4830 ലക്ഷത്തിലധികം പോളിയോ വാക്സിനുകൾ വിതരണം ചെയ്ത് യു.എ.ഇ
text_fieldsഅബൂദബി: കോവിഡ് വ്യാപനത്തിനിടയിലും പോളിയോ നിർമാർജനം ചെയ്യുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് ശക്തമായ പിന്തുണയുമായി യു.എ.ഇ. പോളിയോ വാക്സിനേഷൻ പ്രചാരണങ്ങൾക്ക് ധനസഹായം ഉൾപ്പെടെ നൽകി നിർണായക പങ്കാണ് യു.എ.ഇ വഹിക്കുന്നത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാെൻറ നിർദേശ പ്രകാരം, ആഗോളതലത്തിൽ പോളിയോ പടരാതിരിക്കാൻ ആവശ്യമായ വാക്സിനുകൾ ലഭ്യമാക്കുന്നു. പോളിയോ രോഗം നിർമാർജനം ചെയ്യുന്നതിന് ശൈഖ് മുഹമ്മദ് ബിൻ സായിദ് 2500 ലക്ഷം യു.എസ് ഡോളറിലധികം ചെലവഴിച്ചു. 2019ൽ 2.8 ബില്യൺ യു.എസ് ഡോളറിലധികം സമാഹരിച്ച് റീച്ചിങ് ദി ലാസ്റ്റ് ഫോറത്തിൽ ഇടംപിടിച്ചിരുന്നു. 2014 മുതൽ യു.എ.ഇ പോളിയോ വാക്സിനേഷൻ പ്രചാരണം പല രാജ്യങ്ങളിലും നടപ്പിലാക്കുന്നു. 4830 ലക്ഷത്തിലധികം പോളിയോ വാക്സിനുകൾ ഇതിനകം വിതരണം ചെയ്തു. എത്തിച്ചേരാനാവാത്ത വിദൂര പ്രദേശങ്ങളിലേക്ക് വാക്സിനുകളും സഹായങ്ങളും നൽകുന്നു. എമിറേറ്റ്സ് പോളിയോ കാമ്പയിൻ (ഇ.പി.സി) ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ പാകിസ്താനിൽ 280 ലക്ഷത്തിലധികം പോളിയോ വാക്സിൻ ഡോസുകൾ നൽകി.
മൊത്തം 160 ലക്ഷത്തിലധികം കുട്ടികൾക്കിതിെൻറ പ്രയോജനം ലഭിച്ചു. പോളിയോ നിർമാർജനത്തിനായി യു.എ.ഇ നടത്തിയ പരിശ്രമങ്ങൾക്ക് പ്രചോദനമായത് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ മാർഗ നിർദേശങ്ങളാണ്. ഈ വർഷം കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള പോളിയോ വാക്സിനേഷൻ പരിപാടികൾ നിർത്തലാക്കുകയും നിരവധി നേതാക്കൾ പുതിയ പോളിയോ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
എന്നാൽ, എമിറേറ്റ്സ് പോളിയോ കാമ്പയിൻ ഈ വെല്ലുവിളികൾ മറികടന്നാണ് വാക്സിനേഷൻ ജൂലൈയിൽ പുനരാരംഭിച്ചത്. ഈ വർഷം ലോകത്തിലെ ആദ്യത്തെ പ്രോഗ്രാം പാകിസ്താനിൽ ഇ.പി.സി നടപ്പാക്കി.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് ലക്ഷക്കണക്കിന് മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. ആരോഗ്യ പ്രവർത്തകർ വാട്സ് ആപ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് കോവിഡ് -19 പ്രതിരോധത്തെക്കുറിച്ചുള്ള വിഡിയോകളും മറ്റ് ഡിജിറ്റൽ സാമഗ്രികളും ഇ.പി.സി കാമ്പയിെൻറ ഭാഗമായി വിതരണം ചെയ്തു.
മുൻകരുതൽ നടപടികളുടെ ഭാഗമായി പോളിയോ പ്രചാരണ പ്രവർത്തകർക്ക് സുരക്ഷ മുൻകരുതൽ ഏർപ്പെടുത്തിയിരുന്നു.
50 വയസ്സിന് മുകളിലുള്ളവരുടെയും വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തിയുടെയും പങ്കാളിത്തം ഒഴിവാക്കി. പ്രതിരോധ കുത്തിവെപ്പ് സമയത്ത്, കുട്ടികളെ നേരിട്ട് സ്പർശിക്കുന്നതിൽനിന്നും വാക്സിൻ സമയത്ത് മറ്റേതെങ്കിലും കക്ഷികളെ സ്പർശിക്കുന്നതിൽനിന്നും സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.