യു.എ.ഇയിൽ ക്രിപ്റ്റോ കറൻസിയിൽ ശമ്പളം നൽകാൻ കൂടുതൽ കമ്പനികൾ
text_fieldsദുബൈ: യു.എ.ഇയിൽ ക്രിപ്റ്റോ കറൻസിയെ ശമ്പള പാക്കേജിന്റെ ഭാഗമാക്കാനൊരുങ്ങി കൂടുതൽ കമ്പനികൾ. ക്രിപ്റ്റോ കറൻസിയിൽ ശമ്പളം അനുവദിക്കണമെന്ന ചരിത്രപരമായ വിധി അടുത്തിടെ ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ കമ്പനികൾ ഉൾപ്പെടെ ശമ്പള പാക്കേജിൽ ക്രിപ്റ്റോ കറൻസിയും ഉൾപ്പെടുത്താൻ ആലോചിക്കുന്നത്. വരുംവർഷങ്ങളിൽ ഇത് പ്രാവർത്തികമാക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ക്രിപ്റ്റോ കറൻസികളിൽ ശമ്പളം വാങ്ങുന്നവർ ഊഹക്കച്ചവടങ്ങളിൽ ഏർപ്പെടരുതെന്നും വരുമാനത്തിന്റെ വലിയ ഭാഗം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കരുതെന്നും വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ക്രിപ്റ്റോ കറൻസികൾ അസ്ഥിരമായ നിക്ഷേപങ്ങളായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്.
അതുകൊണ്ടു തന്നെ പ്രതിമാസ വരുമാനത്തിന്റെ വലിയൊരു ഭാഗം ക്രിപ്റ്റോ ആയി സൂക്ഷിക്കുന്നത് വിലയിടിയുമ്പോൾ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
എങ്കിലും തൊഴിൽ കരാറിൽ പരാമർശിച്ച പ്രകാരം ജീവനക്കാരന് ശമ്പളം ക്രിപ്റ്റോ കറൻസിയിലും ദിർഹമിലും നൽകണമെന്ന ദുബൈ കോടതി വിധി ഈ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പുതിയ സാമ്പത്തികവ്യവസ്ഥ എന്ന നിലയിൽ പുരോഗനമപരമായ സമീപനമാണിതെന്നാണ് കോടതിയുടെ പരാമർശം.
നിലവിൽ ആഗോള തലത്തിൽ നിരവധി ടെക് കമ്പനികൾ ശമ്പളത്തിന്റെ ഒരു ഭാഗം ക്രിപ്റ്റോ കറൻസിയായി നൽകുന്നുണ്ട്. ഈ പ്രവണത യു.എ.ഇയിലേക്കും വ്യാപിക്കുകയാണ്. ടെക് കമ്പനികൾ സാമ്പത്തിക പാക്കേജിന്റെ ഭാഗമെന്ന നിലയിൽ ക്രിപ്റ്റോ കറൻസി കൂടാതെ ആഗോള തലത്തിൽ വലിയ സ്വീകാര്യതയാണ് നേടുന്നതെന്നാണ് മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്.
ക്രിപ്റ്റോയുടെ സ്വീകാര്യത യു.എ.ഇയിൽ ദിനംപ്രതി വർധിക്കുകയാണ്. വൈകാതെ ചെറുകിട ഇടപാടുകളും ഓൺലൈൻ പർച്ചേസിങ്ങും ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് നടത്താനാവും. വൻകിട നിർമാതാക്കൾ പേമെന്റിനായി ക്രിപ്റ്റോ കറൻസിയെ സ്വീകരിച്ചുവരുന്നുണ്ട്.
ക്രിപ്റ്റോ കറൻസി ഇടപാടുകളിന്മേലുള്ള നിയന്ത്രണങ്ങളും നിയമങ്ങളും അംഗീകരിക്കുന്നതോടെ ഇതിന്റെ ഉപയോഗം വ്യാപകമാകുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.