പൊതുമാപ്പ് സേവനങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥർ
text_fieldsദുബൈ: ദുബൈയിൽ പൊതുമാപ്പ് തേടുന്നവരുടെ എണ്ണം വർധിച്ചതോടെ സേവനം നൽകാനായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ).
യു.എ.ഇ പൊതുമാപ്പ് അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കെ വിസ നിയമവിധേയമാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ദുബൈ അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലേക്ക് വലിയതോതിൽ പ്രവാസികളാണ് എത്തിയത്.
ഒക്ടോബർ 31നാണ് പൊതുമാപ്പ് കാലാവധി അവസാനിക്കുന്നത്. ഇതുവരെ തങ്ങളുടെ വിസ നിയമവിധേയമാക്കാത്ത നിയമലംഘകർ ഏറ്റവും വേഗത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. വിസ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജി.ഡി.ആർ.എഫ്.എ കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലഫ്. കേണൽ സലിം ബിൻ അലി പറഞ്ഞു.
മുൻകാല പൊതുമാപ്പിന്റെ അനുഭവത്തിൽ അവസാന നാളുകളിൽ വലിയരീതിയിലുള്ള ആളുകളെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതിനാലാണ് ഓഫിസർമാരുടെ എണ്ണം ഇരട്ടിയാക്കിയത്. അന്തിമ തീയതിക്കുശേഷം നിയമലംഘകർക്ക് ഒരു ഇളവും നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഔട്ട് പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകണം. ഔട്ട്പാസ് മുഖേന സ്വദേശത്തേക്ക് മടങ്ങിയ വിദേശികൾക്ക്, തിരികെ യു.എ.ഇയിലേക്ക് പ്രവേശിക്കാൻ വിലക്കില്ല. എപ്പോൾ വേണമെങ്കിലും അവർക്ക് തിരികെ വരാമെന്ന് അദ്ദേഹം ആവർത്തിച്ചു.
എമിറേറ്റ്സ് ഐഡി കൈവശമുള്ള അനധികൃതമായി തങ്ങുന്നവർ നേരിട്ട് ആമർ സെന്ററിലെത്തി ഔട്ട് പാസിന് അപേക്ഷ നൽകാം. എന്നാൽ, എമിറേറ്റ്സ് ഐഡി ഇല്ലാത്തവർക്ക് അൽ അവീർ സെന്ററിൽ വിരലടയാളം എടുത്തതിനുശേഷം ആമർ സെന്ററിൽ പോയി എക്സിറ്റ് പാസിന് അപേക്ഷ നൽകണം.
അവർക്ക് മൂന്നു ദിവസത്തിനുള്ളിൽ ഔട്ട് പാസ് ലഭ്യമാക്കുമെന്നും ശേഷിക്കുന്ന ദിവസങ്ങളിൽ ആളുകൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ലഫ്: കേണൽ വ്യക്തമാക്കി. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് അൽ അവിർ സെന്ററിന്റെ പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.