‘സെപ’ കരാറിന് കൂടുതൽ രാജ്യങ്ങൾ
text_fieldsദുബൈ: എണ്ണയിതര വ്യാപാര മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് യു.എ.ഇ കൂടുതൽ രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക സഹകരണ കരാറിന്(സെപ) ഒരുങ്ങുന്നു. നിലവിൽ ഇന്ത്യ, ഇസ്രായേൽ, തുർക്കിയ, ഇന്തോനേഷ്യ, കമ്പോഡിയ, ജോർജിയ എന്നിവരുമായാണ് കരാർ ഒപ്പിട്ടിട്ടുള്ളത്. നിരവധി രാജ്യങ്ങളുമായി സഹകരണ കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. കരാറിന് കീഴിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറീഷ്യസ് വൈകാതെ ധാരണപത്രത്തിൽ ഒപ്പിടുമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ വിദേശ വ്യപാര സഹമന്ത്രി ഡോ. ഥാനി അൽ സയൂദി സൂചന നൽകി. കഴിഞ്ഞ നാലുമാസമായി മൊറീഷ്യസുമായി ചർച്ചകൾ നടന്നുവരുകയായിരുന്നുവെന്നും കരാറിനുള്ള നിബന്ധനകളിൽ ധാരണയായതായും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
വ്യാപാരവും നിക്ഷേപത്തിന്റെ ഒഴുക്കും ശക്തിപ്പെടുത്തുകയും സ്വകാര്യ മേഖലയിൽ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുകയുമാണ് ‘സെപ’ കരാറുകൾ വഴി ലക്ഷ്യമിടുന്നത്. ആദ്യമായി ‘സെപ’യിൽ ഒപ്പുവെച്ചത് കഴിഞ്ഞ വർഷം ഇന്ത്യയായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരത്തിൽ വലിയ കുതിച്ചു ചാട്ടമാണ് അടയാളപ്പെടുത്തിയത്. കൂടുതൽ രാജ്യങ്ങളുമായി ധാരണയിലെത്തുന്നതോടെ അന്താരാഷ്ട്ര തലത്തിലെ വ്യാപാരത്തിന്റെ കേന്ദ്രമെന്ന യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടും.
26 രാജ്യങ്ങളുമായി ‘സെപ’ കരാർ ഒപ്പിടുന്നതിനാണ് യു.എ.ഇ ലക്ഷ്യംവെക്കുന്നത്. 2031ഓടെ നാലു ലക്ഷം കോടി ദിർഹം വിദേശ വ്യാപാരവും 2030ഓടെ സമ്പദ്വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കലുമാണ് ലക്ഷ്യമിടുന്നത്. യു.എ.ഇയുടെ എണ്ണയിതര വിദേശ വ്യാപാരം ഈ വർഷം ആദ്യപകുതിയിൽ റെക്കോഡ് സംഖ്യയായ 1.24 ലക്ഷം കോടി ദിർഹത്തിലെത്തിയിട്ടുണ്ട്. ഒരു വർഷത്തിനകം 14.4 ശതമാനം ഉയർച്ചയാണ് ഇക്കാര്യത്തിൽ അടയാളപ്പെടുത്തിയത്. മൊറീഷ്യസും യു.എ.ഇയും തമ്മിലെ ‘സെപ’ ഇരു രാജ്യങ്ങളും ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ നിലവിൽ വരും. ഹെൽത്ത്കെയർ, ടൂറിസം, ഫിൻടെക് മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ കരാർ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.