ഷാർജ റോഡുകളിൽ കൂടുതൽ സ്മാർട്ട് കാമറകൾ
text_fieldsഷാർജ: ലൈൻ മാറ്റവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ എമിറേറ്റിലെ പ്രധാന റോഡുകളിൽ സ്മാർട്ട് കാമറകൾ സ്ഥാപിക്കുമെന്ന് ഷാർജ പൊലീസ് അറിയിച്ചു. ഇതിന്റെ ആദ്യഘട്ടം കാമറകൾ ഈ ആഴ്ച അവസാനത്തോടെ അൽ ബുദൈയ പാലത്തിന് താഴെ സ്ഥാപിക്കും. ദുബൈയിലേക്കുള്ള എക്സിറ്റിലായിരിക്കും പുതിയ സാങ്കേതിക വിദ്യ സ്ഥാപിക്കുകയെന്ന് ഷാർജ ട്രാഫിക് ആൻഡ് പട്രോളിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലയ് അൽ നഖ്ബി പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയെന്ന ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറകിന്റെ നിർദേശപ്രകാരമാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിൽ സ്മാർട്ട് കാമറകൾ സ്ഥാപിക്കുന്നതു വഴി മറ്റ് ഏരിയകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പട്രോളിങ് ടീമിനെ സ്വതന്ത്രമാക്കുകയും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലും പ്രതികരണത്തിലുമുള്ള കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ട്രാഫിക് നിയന്ത്രിക്കുന്നതിനും തെറ്റായ ലൈൻ മാറ്റം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. അൽ സുയോഹിൽനിന്ന് ശൈഖ് ഖലീഫ സ്ട്രീറ്റിലേക്ക് യാത്ര ചെയ്യുന്നവരുടെ പരാതികൾ പരിഹരിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് അൽ ബുദയ്യ പാലത്തിനടുത്ത് സ്മാർട്ട് കാമറകൾ സ്ഥാപിക്കുന്നത്. രാവിലെ എമിറേറ്റ്സ് റോഡിലേക്കുള്ള ഗതാഗത കുരുക്ക് നിയന്ത്രിക്കാനാണ് ഇവിടെ കാമറ സ്ഥാപിക്കുന്നത്.
തെറ്റായ ലൈൻ മാറ്റം മൂലം ശൈഖ് ഖലീഫ സ്ട്രീറ്റിലേക്കുള്ള യാത്ര കൂടുതൽ തിരക്കേറിയതാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. തെറ്റായ രീതിയിൽ ലൈൻ മാറിയാൽ 400 ദിർഹമാണ് പിഴ. മഞ്ഞ ലൈനുകളിൽ പാർക്ക് ചെയ്യുന്നവർക്ക് 500 ദിർഹമും പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.