അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുഹമ്മദ് ഉസ്മാൻ
text_fieldsദുബൈ: യു.എ.ഇ ക്രിക്കറ്റ് ടീം നെടുംതൂണായി അറിയപ്പെടുന്ന ബാറ്റ്സ്മാൻ മുഹമ്മദ് ഉസ്മാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 38കാരനായ മുഹമ്മദ് ഉസ്മാൻ ആറു വർഷത്തെ അന്താരാഷ്ട്ര കരിയറിനിടെ യു.എ.ഇക്കായി 85 അന്താരാഷ്ട്ര മത്സരങ്ങളിലായി 38 ഏകദിന മത്സരങ്ങളും 47 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2016ൽ എഡ്വിൻബർഗിൽ സ്കോട്ട്ലന്റിനെതിരെ നടന്ന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഉസ്മാന്റെ വരവ്. ഇടംകൈയനായ ഉസ്മാൻ ടീമിന്റെ മിഡിൽ ഓർഡർ ബാറ്റ്സ്മാനാണ്. 38 ഏകദിനങ്ങളിലായി ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും ഉൾപ്പെടെ 1008 റൺസാണ് സമ്പാദ്യം.
ട്വന്റി20 ഫോർമാറ്റിൽ മൂന്ന് അർധശതകം ഉൾപ്പെടെ 891 റൺസും നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 89 റൺസാണ് കരിയർ ബെസ്റ്റ്. യു.എ.ഇ ക്രിക്കറ്റ് ടീമിനൊപ്പമുള്ള ആറു വർഷം അവിസ്മരണീയമായ യാത്രയായിരുന്നുവെന്ന് ഉസ്മാൻ പറഞ്ഞു. ‘ടീമംഗങ്ങൾ, കോച്ചുമാർ, മറ്റു സപ്പോർട്ടിങ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ തന്റെ ക്രിക്കറ്റ് യാത്രയിൽ ഒപ്പം നിൽക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയത്തിൽനിന്നുള്ള നന്ദി. 85 അന്താരാഷ്ട്ര മത്സരങ്ങളിൽ യു.എ.ഇ ടീമിനെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചുവെന്നത് തന്നെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. ഇനി ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. ഇതുവരെ തുടർന്നുവന്ന പിന്തുണ ഇനിയും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. യു.എ.ഇ ടീമിനും കളിക്കാർക്കും ഏറ്റവും ആവേശകരമായ സമയമായിരിക്കട്ടെ എന്നും ആശംസിക്കുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്ന ഉസ്മാന് എല്ലാവിധ ആശംസകളും നേരുന്നതായി ഇ.സി.ബി അറിയിച്ചു. യു.എ.ഇ ക്രിക്കറ്റിന് വേണ്ടി നടത്തിയ പോരാട്ടങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ഇ.സി.ബി പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.