അബൂദബിയിൽ പൊതു–കമ്യൂണിറ്റി പാർക്കുകളിൽ 51 മൾട്ടി പർപ്പസ് കളിസ്ഥലങ്ങൾ തയാർ
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലെ പൊതു-കമ്യൂണിറ്റി പാർക്കുകളിൽ 51 മൾട്ടി പർപ്പസ് കളിസ്ഥലങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. പുതിയ കളിസ്ഥലം കുടുംബങ്ങൾക്കും കുട്ടികൾക്കും കൂടുതൽ വിനോദങ്ങൾക്ക് അവസരമൊരുക്കും. കമ്യൂണിറ്റി അംഗങ്ങൾക്കിടയിൽ ആശയവിനിമയം വർധിപ്പിക്കുമെന്നും ആരോഗ്യകരവും കായികവുമായ ജീവിതശൈലിക്കുപകരിക്കുന്ന നൂതനമായ പൊതു സേവന സൗകര്യമാകും.മിനി ഫുട്ബാൾ കോർട്ടുകൾ, ബഹുവിധ കളിസ്ഥലങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, എല്ലാ പ്രായക്കാർക്കും നിശ്ചദാർഢ്യമുള്ളവർക്കുമുള്ള സൗകര്യവും ഈ പാർക്കുകളിൽ ഉൾപ്പെടുന്നു.
ഫിറ്റ്നെസ്, വ്യായാമ ഉപകരണങ്ങൾ, ജലധാരകൾ, തണൽ സൗകര്യം, വിനോദത്തിനുള്ള തുറസ്സായ ഇടങ്ങൾ, പൊതു സ്ക്വയറുകൾ എന്നിവയും ഉൾപ്പെടുന്നു.
ഊർജ കാര്യക്ഷമത ഉറപ്പാക്കുന്ന നൂതന ലൈറ്റിങ് സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. വൈജ്ഞാനികവും രസകരവുമായ റബർ പ്രതലങ്ങളോടെ നിർമിച്ച കായിക വിനോദ പ്രദേശങ്ങൾ 1,15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്. സമൂഹത്തെ കായിക വിനോദങ്ങളിൽ സജീവമാക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷവും താൽപര്യവും ഉണ്ടാക്കും. മികച്ച വിനോദ സൗകര്യങ്ങളിലൂടെ ജനങ്ങളെ ഊർജ്ജസ്വലരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരാതിർത്തിയിൽ നൂതനവും മനോഹരവുമായ പാർക്കുകൾ സജ്ജമാക്കിയതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.