പ്രവാസത്തിന് വിട; കോയ സാഹിബ് പ്രഭാപുരത്തേക്ക്
text_fieldsഫുജൈറ: നാലു പതിറ്റാണ്ടു കാലത്തെ പ്രവാസത്തിന് വിടപറഞ്ഞ് പാലക്കാട് പ്രഭാപുരം സ്വദേശി പി.പി. മുഹമ്മദ് കോയ സ്വന്തം നാട്ടിലേക്ക്. കയ്പും മധുരവും നിറഞ്ഞ ഒരുപാട് ഓര്‍മകളുമായാണ് ഫുജൈറയിലെ മത, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ കോയ സാഹിബിെൻറ മടക്കം.
1982ൽ അമ്മാവൻ മുഹമ്മദലി മൗലവിയുടെ ക്ഷണപ്രകാരമാണ് ഫുജൈറയിലേക്ക് വരുന്നത്. ഫുജൈറയിലെ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അമ്മാവെൻറ ഷോപ്പിൽ ആറുവർഷം ജോലിചെയ്തു. പിന്നീട് മാറിമാറി വിവിധ ജോലികളിൽ ഏർപ്പെട്ട മുഹമ്മദ് കോയ 16 വർഷമായി ഫുജൈറ നാഷനൽ ബാങ്ക് ജീവനക്കാരനാണ്.
മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ യു.എ.ഇയിലെ ആദ്യകാല കൂട്ടായ്മയായ ചന്ദ്രിക റീഡേഴ്സ് ഫോറത്തില്‍ സജീവമായാണ് സാമൂഹിക സേവന രംഗത്തേക്ക് കടന്നുവരുന്നത്.
1983ല്‍ മുസ്ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയ ഫുജൈറയിൽ വന്നത് ഓർമയിൽനിന്ന് മാഞ്ഞിട്ടില്ല. അവശനായിരുന്നു സി.എച്ച് അന്ന്. എങ്കിലും ഫുജൈറ നാഷനൽ തിയറ്ററിൽവെച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരോട് അദ്ദേഹം ഒസ്യത്ത് എന്നോണം നടത്തിയ പ്രസംഗവും മൈക്ക് കെട്ടി ഫുജൈറ പട്ടണത്തിലൂടെ സി.എച്ചിെൻറ ആഗമന വിളംബരം നടന്നതുമെല്ലാം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന കോയ സാഹിബ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.എ. മജീദ്, കെ.എന്‍.എ. ഖാദര്‍, അബ്ദുസ്സമദ് സമദാനി തുടങ്ങിയ നേതാക്കളുമായും സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഫുജൈറ സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡൻറ്, ഫുജൈറ സുന്നി സെൻറർ പ്രസിഡൻറ്, സെക്രട്ടറി, ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി ചാപ്റ്റർ പ്രസിഡൻറ്, പാലക്കാട് ജില്ല യു.എ.ഇ കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ, മാപ്പിള കല അക്കാദമി ഫുജൈറ ചാപ്റ്റർ പ്രഥമ പ്രസിഡൻറ് തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചു.
ഹൃദ്യവും മനോഹരവുമായ കുറെ വര്‍ഷങ്ങള്‍, ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ പറ്റിയ ഒട്ടേറെ സൗഹൃദങ്ങള്‍ ഇതെല്ലാമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് കോയ സാഹിബ് പറയുന്നു.
ആയുസ്സിെൻറ പുസ്തകത്തില്‍ സര്വശക്തന് കനിഞ്ഞനുഗ്രഹിച്ച താളുകള്‍ ബാക്കിയുണ്ടെങ്കില്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ സാമൂഹിക സേവനത്തില്‍ മുഴുകണമെന്ന ചിന്തയിലാണ് കോയ സാഹിബ്. നാട്ടിലെ അറിയപ്പെട്ട വാദ്യാരായിരുന്ന അബൂബക്കർ മാഷ്-നഫീസ ദമ്പതികളുടെ മകനാണ് പി.പി. മുഹമ്മദ് കോയ. രണ്ടു പെണ്ണും ഒരാണും ഉള്‍പ്പെടെ മൂന്നു മക്കളുണ്ട്. ഹഫ്സയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.