മുഫാസ ഷാർജ വനത്തിലിറങ്ങി
text_fieldsസാങ്കേതിക വിദ്യയുടെ നൂതന തലങ്ങൾ പ്രയോജനപ്പെടുത്തി പഴമയെ കൂടുതൽ പൊലിമയോടെ ദൃശ്യവത്കരിക്കുന്ന കാലത്തിലൂടെ സഞ്ചരിക്കുകയാണ് ആധുനിക ലോകം. ഇത്തരം മികവുകളെ രണ്ടുകൈയും നീട്ടി സ്വീകരിച്ച് അവയെ ജനങ്ങളിലെക്കെത്തിച്ച്, പ്രകൃതി സംരക്ഷണത്തിനും സാംസ്കാരിക ഉന്നമനത്തിനും ഊന്നൽ നൽകുകയാണ് ഷാർജ. ഇതിന്റെ ഭാഗമായിട്ടാണ് മുഫാസ: ദി ലയൺ കിങ് എന്ന അതിമനോഹര സിനിമ ഷാർജ സഫാരിയിൽ എത്തുന്നത്. ആഫ്രിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരിയും യു.എ.ഇയിലെ പ്രമുഖ ഇക്കോ-ടൂറിസം കേന്ദ്രവുമായ ഷാർജ സഫാരിയുടെ പുതിയ സീസണിന്റെ ഭാഗമായി, ഷാർജ പരിസ്ഥിതി, സംരക്ഷിത മേഖലാ അതോറിറ്റി (ഇ.പി.എ.എ), വാൾട്ട് ഡിസ്നി, വോക്സ് സിനിമാസ് എന്നിവരുമായി സഹകരിച്ച്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മുഫാസ: ദി ലയൺ കിങ്’ എന്ന സിനിമയുടെ എക്സ്ക്ലൂസീവ് വി.ഐ.പി പ്രീമിയർ നടത്തി.
രണ്ട് മണിക്കൂർ ആവേശകരമായ വിനോദവും സാഹസികതയും വാഗ്ദാനം ചെയ്യുന്ന സിനിമയുടെ പൊതു പ്രദർശനം ഡിസംബർ 23 മുതൽ 31 വരെ ലഭ്യമാകുമെന്ന് ഷാർജ പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റി ചെയർപേഴ്സൺ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു. മുഫാസ: ദി ലയൺ കിങ് 2024-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ മ്യൂസിക്കൽ ഡ്രാമ ആക്ഷൻ-സാഹസിക ചിത്രമാണ്, ജെഫ് നഥാൻസന്റെ തിരക്കഥയിൽ ബാരി ജെങ്കിൻസ് സംവിധാനം ചെയ്തു. വാൾട്ട് ഡിസ്നി പിക്ചേഴ്സ് നിർമിച്ച ഈ ചിത്രം ഫോട്ടോറിയലിസ്റ്റിക് ആനിമേറ്റഡ് മികവിലാണ് ആവിഷ്ക്കരിച്ചരിക്കുന്നത്. 1994 ലെ സിനിമയിലും റീമേക്കിലും മുഫാസക്ക് ശബ്ദം നൽകിയ ജെയിംസ് ഏൾ ജോൺസിനാണ് ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത്.
തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഡിസ്നി സ്റ്റുഡിയോ ജംഗിൾബുക്കും അലാവുദ്ദീനും നൽകിയ വിജയത്തിന് ശേഷമാണ് ദി ലയൺ കിങ് റീമേക്കുമായി രംഗത്തെത്തിയത്. ഹോളിവുഡ് ബോക്സ് ഓഫീസ് തകർക്കുന്ന മാർവൽ സ്റ്റുഡിയോടു പോലും നേരിട്ട് ഏറ്റുമുട്ടാൻ തരത്തിലുള്ള ക്രാഫ്റ്റിങാണ് ഇതിന്റെ സവിശേഷത. ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഹാൻസ് സിമ്മർ ആണ്. കാലബ് ഡെസ്ചനലാണ് ഛായഗ്രഹണം നിർവഹിച്ചരിക്കുന്നത്. ആഫ്രിക്കൻ കാടുകളുടെ അധിപനായ മുഫാസ എന്ന സിംഹത്തിന്റെ, സിംബ എന്ന കുട്ടിയുടെ ജനനത്തോടൂകൂടി തുടങ്ങുന്ന കഥ പല ഘട്ടങ്ങളിലൂടെ പ്രക്ഷകരെ ഘോരവനാന്തരങ്ങളിലേക്ക് കൂട്ടി കൊണ്ടുപോയി വിസ്മയത്തിന്റെ മായാകാഴ്ച്ചകൾ പകരുകയാണ്. ഇരുളുറഞ്ഞ് കിടക്കുന്ന ആഫ്രിക്കൻ കാടകങ്ങളുടെ സൗന്ദര്യത്തെ ഒപ്പിയെടുത്താണ് മുഫാസയുടെ ഗർജനം കാഴ്ച്ചയിലേക്ക് പെയ്തിറങ്ങുന്നത്. നദികളും വെള്ളച്ചാട്ടങ്ങളും കാറ്റും മഴയും തീർക്കുന്ന ജൈവീകമായ പശ്ചാതലസംഗീതം ഋതുരാഗം തീർക്കുന്നു.വനാന്തരങ്ങളിലെ പകയും പ്രതികാരവും അധികാര വടംവലികളും പ്രകൃതിയിൽ ലയിപ്പിച്ചാണ് പറഞ്ഞുപോകുന്നത്. നെഞ്ചിടിപ്പിന്റെ താളത്തിൽ മനസ്സിലേക്ക് പെയ്തിറങ്ങുന്ന ഋതുരാഗങ്ങൾ.സിംഹങ്ങൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ വംശനാശത്തിന്റെ ആഗോള ഭീഷണിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഭാവി തലമുറകൾക്കായി വന്യജീവികളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാധ്യമമായി സിനിമയെ ഉപയോഗപ്പെടുത്തുകയാണ് ഷാർജ.ഷാർജ സഫാരി, വാൾട്ട് ഡിസ്നി, വോക്സ് സിനിമാസ്, ഇറ്റാലിയ ഫിലിം (മിഡിൽ ഈസ്റ്റിലെ ഡിസ്നി സിനിമകളുടെ എക്സ്ക്ലൂസീവ് വിതരണക്കാർ) എന്നിവ തമ്മിലുള്ള അതുല്യമായ സഹകരണത്തിന്റെ ഭാഗമായാണ് മുഫാസ ഷാർജയിലിറങ്ങിയിരിക്കുന്നത്. ഷാർജ സഫാരിയിൽ സിനിമാ പ്രദർശനവും സഫാരി ടൂറും സംയോജിപ്പിച്ച് സമഗ്രമായ ഒരു അനുഭവം തിരഞ്ഞെടുക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും. ആഫ്രിക്കൻ വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ നിരീക്ഷിക്കാനുള്ള അവസരം കൂടിയാണിത്.
വോക്സ് സിനിമാസ് ആപ്പ് വഴി ടിക്കറ്റുകൾ മുൻകൂട്ടി സൗകര്യപ്രദമായി ബുക്ക് ചെയ്യാൻ കഴിയും.ഇതുവഴി സന്ദർശകർക്ക് ഇഷ്ടപ്പെട്ട പ്രദർശന സമയങ്ങളും സീറ്റുകളും തെരഞ്ഞെടുക്കാൻ അനുവദിക്കുന്നു. രാവിലെ 8:30 മുതൽ വൈകുന്നേരം ആറുവരെ സന്ദർശകർക്കായി ഷാർജ സഫാരി തുറന്നിരിക്കും, ഗോൾഡ്, സിൽവർ, ബ്രോൺസ് ടയർ ഉൾപ്പെടെയുള്ള വിവിധ ടിക്കറ്റ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. ഓരോ ടിക്കറ്റ് വിഭാഗവും വ്യക്തിഗത വിനോദ ഓപ്ഷനുകൾ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.