ബിസിനസുകാരെൻറ കൊല: അഞ്ചുപേര്‍ക്ക് വധശിക്ഷ
text_fieldsഅജ്മാന്: ബിസിനസുകാരനെ വധിക്കുകയും പണം അപഹരിക്കുകയും ചെയ്ത കേസില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചു. അജ്മാന് ക്രിമിനല്‍ കോടതിയാണ് ഏഷ്യക്കാരായ യുവാക്കള്‍ക്ക് വധശിക്ഷ വിധിച്ചത്.
ഏഷ്യക്കാരായ ബിസിനസുകാരനില്‍നിന്നും പ്രതികള്‍ 109,000 ദിർഹം മോഷ്ടിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ സുഹൃത്ത്, ഇദ്ദേഹത്തെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടില്‍വന്ന് അന്വേഷിക്കുകയായിരുന്നു.
വീട്ടിൽ പ്രവേശിച്ച ഇദ്ദേഹം പരിസരത്ത് രക്തക്കറ കാണുകയും റഫ്രിജറേറ്ററിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സമീപത്തെ നിരീക്ഷണ കാമറകള്‍ പിന്തുടർന്ന പൊലീസ് മുഴുവന്‍ പ്രതികളെയും പിടികൂടുകയായിരുന്നു.
ബിസിനസുകാരനില്‍ നിന്നും പണം അപഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ അദ്ദേഹം താമസിക്കുന്ന വീടിെൻറ മേല്‍ക്കൂരയിലെ എയർകണ്ടീഷണർ സ്ഥാപിച്ചിരുന്ന ഹോളിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നു. വീട്ടില്‍ പ്രവേശിച്ച പ്രതികള്‍ വീട്ടിലുണ്ടായിരുന്ന പണം കൈക്കലാക്കി. ഒരു മണിക്കൂറിനുശേഷം വീട്ടിലെത്തിയ ബിസിനസുകാരനെ അകത്ത് ഒളിച്ചിരുന്ന പ്രതികള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊല നടത്തിയ പ്രതികള്‍ മൃതദേഹം അവിടെ തന്നെയുള്ള റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന അഞ്ചുപേരാണ് കൊലപാതകികളെന്ന് കണ്ടെത്തുകയായിരുന്നു. കൊല നടത്തിയ പ്രതികള്‍ അവരുടെ വസ്ത്രങ്ങള്‍ കെട്ടിടത്തിനുപുറത്ത് ചവറ്റുകുട്ടയിൽ എറിയുകയും പിന്നീട് മറ്റൊരു എമിറേറ്റിൽ ഒളിക്കുകയും തുടർന്ന് രാജ്യം വിടാൻ വിമാനത്താവളത്തിലേക്ക് പോവുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ പങ്കാളികളായ മൂന്ന് പ്രതികള്‍ രാജ്യം വിടാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റിലായത്.
പ്രതികള്‍ 109,000 ദിർഹം പിഴയടക്കാനും അജ്മാന് ക്രിമിനല്‍ കോടതി വിധിച്ചു.
കൃത്യം നിര്‍വഹിക്കുന്നതിനായി പ്രതികള്‍ ഇതേ കെട്ടിടം വാടകക്ക് എടുത്തിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.