യു.എ.ഇയിലെ പള്ളികൾ ഹരിത മനോഹരമാകും
text_fieldsദുബൈ: നിർമാണ വൈഭവം കൊണ്ട് ശ്രദ്ധയാകർഷിച്ച യു.എ.ഇയിലെ പള്ളികൾ ഇനി ഹരിത മനോഹരമാകും. രാജ്യത്തെ എല്ലാ പള്ളികളുടെയും അങ്കണങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് അധികൃതർ. യു.എ.ഇയിലുടനീളമുള്ള പള്ളികളിൽ 10,000 മരം നട്ടുപിടിപ്പിക്കാനാണ് തീരുമാനം. ‘പ്ലാന്റ് ദി എമിറേറ്റ്സ്’ പദ്ധതിയുടെ ഭാഗമായാണ് പുതു സംരംഭം നടപ്പാക്കുന്നത്. കൃഷി, പരിസ്ഥിതി വിഷയങ്ങളിൽ ഉന്നതമായ ദർശനം പുലർത്തിയിരുന്ന രാഷ്ട്ര ശിൽപി ശൈഖ് സായിദിനോടുള്ള ആദരം എന്ന നിലയിൽ കൂടിയാണ് പുതിയ സംരംഭം ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റുകൾ, സകാത്ത് എന്നിവക്ക് വേണ്ടിയുള്ള ജനറൽ അതോറിറ്റി എന്നിവ ചേർന്നാണ് ‘പള്ളികളിൽ മരം നടുക’ എന്ന പദ്ധതി നടപ്പാക്കുക. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. പരമ്പരാഗത ഇസ് ലാമിക രൂപകൽപനകൾ കൊണ്ട് മനോഹരമായ പള്ളികളും അവയുടെ വിശാലമായ മുറ്റങ്ങളും പുതിയ സംരംഭത്തിലൂടെ കൂടുതൽ പരിസ്ഥിതി സൗഹൃദവും ജൈവികവുമായി മാറുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.