ്, ശംസുദ്ദീൻ നെല്ലറ, ഡോ . അബ്ബാസ് പനക്കൽ, എം. അബ്ദുൽ അസീസ്, ടി. ജമാലുദ്ദീൻ, പി. എം. അബ്ദുറഷീദ് എന്നിവരാണ് സമിതി അംഗങ്ങൾ. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയുമായി സഹകരിച്ച് മലബാറുമായി ബന്ധപ്പെട്ട കൈയെഴുത്തു പ്രതികളുടെ സംരക്ഷണത്തിനും പരസ്പര കൈമാറ്റത്തിനുമുള്ള പദ്ധതിയും അക്കാദമിയുടെ കീഴിൽ ആരംഭിക്കുന്നുണ്ട്. ഇതിനായി ഇംഗ്ലണ്ടിലെ സറി സർവകലാശാലയിലെ ഡോ. അബ്ബാസ് പനക്കൽ ബ്രിട്ടീഷ് ലൈബ്രറിയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ഡോ.ഹുസൈൻ രണ്ടത്താണിയും ഡോ. അബ്ബാസ് പനക്കലും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.