അക്കൗണ്ടുകളിൽനിന്ന് പണംതട്ടൽ: സൗദിയിൽ ഇന്ത്യക്കാരുൾപ്പെടെ 23 പേർ പിടിയിൽ
text_fieldsദമ്മാം: ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണംതട്ടൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിലേർപ്പെട്ട സംഘത്തെ മക്ക മേഖല പൊലീസ് പിടികൂടി. ഇന്ത്യക്കാരും പാകിസ്താനികളുമാണ് സംഘത്തിലുള്ളത്.
23 പ്രതികളാണ് വലയിലായത്. ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് ഒ.ടി.പി നമ്പറുകൾ കരസ്ഥമാക്കി അക്കൗണ്ടുകളിൽനിന്ന് പണം തട്ടുകയാണ് രീതി.
ഇതിനായി ഉപയോഗിക്കുന്ന ഫോൺനമ്പറുകളും ബാങ്ക് അക്കൗണ്ടുകളും മറ്റുള്ളവരുടെ രേഖകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ചതാണ്. അതുകൊണ്ടുതന്നെ പണം നഷ്ടപ്പെടുന്നവർ പരാതിപ്പെടുന്നതോടെ നിരപാധികളായ ആളുകളാണ് കുടുങ്ങാറ്.
ഇത്തരത്തിൽ ചതിയിൽപെട്ട് നാട്ടിൽ പോകാൻപോലും കഴിയാതെ അലയുന്നവരെക്കുറിച്ച് കഴിഞ്ഞ ദിവസവും 'ഗൾഫ് മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിരവധി ആളുകളാണ് ഇവരുടെ വലയിൽപെട്ടുപോയത്. സൗദിയുടെ വിവിധ പ്രവിശ്യകളിൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് ദിനവും എത്തിക്കൊണ്ടിരുന്നത്.
ഇതിനെത്തുടർന്ന് പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിദ്ദയുടെ പരിസരപ്രദേശത്തുനിന്ന് സംഘത്തെ പൊലീസ് പിടികൂടിയത്.
വിജനമായ ഒരു പ്രദേശത്ത് തമ്പടിച്ചാണ് സംഘം സൗദിയിലാകെ തട്ടിപ്പ് നടത്തിയിരുന്നത്. വിവിധ ഭാഷകൾ അനായാസം കൈകാര്യംചെയ്യാൻ കഴിയുന്നവർകൂടിയാണ് സംഘത്തിലുള്ളത്. ഇവരിൽനിന്ന് 46 മൊബൈൽ ഫോണുകളും 59 സിം കാർഡുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
കോവിഡുകാലത്ത് ദീർഘമായി നാട്ടിൽ പെട്ടുപോയതിനുശേഷം തിരിച്ചെത്തിയതിന്റെ പിറ്റേദിവസമാണ് മലപ്പുറം സ്വദേശി ഫർഹാന്റെ പണം സംഘം തട്ടിയെടുത്തത്.
ദീർഘകാലം ഉപയോഗിക്കാതിരുന്നതിനാൽ അക്കൗണ്ട് പ്രവർത്തനരഹിതമായിരുന്നു. ഇത് ശരിയാക്കാൻ ബാങ്കിൽപോയി തിരികെവരുമ്പോഴാണ് ഫർഹാന് വിളിയെത്തിയത്. അതിനാൽ ഒരു സംശയവും തോന്നിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഈ അനുഭവമുണ്ടായത് കാരണം സുഹൃത്തായ സുബിനെ സമാനമായ തട്ടിപ്പിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞു.
മാധ്യമങ്ങളിലൂടെയുള്ള നിരന്തര ബോധവത്കരണമാണ് ഇത്തരം തട്ടിപ്പുകളിൽനിന്ന് കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്തിയത്.
ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നല്ലാതെ സിം വാങ്ങുന്നവരുടെ രേഖകളാണ് ഇവർ ദുരുപയോഗം ചെയ്യുന്നത്. ഈ രേഖകൾ ഉപയോഗിച്ചാണ് ഇവർ ഇഷ്ടാനുസരണം സിമ്മുകൾ സമ്പാദിച്ച് ആളുകളെ കുടുക്കുന്നത്.
കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.