കൂടുതൽ ചെറുവിമാനങ്ങൾ എത്തും; ബദൽ മാർഗം തേടി യാത്രക്കാർ
text_fieldsദുബൈ: ഇന്ത്യക്കാർക്കുള്ള യാത്രവിലക്ക് അനിശ്ചിതമായി നീളുന്നതോടെ യു.എ.ഇയിലെത്താൻ ബദൽ വഴി തേടി പ്രവാസികൾ. അടുത്ത ദിവസങ്ങളിലായി കൂടുതൽ ചെറുവിമാനങ്ങൾ ദുബൈയിലേക്ക് എത്തും. അർമീനിയ വഴി യു.എ.ഇയിലേക്കുള്ള പാക്കേജുകളും ഉടൻ തുടങ്ങും.യു.എ.ഇയിലേക്ക് ചാർട്ടർ ചെയ്ത് വരുന്ന വിമാനങ്ങളിൽ എത്താവുന്നവരുടെ പരമാവധി എണ്ണം എട്ടായി പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം 13 പേർ വരെ ചെറുവിമാനത്തിൽ എത്തിയിരുന്നു.
ഇതിനു ശേഷമാണ് എട്ടു പേരായി നിജപ്പെടുത്തി അധികൃതർ ഉത്തരവിറക്കിയത്. എട്ടു പേരുമായി വരുന്ന ആദ്യ വിമാനം ഇന്ന് കൊച്ചിയിൽനിന്ന് പുറപ്പെടും. ദുബൈ അൽമക്തൂം വിമാനത്താവളത്തിലാണ് ഇറങ്ങുന്നത്. രാവിലെ 7.15നാണ് മൂന്നു വനിതകൾ ഉൾപ്പെടെയുള്ള യാത്രക്കാരുമായി c680 വിമാനം കൊച്ചിയിൽനിന്ന് പുറപ്പെടുന്നത്. കൊച്ചിയിൽനിന്ന് ഈ മാസം 23നും ഈ വിമാനം എട്ടുപേരുമായി സർവിസ് നടത്തുന്നുണ്ട്. മറ്റന്നാൾ മുംബൈയിൽനിന്നും അടുത്ത ദിവസങ്ങളിൽ ഡൽഹിയിൽനിന്നും സമാനമായ സർവിസുണ്ടാകും.
20,500 ദിർഹം മുതലാണ് നിരക്ക്.അർമീനിയയിൽ നിന്നുള്ളവർക്ക് യു.എ.ഇയിലേക്ക് യാത്രവിലക്കില്ലാത്തതിനാൽ 22 മുതൽ ഈ വഴിയുള്ള പാക്കേജും തുടങ്ങുന്നുണ്ട്. അർമീനിയയിൽ 14 ദിവസത്തെ ക്വാറൻറീനും പി.സി.ആർ പരിശോധനയും ഉൾപ്പെടെയാണ് പാക്കേജ്. 5000- 6000 ദിർഹമാണ് ടിക്കറ്റടക്കം നിരക്ക്.ഉയർന്ന നിരക്ക് നൽകിയാണെങ്കിലും എങ്ങനെയെങ്കിലും യു.എ.ഇയിൽ എത്തിയാൽ മതിയെന്ന് ആഗ്രഹിക്കുന്നവരാണ് ഈ വഴി നോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.