ഹയ്യ കാർഡുള്ളവർക്ക് യു.എ.ഇയിൽ 100 ദിർഹമിന് മൾട്ടിപ്പിൾ എൻട്രി വിസ
text_fieldsദുബൈ: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയ്യാ കാർഡുള്ളവർക്ക് യു.എ.ഇയിൽ 100 ദിർഹമിന് മൾട്ടിപ്പിൾ എൻട്രി വിസ. 90 ദിവസത്തെ വിസയാണ് യു.എ.ഇ അനുവദിക്കുന്നത്. 90 ദിവസത്തിന് ശേഷം വിസ വീണ്ടും പുതുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ, ഖത്തറിലേക്ക് പറക്കുന്ന ഫുട്ബാൾ ആരാധകർക്ക് കുറഞ്ഞ ചെലവിൽ യു.എ.ഇയും സന്ദർശിക്കാൻ കഴിയും.
ലോകകപ്പിനെത്തുന്നവരിൽ നല്ലൊരു ശതമാനവും ദുബൈയിലായിരിക്കും താമസം. ദുബൈയിൽ നിന്ന് 45 മിനിറ്റിനുള്ളിൽ ഖത്തറിൽ പറന്നെത്താൻ കഴിയും. മാത്രമല്ല, പ്രധാന വിമാനക്കമ്പനികളെല്ലാം ദിവസേന ഷട്ടജഇ സർവീസ് നടത്തുന്നുണ്ട്. ഹോട്ടലുകളിൽ നല്ലൊരു ശതമാനവും ഫാൻസ് ബുക്ക് ചെയ്തുകഴിഞ്ഞു.
മൾട്ടിപ്പ്ൾ എൻട്രി വിസ ലഭിക്കാൻ:
https://smartservices.icp.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക
പബ്ലിക് സർവീസ്, ഹയ്യ കാർഡ് ഹോൾഡേഴ്സ് എന്നിവ സെലക്ട് ചെയ്യുക
പാസ്പോർട്ട് ഉൾപെടെയുള്ള വിവരങ്ങൾ നൽകുക
എന്താണ് ഹയ്യാ കാർഡ്:
ലോകകപ്പ് സമയത്ത് വിദേശത്ത് നിന്നുള്ളവർക്ക് ഖത്തറിൽ ഇറങ്ങണമെങ്കിൽ ഹയ്യാ കാർഡ് നിർബന്ധമാണ്. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ എല്ലാ കാണികൾക്കും സ്വന്തം പേരിൽ ഹയ്യാ കാർഡിന് അപേക്ഷിക്കാം. ഖത്തറിനു പുറത്തു നിന്ന് അപേക്ഷിച്ചാൽ അഞ്ചു ദിവസത്തിനുള്ളിലും ഖത്തറിൽ നിന്നുള്ള അപേക്ഷകന് മൂന്ന് ദിവസത്തിനുള്ളിലും അംഗീകാരം ലഭിക്കും. നിശ്ചിത ദിവസം കഴിഞ്ഞിട്ടും അപേക്ഷയിൽ നടപടിയായില്ലെങ്കിൽ 0097444412022 ഹയ്യാകാർഡ് കാൾസെന്‍ററിൽ ബന്ധപ്പെടാവുന്നതാണ്.
ഫിഫ അംഗീകൃത ഭാഷകളിൽ കാൾസെന്‍റർ സേവനം ലഭ്യമാവും. ഖത്തറിലെ ലോകകപ്പ് വേദികളിലേക്ക് പ്രവേശിക്കാനും ഈ കാർഡ് നിർബന്ധമാണ്. മെട്രോ-കർവ ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത യാത്രക്കും ലോകകപ്പ് വേളയിലെ നിരവധി വിനോദ പരിപാടികളിലേക്കുള്ള പ്രവേശനത്തിനും ഹയ്യ കാർഡ് ഉപയോഗിക്കാം. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ഡിസംബർ 23 വരെ ഹയ്യ കാർഡ് വഴി പ്രവേശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.