അബൂദബിയിലെ 60 ശതമാനത്തിലധികം ആശുപത്രികളും 'മലാഫി'യിൽ
text_fieldsഅബൂദബി: ആരോഗ്യ വിവരങ്ങൾ കൈമാറുന്നതിനുള്ള നൂതന പദ്ധതിയായ 'മലാഫി'അഥവാ എെൻറ ഫയൽ അബൂദബിയിലെ 60 ശതമാനത്തിലധികം ആശുപത്രികളെയും ബന്ധിപ്പിച്ചതായി അധികൃതർ. അബൂദബി ആരോഗ്യവകുപ്പിെൻറ സുപ്രധാന സംരംഭങ്ങളിലൊന്നായ മലാഫി ആരംഭിച്ച് ഒരു വർഷത്തിനകമാണ് ഈ നേട്ടം. ആരോഗ്യസംരക്ഷണ സംവിധാനത്തിെൻറ ഡിജിറ്റൽ പരിവർത്തനത്തിലെ പ്രധാന ഘടകമാണ് മലാഫി.
അബൂദബി എമിറേറ്റിലെ ഹോസ്പിറ്റലുകൾ, എമിറേറ്റ്സ് ഇൻറർനാഷനൽ, ദാർ അൽ ശിഫ, കേംബ്രിജ് മെഡിക്കൽ, റിഹാബിലിറ്റേഷൻ സെൻറർ തുടങ്ങിയ ഒട്ടേറെ മെഡിക്കൽ സെൻററുകൾ അടുത്തിടെ പദ്ധതിയിൽ ചേർന്നു. അബൂദബിയിലെ എല്ലാ ആരോഗ്യ പരിരക്ഷ സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകുന്നതോടെ 25,923 ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യസംരക്ഷണ ടീമുകൾക്കും മലാഫി പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് രോഗികളുടെ വിവരങ്ങൾ അറിയാനാകും. ആശുപത്രികളിലെ സന്ദർശനം, ആരോഗ്യ പ്രശ്നങ്ങൾ, അലർജി, രോഗ ചികിൽസക്ക് വിധേയമായ നടപടിക്രമങ്ങൾ, പരിശോധന ഫലങ്ങൾ, റേഡിയേഷൻ റിപ്പോർട്ടുകൾ, കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ വിവരങ്ങളെല്ലാം ചികിൽസതേടിയെത്തുന്ന രോഗിയുടെ മലാഫിയിൽ നിന്നു ലഭ്യമാകും.
പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത 500ലധികം മെഡിക്കൽ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന 16 വ്യത്യസ്ത ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡുകൾ പരിശോധിക്കാനും സാധിക്കും. മുബാദലയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സ്ഥാപനമായ ഇൻജാസാത്ത് ഡേറ്റ സിസ്റ്റംസും അബൂദബി ആരോഗ്യ വകുപ്പും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലാണ് മലാഫി വികസിപ്പിച്ചിരിക്കുന്നത്. ആരോഗ്യ വിവരങ്ങൾ, ഇ- ഹെൽത്ത് എന്നിവയുടെ അഭിവൃദ്ധി ഉൾപ്പെടെ തന്ത്രപരമായ മുൻഗണനകൾ മലാഫിയിലൂടെ ഉറപ്പാക്കാം. എമിറേറ്റിലുടനീളമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആരോഗ്യ പരിപാലന വിദഗ്ധരും സർക്കാർ അധികാരികളും തമ്മിൽ എല്ലാ ആരോഗ്യ വിവരങ്ങളും കൈമാറ്റം ചെയ്യാനും ഈ സംരംഭം സഹായിക്കും. രോഗിയുടെ പതിവ് പരിശോധന, കൺസൽട്ടേഷൻ അല്ലെങ്കിൽ അടിയന്തര ചികിത്സ, ലബോറട്ടറി പരിശോധനകൾ, റേഡിയോളജി റിപ്പോർട്ടുകൾ തുടങ്ങിയ എല്ലാ മെഡിക്കൽ ഇടപെടലുകളും മലാഫി എന്ന സ്വകാര്യ ഫയലിൽ സംയോജിപ്പിക്കും. ഓരോ രോഗിയുടെയും മെഡിക്കൽ ചരിത്രം സുരക്ഷിതവും സൂക്ഷ്മവുമായി സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ തൽക്ഷണം പരിശോധിക്കാൻ കഴിയുമെന്നതുമാണ് നേട്ടം.
അടിയന്തര സാഹചര്യങ്ങളിൽ ഉൾപ്പെടെ നിർണായക ഘട്ടത്തിൽ രോഗിയുടെ മെഡിക്കൽ വിവരങ്ങളിലേക്ക് തൽക്ഷണം പ്രവേശിക്കാനും പരിചരണത്തിെൻറ ഏകോപനം വർധിപ്പിക്കാനും സഹായിക്കുന്നു. ടെസ്റ്റുകളുടെ അമിത ഉപയോഗവും ആവർത്തനവും കുറക്കുക, റേഡിയോളജി പരിശോധനകൾ, മറ്റ് ഡയഗ്നോസ്റ്റിക് നടപടിക്രമങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കാനും വിദഗ്ധ ചികിൽസക്ക് പ്രാപ്തമാക്കാനും സാധിക്കും. സാർവത്രികവും സുരക്ഷിതവുമായ സംവിധാനം രോഗിയുടെ അനുഭവവും സംതൃപ്തിയും മെച്ചപ്പെടുത്തും. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും അബൂദബിയിലും പുറത്തും ഏറ്റവും മികച്ചതും സുരക്ഷിതവും വേഗമേറിയതുമായ പരിചരണം ലഭിക്കുന്നതിന് ഈ മെഡിക്കൽ റെക്കോഡുകൾ പ്രയോജനപ്പെടും. പൊതുജനാരോഗ്യ വിവരങ്ങളുടെ കേന്ദ്രീകൃത ഡേറ്റബേസാണ് മലാഫി.
രോഗ വ്യാപനം തിരിച്ചറിയുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മെഡിക്കൽ പ്രതികരണ പ്രവർത്തനത്തിന് വേഗം വർധിപ്പിക്കാനും സാധിക്കും.
അബൂദബിയിലെ ആരോഗ്യ പരിരക്ഷ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനും മികച്ച വൈദ്യസഹായം നൽകുന്നതിനുമുള്ള ഗുണപരമായ കുതിച്ചുചാട്ടമാണ് മലാഫി പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അബൂദബി ആരോഗ്യവകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബി പറഞ്ഞു.
മലാഫി പ്ലാറ്റ്ഫോം നിലവിൽ 35 ആരോഗ്യസംരക്ഷണ ഗ്രൂപ്പുകളെയും 40 ആശുപത്രികളെയും 403 ക്ലിനിക്കുകളെയും ബന്ധിപ്പിച്ചു. ഈ സ്ഥാപനങ്ങൾക്കിടയിൽ മലാഫി പ്ലാറ്റ്ഫോമിലൂടെ ആരോഗ്യ വിവരങ്ങൾ പങ്കിടാൻ കഴിയുന്നു. അബൂദബിയിലെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന ജൈത്രയാത്രയുടെ ഭാഗമാണ് മലാഫി പ്ലാറ്റ്ഫോമെന്ന് അബൂദബി ഹെൽത്ത് ഡേറ്റ സർവിസസ് കമ്പനി സി.ഇ.ഒ ആതീഫ് അൽ ബ്രെയ്കി ചൂണ്ടിക്കാട്ടി. മെഡിക്കൽ സെൻററുകൾ, ഡെൻറൽ ക്ലിനിക്കുകൾ തുടങ്ങിയ ചെറിയ സ്ഥാപനങ്ങൾ മുതൽ ഫാർമസികൾ, മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ വരെ ഈ പദ്ധതിയുടെ ഭാഗമായിക്കൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.