തൊഴിൽനഷ്ട ഇൻഷുറൻസ് ലഭിച്ചത് 10,500 പേർക്ക്
text_fieldsഅബൂദബി: തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി കഴിഞ്ഞവർഷം 10,500 തൊഴിലാളികൾക്ക് ഗുണകരമായതായി മാനവ വിഭവശേഷി, എമിറടൈസേഷൻ മന്ത്രാലയം അറിയിച്ചു. ജോലി നഷ്ടപ്പെടുന്നവർക്ക് താൽക്കാലിക സാമ്പത്തിക പിന്തുണ എന്ന നിലയിൽ മന്ത്രാലയം അവതരിപ്പിച്ച പദ്ധതിയാണ് തൊഴിൽനഷ്ട ഇൻഷുറൻസ്. രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി. ഇതുവരെ ഏതാണ്ട് 90 ലക്ഷം തൊഴിലാളികൾ അംഗങ്ങളാണ്.
യു.എ.ഇയിൽ ജോലി നഷ്ടപ്പെടുന്ന തൊഴിലാളിക്ക് മൂന്നുമാസക്കാലം അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി. പുതിയ തൊഴിൽ അവസരം നേടുന്നതുവരെ തൊഴിലാളിക്ക് സാമ്പത്തിക സ്ഥിരത ഉറപ്പുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ തൊഴിലാളികളെ പിന്തുണക്കുന്നതിലും സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിലും യു.എ.ഇ സർക്കാറിന്റെ പ്രതിബദ്ധതയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
രണ്ട് രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ വിഭാഗത്തിൽ 16,000 ദിർഹമോ അതിൽ താഴയോ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികളാണ് ഉൾപ്പെടുന്നത്. ഇവർ പ്രതിമാസം അഞ്ച് ദിർഹം വീതം ഇൻഷുറൻസ് പ്രീമിയമായി അടക്കണം. ഇവർക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ പ്രതിമാസം പരമാവധി 10,000 ദിർഹം വീതം നഷ്ടപരിഹാരമായി മൂന്നുമാസം ലഭിക്കും. 16,000 ദിർഹത്തിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികളാണ് രണ്ടാമത്തെ വിഭാഗം.
ഇവർ പ്രതിമാസം 10 ദിർഹം വീതം ഇൻഷുറൻസ് പ്രീമിയം അടച്ചാൽ പ്രതിമാസം 20,000 ദിർഹം ഇന്ഷുറൻസ് ലഭിക്കും. മൂന്നു മാസത്തേക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഇൻഷുറൻസിൽ അംഗമായി തുടർച്ചയായി 12 മാസം പൂർത്തീകരിച്ചവർക്കാണ് നഷ്ടപരിഹാരത്തിന് അർഹത.
കൂടാതെ ഇക്കാലയളവിൽ അച്ചടക്ക നടപടികളോ പുറത്താക്കലിനോ വിധേയമാകാൻ പാടില്ല. അതോടൊപ്പം യു.എ.ഇ തൊഴിൽ വിപണിയിൽ ഒരു വ്യക്തിയുടെ തൊഴിൽ കാലയളവിൽ മൊത്തം നഷ്ടപരിഹാരം 12 മാസത്തിൽ കൂടരുത്. നിക്ഷേപകർ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ തൊഴിലാളികൾ, 19 വയസ്സിന് താഴേയുള്ള വ്യക്തികൾ, വിരമിച്ചശേഷം മറ്റൊരു തൊഴിൽ ചെയ്യുന്നവർ എന്നിവർ പദ്ധതിയിൽ ഉൾപ്പെടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.