ഷാര്‍ജയില്‍ കൂടുതൽ ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും
text_fieldsഷാര്‍ജ: എമിറേറ്റിൽ വൈദ്യുതി വാഹനങ്ങൾക്ക് കൂടുതൽ അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ). ഇതിനായി എമിറേറ്റിലെ പരിസ്ഥിതി സംരക്ഷണ സംരംഭമായ ബീഅയും ഷാര്‍ജ എസ്.ആര്.ടി.എയും സഹകരിക്കാൻ ധാരണയായി. നഗരത്തിലും തീരദേശ മേഖലകളിലും നൂറിലധികം അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി.
2050ഓടെ വൈദ്യുതി വാഹനങ്ങളുടെ ആഗോള വിപണിയായി യു.എ.ഇയെ മാറ്റാനും മൊത്തം വാഹനങ്ങളില്‍ 50 ശതമാനം ഇ.വിയിലേക്ക് മാറ്റാനുമുള്ള ദേശീയ വൈദ്യുതി വാഹന നയത്തിന് അനുസൃതമായി ഇ.വി ചാര്‍ജിങ് ശൃംഖല വിപുലീകരിക്കുകയാണ് ലക്ഷ്യം. ചാര്‍ജിങ് സ്റ്റേഷനുകള്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ആര്.ടി.എ. ചെയര്മാന് ഡോ. എന്‍ജിനിയര്‍ യൂസുഫ് ബിൻ ഖമീസ് മുഹമ്മദ് അഥ്മനിയും അദ്ദേഹത്തിന്റെ പ്രതിനിധികളും ബീഅ ഗ്രൂപ് സി.ഇ.ഒയും വൈസ് ചെയര്‍മാനുമായ ഖാലിദ് അല്‍ ഹുറൈമലുമായും ബീഅയിലെ ഉന്നത ഉദ്യോഗസ്ഥരുമായും ബീഅ ആസ്ഥാനത്ത് ചര്‍ച്ച നടത്തി.
ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം ഈരംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കാനുമാണ് പദ്ധതി. പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഊര്‍ജം ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന സംരംഭമാണിതെന്ന് യൂസുഫ് ഖാമിസ് മുഹമ്മദ് പറഞ്ഞു. വര്‍ധിച്ചുവരുന്ന ഇ.വി വാഹനങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിൽ പദ്ധതി നിര്‍ണായകമാകും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.
ഇ.വി ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അനുയോജ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും അല്‍ ഹുറൈമല്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.