എക്സ്പോയിലെത്തിയത് ലക്ഷത്തിലേറെ വിദ്യാർഥികൾ
text_fieldsദുബൈ: തുടക്കം മുതൽ പുതുതലമുറയെ ആകർഷിച്ച എക്സ്പോ 2020 ദുബൈയിൽ ഇതിനകം എത്തിയത് ലക്ഷക്കണക്കിന് വിദ്യാർഥികൾ. ഇവരിൽ ഒരു ലക്ഷത്തിലേറെ പേർ യു.എ.ഇയിലെ സർക്കാർ സ്കൂളുകളിലെ കുട്ടികളാണെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ സ്കൂളുകളിൽനിന്ന് വ്യക്തിപരമായും എത്തിയ കുട്ടികൾ ഇതിനേക്കാൾ കൂടുതൽ വരുമെന്നാണ് കരുതപ്പെടുന്നത്. പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥി സന്ദർശകരുടെ എണ്ണം ഒരു ലക്ഷം കടന്നതോടനുബന്ധിച്ച് ബുധനാഴ്ച എക്സ്പോ നഗരിയിൽ പ്രത്യേക ആഘോഷ ചടങ്ങുകൾ നടന്നു. ടെറ പവലിയന് മുമ്പിൽ '100k' എന്ന രൂപത്തിൽ 400കുട്ടികൾ അണിനിരന്നുനിന്ന് ആഘോഷത്തിൽ പങ്കാളികളായി. വിദ്യാർഥികൾക്കൊപ്പം പൊതുവിദ്യാഭ്യാസ സഹമന്ത്രിയും എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെൻറ് അധ്യക്ഷയുമായ ജമീല ബിൻത് സലീം അൽ മുഹൈരിയും ചടങ്ങിൽ പങ്കെടുത്തു. വിശ്വമേളയിലേക്ക് അതീവ താൽപര്യത്തോടെ എത്തിച്ചേർന്ന വിദ്യാർഥികളെയും അധികൃതരേയും മന്ത്രി അഭിനന്ദിച്ചു.
ഒക്ടോബർ ഒന്നിന് ആരംഭിച്ച എക്സ്പോയിലേക്ക് ആദ്യദിനം മുതൽ ധാരാളം വിദ്യാർഥികൾ എത്തിച്ചേരുന്നുണ്ട്. 18 വയസ്സിന് താഴെയുള്ളവർക്കും ഏതെങ്കിലും വിദ്യാർഥി ഐഡൻറിറ്റി കാർഡ് കൈവശമുള്ളവർക്കും പൂർണമായും പ്രവേശനം സൗജന്യമാണ്. ഇത് ഉപയോഗപ്പെടുത്തിയാണ് കുട്ടികൾ എത്തുന്നത്. വിദ്യാർഥികൾ അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ നിരവധി കാഴ്ചകളും പ്രദർശനങ്ങളും ഓരോ പവലിയനുകളിലും ഒരുക്കിയതിനാൽ അധ്യാപകരും രക്ഷിതാക്കളും സന്ദർശനം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. കുട്ടികൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ പരിപാടികളും എക്സ്പോയിൽ അരങ്ങേറിയിട്ടുണ്ട്. ബുധനാഴ്ച അൽ വസ്ൽ പ്ലാസയിൽ 'യങ് സ്റ്റാർസ്'എന്ന കുട്ടികളുടെ പരിപാടിയിൽ ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.