മല കയറാം, പരിസ്ഥിതിയെ സംരക്ഷിക്കാം
text_fieldsദുബൈ: ഹൈക്കിങ് നടത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് 'എമിറേറ്റ്സ് നേച്ചർ' എന്ന കൂട്ടായ്മ.
വളൻറിയേഴ്സിന് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ക്ലാസുകളിലൂടെ അവബോധം പകരുന്നതിനൊപ്പം ശുചീകരണപ്രവർത്തനങ്ങളിലും സംഘം ഏർപ്പെടുന്നു. പരിസ്ഥിതി സംരക്ഷത്തിൽ താൽപര്യമുള്ള ആർക്കും പങ്കുചേരാനുള്ള അവസരമാണ് കൂട്ടായ്മ ഒരുക്കുന്നത്. നിലവിൽ 2000ത്തോളം വളൻറിയർമാർ അംഗങ്ങളാണ്.
'മാറ്റങ്ങളുടെ നേതാക്കളാകുക' എന്ന മുദ്രാവാക്യവുമായാണ് കൂട്ടായ്മയുടെ പ്രവർത്തനം. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചും പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിെൻറ ഭാഗമായി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി യു.എ.ഇയിലുടനീളമുള്ള സന്നദ്ധപ്രവർത്തകർക്ക് കാലാവസ്ഥ പ്രവർത്തനത്തെക്കുറിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലന കോഴ്സുകൾ നടത്തുന്നു. അടുത്ത 50 വർഷത്തേക്കുള്ള യു.എ.ഇ സർക്കാറിെൻറ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്സ് നേച്ചർ- ഡയറക്ടർ ജനറൽ ലൈല മുസ്തഫ അബ്ദുൽ ലത്തീഫ് പറയുന്നു.
പ്രകൃതിയെ നേരിട്ട് അനുഭവിച്ചറിഞ്ഞ് അതിനെ സംരക്ഷിക്കാനുള്ള മാർഗങ്ങളാണ് പകർന്നുനൽകുന്നത്. ജൈവവൈവിധ്യം, പ്രകൃതി സംരക്ഷണം, പൈതൃക സംഭരണം, ഭക്ഷ്യ-ജല സുരക്ഷ, കാലാവസ്ഥ പ്രവർത്തനം, ഹരിത സമ്പദ്വ്യവസ്ഥ എന്നീ മേഖലകളിലെ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇയിലെ മലനിരകളിൽ ഹൈകിങ് നടത്തി കാമറ ട്രാപ്പുകൾ സ്ഥാപിക്കും. വടക്കൻ എമിറേറ്റ്സിലെ പരമ്പരാഗത പൈതൃക സൈറ്റുകൾ പുനർനിർമിക്കും. ഗ്രാമങ്ങളിലും പർവതങ്ങളിലും പ്ലാസ്റ്റിങ് ക്ലീനിങ് ഡ്രൈവ് നടത്തും. ഒരു വർഷത്തെ പദ്ധതി തയാറാക്കിയാണ് പ്രവർത്തനം.
സമുദ്ര സംരക്ഷണത്തിൽ താൽപര്യമുള്ളവർക്കായി സമുദ്രത്തിെൻറ ആവാസവ്യവസ്ഥ മനസ്സിലാക്കാൻ വെള്ളത്തിനടിയിൽ കാമറ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.
സ്മാർട്ട് ആപ്പുകൾ വഴി വളൻറിയർമാരുടെ യാത്രകളും പ്രവർത്തനങ്ങളും രേഖപ്പെടുത്താനും ട്രാക്ക് ചെയ്യാനും കഴിയും. വിദ്യാർഥികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് സ്കൂളുകളിലും പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.