കള്ളപ്പണം: 40 പേർക്ക് തടവും 8,600 ലക്ഷം ദിര്‍ഹം പിഴയും
text_fieldsഅബൂദബി: ഓഹരി വിപണികളിലൂടെ യു.എ.ഇയില്‍ കള്ളപ്പണം വെളുപ്പിക്കുകയും ഇടപാടുകാരെ വഞ്ചിക്കുകയും ചെയ്ത വിവിധ രാജ്യക്കാരായ 40 പേർക്ക് അഞ്ചു മുതല്‍ 10 വര്‍ഷം വരെ തടവും 8,600 ലക്ഷം ദിര്‍ഹം പിഴയും അബൂദബി ക്രിമിനല്‍ കോടതി വിധിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എട്ടു കമ്പനികള്‍ക്കെതിരെ 500 ലക്ഷം ദിര്‍ഹം പിഴയും കോടതി വിധിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന അബൂദബി ക്രിമിനല്‍ കോടതി കേസിലെ മുഖ്യപ്രതികളായ 23 പേര്‍ക്ക് 10 വര്‍ഷം തടവും 100 ലക്ഷം ദിര്‍ഹം വീതം പിഴയും വിധിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് 11 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും 100 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. പ്രതികളിലൊരാള്‍ക്ക് അഞ്ചു വര്‍ഷത്തെ തടവും 100 ലക്ഷം ദിര്‍ഹം പിഴയുമാണ് വിധിച്ചത്.
നിയമവിരുദ്ധമായി പണം സമ്പാദിച്ച അഞ്ചു പേര്‍ക്കെതിരെ ആറു മാസത്തെ തടവും 20,000 ദിര്‍ഹം വീതം പിഴയും വിധിച്ചു.17 ഇമറാത്തികള്‍, 16 ഇറാനികള്‍, രണ്ട് ഇന്ത്യക്കാര്‍, സൗദി അറേബ്യ, മൗറിത്താനിയ, അമേരിക്ക, ഗ്രീക്ക്, കൊമോറോസ് ദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പൗരന്മാരും അടങ്ങുന്ന 40 അംഗ സംഘത്തെക്കുറിച്ച് സുരക്ഷ ഏജൻറുമാര്‍ക്ക് സൂചന ലഭിച്ചിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പ്രതികള്‍ സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്നതായും ലൈസന്‍സില്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. 16 മുതല്‍ 18 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരില്‍ നിന്നും ഓഹരി ഉടമകളില്‍ നിന്നും സംഘം പണം സ്വീകരിച്ചത്.
സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ കച്ചവടം നടത്തുമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച സംഘം വ്യാജ പോര്‍ട്ട്ഫോളിയോയില്‍ ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇടപാടുകാരുടെ നിക്ഷേപങ്ങള്‍ 'ഫോയിന്‍'ഡിജിറ്റല്‍ കറന്‍സിയായി മാറ്റിയതായും സംഘം വെളിപ്പെടുത്തി. ഓഹരി നിക്ഷേപം പരിശോധിക്കാനുള്ള സൗകര്യം അനുവദിക്കാതിരുന്നതോടെയാണ് വ്യാജ നിക്ഷേപ പദ്ധതിയുമായി ഇരകള്‍ പരാതി സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.