അവധിക്കാലത്ത് ഷാർജ പരിസ്ഥിതി സംരക്ഷിത മേഖലയിൽ എത്തിയത് 20,000 പേർ
text_fieldsഷാർജ: പെരുന്നാൾ അവധി ദിവസങ്ങളിൽ ഷാർജ പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റിയുടെ (ഇ.പി.എ.എ) 10 കേന്ദ്രങ്ങളിലായി 20,103 സന്ദർശകരെത്തിയതായി അതോറിറ്റി ചെയർപേഴ്‌സൻ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു. അറേബ്യേൻ വന്യജീവി കേന്ദ്രത്തിലാണ് ഏറ്റവും കൂടുതൽ സന്ദർശകർ (5823) എത്തിയത്. കുട്ടികളുടെ ഫാം, നാച്വറൽ ഹിസ്റ്ററി, ബൊട്ടാണിക്കൽ മ്യൂസിയം, ഖോർ കൽബ മാംഗ്രോവ് സെൻറർ, ഇസ്ലാമിക് ബൊട്ടാണിക്കൽ ഗാർഡൻ, അൽ ഹെഫയ്യ പർവത സംരക്ഷണ കേന്ദ്രം, വസിത് വെറ്റ് ലാൻഡ് സെൻറർ, ബുഹൈസ് ജിയോളജി പാർക്ക്, അൽ ദൈദ് വൈൽഡ് ലൈഫ് സെൻറർ, കൽബ പക്ഷിസങ്കേതം തുടങ്ങിയ ഇടങ്ങളിലും സന്ദർശകരെത്തി.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരുന്നു സന്ദർശകരെ സ്വീകരിച്ചത്. പ്രകൃതിസമ്പത്ത് സംരക്ഷിക്കേണ്ട പ്രാധാന്യം വിളിച്ചറിയിക്കുന്നതും അനുഭൂതി പകരുന്നതുമായ കാഴ്ചകളാണ് ഇ.പി.എ.എയുടെ ഓരോ കേന്ദ്രവും പകരുന്നതെന്ന് സുവൈദി പറഞ്ഞു. വിദ്യാർഥികൾക്ക് പ്രകൃതി ശാസ്ത്രീയമായ നിരവധി കാര്യങ്ങൾ അനുഭവിച്ച് പഠിക്കാനുണ്ട് ഓരോ കേന്ദ്രങ്ങളിലും. ഭൂമിയെ ക്രിയാത്മകമായി എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്നും നാളേക്കായി കരുതിവെക്കേണ്ടതെന്നും ഈ കേന്ദ്രങ്ങൾ പറഞ്ഞുതരും.
നൂറ്റാണ്ടുകൾക്കപ്പുറത്ത് ജീവിച്ച പൂർവികരുടെ ശേഷിപ്പുകളും കാർഷിക-ക്ഷീരമേഖലകളിൽ അവർക്കുണ്ടായിരുന്ന അറിവുകളും അക്കമിട്ട് പറഞ്ഞുതരുന്ന രീതിയിലാണ് കേന്ദ്രങ്ങളിലെ പ്രദർശനങ്ങളെല്ലാം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.