വിഭാഗീയത പടർത്താനുള്ള നീക്കങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം വേണം -സാദിഖലി തങ്ങൾ
text_fieldsദുബൈ: സമൂഹത്തിൽ വിഭാഗീയത പടർത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സംസ്ഥാന പ്രസിഡൻറായശേഷം ആദ്യമായി യു.എ.ഇയിലെത്തിയ അദ്ദേഹം ദുബൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്താൻ ശക്തമായ ഇടപെടലുകൾ തുടരും. വിവിധ മതവിഭാഗങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിക്കാനും വിദ്വേഷം രൂപപ്പെടുത്താനും ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കം വിജയിക്കില്ല. കേരളത്തിലുടനീളം നടത്തിയ ബോധവത്കരണ യാത്രക്ക് ലഭിച്ച പിന്തുണ മുൻനിർത്തി കൂടുതൽ ശക്തമായ തുടർനീക്കങ്ങൾ ഉണ്ടാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രതിലോമ നീക്കങ്ങൾ നടത്തി രംഗത്തുനിന്ന് പിൻവാങ്ങുന്നവരെ കരുതിയിരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു. വിഭാഗീയതയും വർഗീയതയും തീവ്രവാദവും എല്ലാ സമുദായത്തിലുമുണ്ടെന്നും തീവ്രത ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതസൗഹാർദം ശക്തിപ്പെടുത്താൻ സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ ലീഗ് നടത്തുന്ന നീക്കങ്ങൾ ആഹ്ലാദകരമാണെന്ന് എം.എ. യൂസുഫലി പറഞ്ഞു. നമുക്ക് സമാധാനമാണ് ആവശ്യം. കാരുണ്യം നമുക്ക് എപ്പോഴുമുണ്ടാകണം.
സ്നേഹത്തോടും സാഹോദര്യത്തോടും അടുപ്പത്തോടും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ പങ്കെടുത്തു. പി.കെ. ഫിറോസ്, പുത്തൂർ റഹ്മാൻ, ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, അബ്ദുല്ല ഫാറൂഖി, പി.കെ. അൻവർ നഹ, നിസാർ തളങ്കര തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.