ലീഗ്-സമസ്ത പ്രശ്നങ്ങൾ നൈമിഷികം-മുനവ്വറലി തങ്ങൾ
text_fieldsദുബൈ: മുസ്ലിം ലീഗും സമസ്തയും ഉറ്റ ബന്ധുക്കളാണെന്നും ഇപ്പോഴത്തെ അസ്വാരസ്യങ്ങൾ നൈമിഷികമാണെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. രാഷ്ട്രീയമാകുമ്പോൾ ചില അഭിപ്രായ വിത്യാസങ്ങൾ സ്വാഭാവികമാണ്. അതെല്ലാം നേതാക്കൾ പരസ്പരം ചർച്ച് ചെയ്ത് പരിഹരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ 40ാം ചരമവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ സമ്മേളനവും പ്രഥമ സി.എച്ച് പുരസ്കാരം വിതരണവും സംബന്ധിച്ച് ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭാ തെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ മുന്നണി വിജയിക്കേണ്ടത് മതേതര മനസ്സുള്ള ഏത് ഇന്ത്യക്കാരന്‍റെയും ആഗ്രഹമാണ്. കേരളം അതിന്‍റെ വലിയ ഘടകമാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സഖ്യം വൻ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും ചർച്ചകളും ഘടകകക്ഷികളുമായി നടത്തിവരികയാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
നവംബർ 12ന് ദുബൈ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30നാണ് സി.എച്ച് അനുസ്മരണവും പ്രഥമ സി.എച്ച് പുരസ്കാര വിതരണം നടക്കുകയെന്ന് സി.എച്ച് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിക്കാണ് സി.എച്ച് ഫൗണ്ടേഷന്‍റെ പ്രഥമ പുരസ്കാരം. ഏകാംഗ ജൂറിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് പരുസ്കരം ജേതാവിനെ തെരഞ്ഞെടുത്തത്.‘റിഫ്ലക്ഷൻ ഓൺ സി.എച്ച്- എ കോമെമ്മറേഷൻ’ എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലടക്കം പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്‍റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ രൂപവത്കരിച്ചതെന്ന് ഫൗണ്ടേഷൻ കോ ചെയർമാൻ ഡോ. മുഹമ്മദ് മുഫ്ലിഹ് പറഞ്ഞു.
എല്ലാ വർഷവും പുരസ്കാരം നൽകും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വ്യത്യസ്തമായി വിവിധ പദ്ധതികൾ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കും. ഇതിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുരസ്കാരം ചടങ്ങിൽ പ്രഖ്യാപിക്കുമെന്നും ഡോ. മുഫ്ലിഹ് അറിയിച്ചു.
മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ, മുൻ മന്ത്രി ഷിബു ബേബി ജോൺ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.അൻവർ നഹ (യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി) ജലീൽ മഷ്ഹൂൽ തങ്ങൾ, സമീർ മഹമൂദ്, നാസിം പാണക്കാട്, ഫിറോസ് അബ്ദുല്ല, അബ്ദുല്ല നുറുദ്ദീൻ, സൽമാൻ ഫാരിസ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.