മദേഴ്സ് എൻഡോവ്മെന്റിന് ഒരാഴ്ചക്കിടെ ലഭിച്ചത് 50.5 കോടി ദിർഹം
text_fieldsദുബൈ: ലോകത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പിന്തുണയേകാനായി രൂപവത്കരിച്ച മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിന് റമദാനിലെ ആദ്യ ആഴ്ചയിൽ ലഭിച്ചത് 50.5 കോടി ദിർഹം. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായുള്ള സഹായങ്ങൾ ലഭ്യമാക്കാനും സ്കൂളുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ‘മദേഴ്സ് എൻഡോവ്മെന്റ്’ എന്ന പേരിൽ സംരംഭം പ്രഖ്യാപിച്ചത്.
മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിലൂടെ അമ്മമാരെ ആദരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളും യുവാക്കളും വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശം നിഷേധിക്കുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതായി മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു. പാവപ്പെട്ട കുട്ടികൾക്ക് മികച്ച ജീവിതം നയിക്കാനുള്ള അവസരവും പ്രതീക്ഷയുമാണ് മദേഴ്സ് എൻഡോവ്മെന്റ് വാഗ്ദാനം ചെയ്യുന്നത്.
ഒരാഴ്ചക്കിടെ ലഭിച്ച ഭീമമായ സംഭാവനകൾ മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആഗോള തലസ്ഥാനമെന്ന നിലയിൽ യു.എ.ഇയുടെ പദവി ഉറപ്പിക്കാൻ സഹായിക്കുമെന്നും ഗർഗാവി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.