കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ സംഘടനകൾക്കുള്ള ധനസഹായവും
text_fieldsഅബൂദബി: യു.എ.ഇയിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാജ്യത്തെ നിയമ സ്ഥാപനങ്ങളോട് നീതിന്യായ മന്ത്രാലയം. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ സംഘടനകൾക്കുള്ള ധനസഹായം, നിയമവിരുദ്ധ സംഘടനകൾക്ക് സാമ്പത്തിക സഹായം എന്നിവക്കെതിരെയുള്ള പോരാട്ടം യു.എ.ഇ ശക്തമായി തുടരുന്നതായും നിയമലംഘകർക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള യു.എ.ഇയുടെ ശ്രമങ്ങളുടെ ഭാഗമായി എക്‌സിക്യൂട്ടിവ്, മന്ത്രിസഭ തീരുമാനങ്ങൾ ഇതുസംബന്ധിച്ച് കർശന നിർദേശം നൽകുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ എല്ലാ അഭിഭാഷകരും അവരുടെ ഉത്തരവാദിത്തം നിർവഹിക്കേണ്ടതുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിെൻറ അപകടസാധ്യതകൾ തിരിച്ചറിയുകയും ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയും ഇടപാടുകൾ റിപ്പോർട്ട് ചെയ്യുകയും വേണം. പ്രസക്തമായ നിയമനിർമാണത്തിെൻറയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ സംശയമുള്ളവരെ സംബന്ധിച്ച രേഖകളും സൂക്ഷിക്കണം. ഇക്കാര്യത്തിൽ മന്ത്രാലയം അംഗീകരിച്ച നിയന്ത്രണങ്ങളുടെയും നടപടിക്രമങ്ങളുടെയും വെളിച്ചത്തിൽ നിലവിൽ ആവലാതികളില്ലാത്ത അഭിഭാഷകർക്കെതിരെ അടുത്തിടെ ഒട്ടേറെ കർശന നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. 200 നിയമ സ്ഥാപനങ്ങളെ ഒരു മാസത്തേക്ക് തൊഴിൽ ചെയ്യുന്നതിൽനിന്ന് സസ്‌പെൻഡ് ചെയ്തു.
കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ സ്ഥാപിച്ച നിയമ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഈ ഓഫിസുകൾ പരാജയപ്പെട്ടതായും കണ്ടെത്തിയിരുന്നു.തൊഴിലിൽ ഏർപ്പെടുന്നതിനുള്ള ലൈസൻസ് നിർത്തലാക്കുകയോ റദ്ദാക്കുകയോ ചെയ്യുക, 50,000 ദിർഹമിൽ കുറയാത്തതും 50 ലക്ഷം ദിർഹമിൽ കൂടാത്തതുമായ പിഴ ചുമത്തുക എന്നിവയും സമീപകാല ഉപരോധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നീതിന്യായ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത്തരം രാജ്യദ്രോഹ കുറ്റങ്ങൾക്കെതിരായ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിന് അടുത്തിടെ സുപ്രീം സമിതിക്കു രൂപം നൽകി.യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാെൻറ നേതൃത്വത്തിലാണ് സുപ്രീം സമിതി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.