ദുബൈയിൽ ഈവർഷം 6000ത്തിലധികം പേർക്ക് ട്രാഫിക് പിഴ
text_fieldsദുബൈ: സുരക്ഷ നിയമങ്ങൾ ലംഘിച്ച 6,000ത്തിലേറെ ഡ്രൈവർമാർക്ക് ഈവർഷം ആദ്യ പകുതിയിൽ ദുബൈ പൊലീസ് പിഴ ചുമത്തി. പിഴ ചുമത്തപ്പെട്ടവരിൽ മൂന്നിലൊന്ന് പേർക്കും ടയർ തകരാറിനാണ് ശിക്ഷ ലഭിച്ചത്. സുരക്ഷ ആവശ്യകതകൾ പാലിക്കാത്തതിന് 2,215പിഴകളും, ടയർ തകരാറുകൾക്ക് 2,166 ഉം ഉപയോഗശൂന്യമായ വാഹനങ്ങൾ ഓടിച്ചതിന് 1,704 ഉം പേർക്ക് പിഴ ചുമത്തി. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകളാണിത്.
പലരും വിദേശത്തേക്കടക്കം കാറിൽ യാത്രചെയ്യുന്നതായതിനാൽ വേനൽകാലത്ത് വാഹനങ്ങൾക്ക് ശരിയായ പരിപാലനം ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നേവൽകാലത്ത് വാഹനങ്ങളിലെ തീപിടിത്തം വർധിക്കാറുണ്ട്. പലപ്പോഴും മനുഷ്യജീവൻ തന്നെ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടാകുന്നു. വാഹനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിലൂടെ ഈ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും. വിശ്വസനീയമായ സ്ഥാപനങ്ങൾ വഴിതന്നെ അറ്റകുറ്റപ്പണികൾ നടത്താനും ശ്രദ്ധിക്കേണ്ടതുണ്ട് -ദുബൈ പൊലീസിലെ ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ജുമാ സാലിം ബിൻ സുവൈദാൻ ആവശ്യപ്പെട്ടു.
വേനല്‍ക്കാലത്ത് ടയറുകള്‍ പൊട്ടിയുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ഡ്രൈവര്‍മാർക്ക് അധികൃതർ ബോധവകരണം നടത്താറുണ്ട്. അന്തരീക്ഷതാപനില ഉയരുന്നതുമൂലമാണ് ടയറുകള്‍ പൊട്ടിത്തെറിക്കുന്നത്. ടയറുകളുടെ അവസ്ഥ നിരന്തരം പരിശോധിച്ചു ഉറപ്പുവരുത്തുകയും വാഹനത്തിന് അനുയോജ്യമായ ടയറുകള്‍ ഉപയോഗിക്കുകയും ചെയ്ത് പൊട്ടിത്തെറി അപകടങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. മോശം ടയറുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ഈടാക്കുന്നതിലൂടെ ഇക്കാര്യത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്.
ഓട്ടത്തിനിടെ ടയര്‍ പൊട്ടിയുണ്ടായ അപകടങ്ങളുടെ വിഡിയോ പങ്കുവെച്ച് അബൂദബി പൊലീസും സമൂഹമാധ്യമങ്ങളില്‍ ബോധവത്കരണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.