മങ്കി പോക്സ്: യു.എ.ഇയിൽ ക്വാറന്‍റീൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
text_fieldsദുബൈ: യു.എ.ഇയിൽ മൂന്ന് മങ്കി പോക്സ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണമെന്നും അടുത്ത സമ്പർക്കം പുലർത്തിയവർ 21 ദിവസം ക്വാറന്‍റീനിൽ കഴിയണമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
വീട്ടിൽ ക്വാറന്‍റീനിൽ കഴിഞ്ഞാൽ മതിയാകും. അടുത്ത സമ്പർക്കം പുലർത്തുന്നവർ ഹോം ഐസൊലേഷൻ പാലിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഉറപ്പുവരുത്തുകയും അവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യും. ജനങ്ങൾ രോഗം സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
മേയ് 24നാണ് യു.എ.ഇയിൽ ആദ്യ മങ്കി പോക്സ് സ്ഥിരീകരിച്ചത്. യു.എസിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. നിലവിൽ നാല് കേസുകളാണ് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്.
പനി, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവയാണ് മങ്കി പോക്സിന്‍റെ ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്. രോഗം ഗുരുതരമായാൽ മുഖത്തും കൈകളിലും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകൾ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. സാധാരണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലാതെ രണ്ടോ നാലോ ആഴ്ചകൾക്കകം രോഗം ഭേദമാകാറുണ്ട്. എന്നാൽ ആറ് ശതമാനം കേസുകളിൽ ഇത് മാരകമാകാറുണ്ട്. അതുപോലെ കുട്ടികളിലും ഇത് കൂടുതൽ ഗുരുതരമാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.