അമ്പിളിയുടെ ‘ഒളിച്ചുകളി’ ഇന്ന്; കൺപാർക്കാം ദൃശ്യവിസ്മയം
text_fieldsഅബൂദബി: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ ചന്ദ്രഗ്രഹണം നിരീക്ഷിക്കാൻ മികച്ച സൗകര്യങ്ങളൊരുക്കി യു.എ.ഇ ബഹിരാകാശ ഏജൻസി. യു.എ.ഇയിലെ വിവിധ ജ്യോതിശാസ്ത്ര കേന്ദ്രങ്ങളിലെ നിരീക്ഷണ സൗകര്യങ്ങൾ രാജ്യത്തെ ജനങ്ങൾക്കായി സ്പോൺസർ ചെയ്താണ് ബഹിരാകാശ ഏജൻസി രംഗത്തെത്തിയത്. സവിശേഷ ബഹിരാകാശ പ്രതിഭാസമായ സമ്പൂർണ ചന്ദ്രഗ്രഹണം ദർശിക്കാൻ രാജ്യത്തെ ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ ജനങ്ങളെ സ്വാഗതം ചെയ്തു.
അബൂദബിയിലെ ഇൻറർനാഷനൽ അസ്ട്രോണമി സെൻറർ (െഎ.എ.സി), എമിറേറ്റ്സ് മൊബൈൽ ഒബ്സർവേറ്ററി, അൽ സദീം അസ്ട്രോണമി, ഷാർജ സെൻറർ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ്, ദുബൈ അസ്ട്രോണമി ഗ്രൂപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ അത്യാധുനിക ദൂരദർശിനികളിലൂടെ ചന്ദ്രഗ്രഹണം വ്യക്തമായി വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിൽ ദുബൈ അസ്ട്രോണമി ഗ്രൂപ്പ് ദുബൈ മുഷ്രിഫ് പാർക്കിലെ അൽ തുറായ അസ്േട്രാണമി സെൻററിൽ ഒരുക്കുന്ന നിരീക്ഷണ പരിപാടിയിലൊഴിച്ച് മറ്റുള്ളതിലെല്ലാം സൗജന്യമായി പെങ്കടുക്കാം.
അൽ തുറായ അസ്േട്രാണമി സെൻററിൽ മുതിർന്നവർക്ക് 200 ദിർഹവും 15 വയസ്സിന് താഴെയുള്ളവർക്ക് 125 ദിർഹവുമാണ് ടിക്കറ്റ് നിരക്കെന്ന് ദുബൈ അസ്ട്രോണമി ഗ്രൂപ്പിെൻറ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. https://www.q-tickets.com/uae/events/Total_Lunar_Eclipse ലിങ്കിൽ ക്ലിക്ക് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. െഎ.എ.സി സംഘടിപ്പിക്കുന്ന നിരീക്ഷണ പരിപാടി അബൂദബി നാഷനൽ ഒായിൽ കമ്പനി (അഡ്നോക്) കെട്ടിടത്തിന് എതിർവശത്ത് കോർണിഷിലായിരിക്കും നടക്കുക. രാത്രി എട്ടിന് ഗ്രഹണങ്ങളെ കുറിച്ചും ഗ്രഹങ്ങളെ കുറിച്ചുമുള്ള ക്ലാസുകളോടെ പരിപാടി ആരംഭിക്കും.
എമിറേറ്റ്സ് മൊബൈൽ ഒബ്സർവേറ്ററി അബൂദബി മറീന മാളിന് മുന്നിലായിരിക്കും നിരവധി അത്യാധുനിക ദൂരദർശിനികൾ ഉപേയാഗിച്ചുള്ള നിരീക്ഷണവും വലിയ സ്ക്രീനിലെ പ്രദർശനവും സംഘടിപ്പിക്കുക.
മൊബൈൽ നിരീക്ഷണ വാഹനങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. അബൂദബി അൽ വത്ബ സൗത്തിലെ അൽ സദീം അസ്ട്രോണമിയിലും സൗജന്യ നിരീക്ഷണം നടത്താം. വെള്ളിയാഴ്ച രാത്രി എട്ട് മുതൽ ശനിയാഴ്ച പുലർച്ചെ മൂന്ന് വരെയാണ് ഇവിടെ ചന്ദ്രഗ്രഹണ നിരീക്ഷണത്തിനുള്ള സമയം. ഷാർജ സെൻറർ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസിൽ (എസ്.സി.എ.എസ്.എസ്) വെള്ളിയാഴ്ച രാത്രി പത്ത് മുതൽ ശനിയാഴ്ച പുലർച്ചെ രണ്ട് വരെയാണ് നിരീക്ഷണ സൗകര്യം.
വെള്ളിയാഴ്ചയിലെ ഗ്രഹണം ദർശിക്കുന്നതിന് ലോകത്തെ മികച്ച പ്രദേശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് ഗൾഫ് മേഖലയാണെന്നതും യു.എ.ഇയിലുള്ളവർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. വെള്ളിയാഴ്ച വാരാന്ത്യ അവധിയാണെന്നതും രാജ്യത്തെ ജനങ്ങൾക്ക് അനുഗ്രഹമാകും. ദേശീയ ബഹിരാകാശ മേഖലയെയും രാജ്യത്ത് സമൃദ്ധമായ അത്യാധുനിക ജ്യോതിശാസ്ത്ര കേന്ദ്രങ്ങളെയും അവയുടെ ലോകോത്തര സംവിധാനങ്ങളെയും കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തിെൻറ അടിസ്ഥാനത്തിലാണ് ഇത്തരം പ്രതിഭാസങ്ങൾ കാണാനുള്ള സൗകര്യം സ്പോൺസർ ചെയ്യുന്നതെന്ന് യു.എ.ഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ആൽ അഹ്ബാബി വ്യക്തമാക്കി.
നമ്മുടെ സജീവമായ ദേശീയ ബഹിരാകാശ മേഖലയിലേക്ക് വെളിച്ചം വീശാനുള്ള പ്രധാനപ്പെട്ട അവസരമാണ് ഇൗ ആഗോള പ്രതിഭാസം. മുൻ കാലങ്ങളിൽ ഇത്തരം നിരീക്ഷണ പരിപാടികൾ സംഘടിപ്പിച്ചേപ്പാൾ ജനങ്ങളിൽ പൊതുവെയും യുവജനങ്ങളിൽ സവിേശഷമായും കണ്ട ജനകീയത ഇൗ പ്രത്യേക അവസരത്തിൽ ജനങ്ങൾക്ക് സൗകര്യങ്ങളൊരുക്കുന്നതിന് ഏജൻസിയെ പ്രോത്സാഹിപ്പിക്കുന്നു. ബഹിരാകാശ മേഖലയിൽ ചേരുന്നതിനും ശാസ്ത്രം, എൻജിനീയറിങ് തുടങ്ങിയവ പഠിക്കുന്നതിനും നമ്മുടെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പരിപാടികൾ സ്പോൺസർ ചെയ്യുന്നത് മുഖ്യ പങ്ക് വഹിക്കുന്നുവെന്നും ഡോ. മുഹമ്മദ് ആൽ അഹ്ബാബി പറഞ്ഞു.
ചന്ദ്രഗ്രഹണ സമയത്ത് മറ്റു നിരവധി ഗ്രഹങ്ങളെയും കാണാൻ സാധിക്കുമെന്ന് ഇൻറർനാഷനൽ അസ്ട്രോണമികൽ സെൻറർ ഡയറക്ടർ മുഹമ്മദ് ശൗക്കത്ത് ഒൗദ് പറഞ്ഞു. സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളെ കാണാനുള്ള ഇൗ വർഷത്തെ ഏറ്റവും മികച്ച സമയമാണിത്. സൂര്യാസ്തമയത്തിന് ശേഷം തിളങ്ങുന്ന വെളുത്ത നിറത്തിൽ പടിഞ്ഞാറ് ഭാഗത്ത് ശുക്രൻ പ്രത്യക്ഷമാകും. തെക്കുപടിഞ്ഞാറൻ ഭാഗത്ത് വ്യാഴത്തെ കാണാം. ദൂരദർശിനിയിലൂടെ വ്യാഴത്തിെൻറ നാല് ഉപഗ്രഹങ്ങളും സവിശേഷമായ ചുവന്ന കലയും ഇക്വിറ്റോറിയൽ ബെൽറ്റുകളും കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയെ തെക്കു ഭാഗത്ത് കാണാൻ കഴിയും. ദൂരദർശിനിയിലൂടെ ഇതിെൻറ വലയങ്ങളും പട്ടകളും ദൃശ്യമാകും. ചന്ദ്രഗ്രഹണ സമയത്ത് ചൊവ്വാഗ്രഹത്തെ നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കാം. തിളങ്ങുന്ന ഒാറഞ്ച് നിറത്തിൽ കിഴക്ക് ഭാഗത്തായിരിക്കും ചൊവ്വ പ്രത്യക്ഷമാകുന്നതെന്ന് മുഹമ്മദ് ശൗക്കത്ത് ഒൗദ് വിശദീകരിച്ചു. വെള്ളിയാഴ്ച നടക്കുന്ന ചന്ദ്രഗ്രഹണ സമയത്ത് ചൊവ്വ നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥാനത്തായിരിക്കുമെന്ന് എമിറേറ്റ്സ് മൊബൈൽ ഒബ്സർവേറ്ററി പ്രസിഡൻറ് നിസാർ സല്ലം അഭിപ്രായപ്പെട്ടു. സമ്പൂർണ ചന്ദ്രഗ്രഹണം വീക്ഷിക്കാൻ അബൂദബി പൊലീസും ജനങ്ങളെ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.