റാസല്‍ഖൈമയിൽ കൂടുതലിടത്ത് ഇ.വി ചാര്‍ജിങ് സ്റ്റേഷൻ
text_fieldsറാസല്‍ഖൈമ: റാസല്‍ഖൈമയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി (റാക്ട) കരാറില്‍ ഒപ്പുവെച്ച് യു.എ.ഇ ദേശീയ കമ്പനിയായ യു.എ.ഇ-വി. സ്റ്റേഷനുകളുടെ നിർമാണവും അറ്റകുറ്റപ്പണിയും മുതല്‍ ഡേറ്റ മാനേജ്മെന്റിന് ആവശ്യമായ സാങ്കേതിക വിദ്യ നല്‍കുന്നതുവരെയുള്ള എല്ലാ വശങ്ങളും മേല്‍നോട്ടം വഹിക്കുന്നതാണ് കരാറിലെ വ്യവസ്ഥകള്‍.
ചാര്‍ജിങ് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും എളുപ്പത്തിലുള്ള കണക്ടിവിറ്റി ഉറപ്പാക്കാന്‍ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് കരാറില്‍ ഒപ്പുവെച്ച് യു.എ.ഇ-വി ബോര്‍ഡ് അംഗം എൻജിനീയര്‍ യൂസഫ് അഹമ്മദ് അല്‍ അലിയും റാക്ട ഡയറക്ടര്‍ ജനറല്‍ മാനേജര്‍ എൻജിനീയര്‍ ഇസ്മായില്‍ ഹസന് അല്‍ ബലൂഷിയും പറഞ്ഞു.
യു.എ.ഇയുടെ നെറ്റ് സീറോ സ്ട്രാറ്റജിയെ പിന്തുണക്കുന്നതും രാജ്യത്തുടനീളമുള്ള പ്രധാന മേഖലകളെ ലക്ഷ്യമിടുന്ന വിവിധ പദ്ധതികളിലൂടെ സുസ്ഥിര മൊബിലിറ്റി മുന്നോട്ട് നയിക്കുന്നതിനും യു.എ.ഇ-വി പ്രതിജ്ഞാബദ്ധമാണെന്ന് യൂസഫ് അഹമ്മദ് വ്യക്തമാക്കി.
റാക്ടയുമായുള്ള സഹകരണം എമിറേറ്റില്‍ ഗതാഗത മേഖലയിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സഹായിക്കും. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നൂതനമായ സൗകര്യങ്ങള്‍ വികസിപ്പിച്ച് ഇ.വികളുടെ ഉപയോഗം എളുപ്പമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും യൂസഫ് തുടര്‍ന്നു.
2050ഓടെ യു.എ.ഇയുടെ കാലാവസ്ഥ ന്യൂട്രാലിറ്റി സ്ട്രാറ്റജി കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് യു.എ.ഇ-വിയുമായി സഹകരണം വര്‍ധിപ്പിക്കുന്നതിന് റാക്ട പ്രതിജ്ഞബദ്ധമാണെന്ന് എൻജിനീയര്‍ ഇസ്മായില്‍ ഹസന് അല്‍ ബലൂഷി അഭിപ്രായപ്പെട്ടു.
റാക്ടയുടെ ഗ്രീന്‍ മൊബിലിറ്റി സ്ട്രാറ്റജി 2023-2040 നടപ്പാക്കുന്നതിന് സഹകരണം വേഗം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ സർക്കാറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള യു.എ.ഇ-വി ഊര്‍ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം (എം.ഒ.ഇ.ഐ), ഇത്തിഹാദ് വാട്ടര്‍ ആൻഡ് ഇലക്ട്രിസിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.