‘പൊലീസ് ഐ’ വഴി ജനങ്ങൾ കൈമാറിയത് ലക്ഷത്തിലേറെ വിവരങ്ങൾ
text_fieldsദുബൈ: പൊതുജനങ്ങൾക്ക് പൊലീസിന് വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ‘പൊലീസ് ഐ’ ആപ്ലിക്കേഷൻ ഉപയോഗിച്ചവരുടെ എണ്ണം ലക്ഷം കടന്നു. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ ആപ്പിൽ ലഭിച്ച വിവരങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന് പുറത്തുനിന്ന് ‘പൊലീസ് ഐ’ വഴി ലഭിച്ച വിവരങ്ങളാണ് മയക്കുരുന്ന് കടത്തുകാരെയും മാഫിയ ശൃംഖലകളെയും പിടികൂടാൻ സഹായിച്ചതെന്ന് മേജർ ജനറൽ ഈദ് മുഹമ്മദ് ഥാനി ഹാരിബ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 1,08,100 വിവരങ്ങളാണ് ‘പൊലീസ് ഐ’ ആപ്പ് വഴി പൊതുജനങ്ങൾ നൽകിയത്. ട്രാഫിക് സംബന്ധിച്ച വിവരങ്ങൾ, സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മനുഷ്യക്കടത്ത് എന്നിങ്ങനെ വിവിധ മേഖലകളിലെ വിവരങ്ങൾ പങ്കുവെച്ചതിൽ ഉൾപ്പെടും. ഇവയിൽ 61,287 ക്രിമിനൽ റിപ്പോർട്ടുകളും 46,813 ട്രാഫിക് സംബന്ധമായ റിപ്പോർട്ടുകളും ഉൾപ്പെടും. എമിറേറ്റിൽ സുരക്ഷയും നിയമപാലനവും പ്രോത്സാഹിപ്പിക്കുന്നതിൽ സമൂഹത്തിന്റെ സജീവമായ പങ്കാണ് ഇക്കാര്യം എടുത്തുകാണിക്കുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങൾ കുറക്കുന്നതിനും ‘പൊലീസ് ഐ’ ആപ്പിൽ ലഭിക്കുന്ന വിവരങ്ങൾ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
അശ്രദ്ധമായി വാഹനമോടിക്കുന്ന സ്ഥലങ്ങളെ കുറിച്ച വിവരങ്ങൾ ഇതുവഴി ലഭിച്ചിട്ടുണ്ട്. മാത്രമല്ല, കുടുംബങ്ങൾക്ക് വേണ്ടിയുള്ള വിനോദസ്ഥലങ്ങളിൽ യുവാക്കളുടെ അതിക്രമ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോക്തൃ സൗഹൃദ സ്വഭാവമാണ് ആപ്പിനുള്ളതെന്നും ആപ്ലിക്കേഷൻ ഉപയോഗിക്കുന്നയാളുടെ വ്യക്തിഗത വിവരങ്ങളൊന്നും നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. ദുബൈയിലെ താമസക്കാരും പൗരന്മാരും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പൂർണമായും രഹസ്യമായിരിക്കും.
കഴിഞ്ഞ വർഷങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ ദുബൈ പൊലീസിലെ ജനങ്ങളുടെ വർധിച്ചുവരുന്ന വിശ്വാസമാണ് സൂചിപ്പിക്കുന്നതെന്നും വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.