കോച്ചിങ്ങില്ലാതെ അഫ്നാന്റെ സിവിൽ സർവിസ് വിജയം; ആഹ്ലാദത്തിൽ മസ്കത്തും
text_fieldsമസ്കത്ത്: അൽ ഗുബ്റ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർഥിയായ അഫ്നാൻ അബ്ദുസ്സമദിന്റെ സിവിൽ സർവിസ് നേട്ടത്തിന്റെ മധുരത്തിലാണ് മസ്കത്തിലെ പ്രവാസികൾ. മസ്കത്തിലെ സീബിൽ ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി കൊയപ്പത്തൊടി അബ്ദുസ്സമദിന്റെ മകനായ അഫ്നാൻ 242ാം റാങ്കാണ് സിവിൽ സർവിസ് പരീക്ഷയിൽ നേടിയത്. പ്രത്യേകിച്ച് കോച്ചിങ്ങിനൊന്നും പോവാതെയും പണച്ചെലവില്ലാതെയും സ്വന്തം അധ്വാനംകൊണ്ട് മാത്രമുള്ള നേട്ടമായതിനാൽ റാങ്കിന് മധുരമേറെയാണ്.
അൽ ഗുബ്റ ഇന്ത്യൻ സ്കൂളിൽനിന്ന് 2012ലാണ് അഫ്നാൻ മുഴുവൻ മാർക്കോടെ പത്താം ക്ലാസ് പാസായത്. പിന്നീട് കുടുംബം നാട്ടിലേക്ക് ചേക്കേറിയതോടെ കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്ലസ് ടു പഠിച്ചത്. അഖിലേന്ത്യ പരീക്ഷയിൽ 2832ാം റാങ്ക് നേടിയ അഫ്നാൻ ട്രിച്ചി എൻ.െഎ.ടിയിൽ ബി.ടെക്കിന് ചേരുകയായിരുന്നു. കാമ്പസ് സെലക്ഷനിൽ ഐ.ടി.സി കമ്പനിയിൽ ജോലി നേടിയ അഫ്നാൻ ഒരുവർഷത്തിനുശേഷം രാജിവെച്ച് 2020 മുതൽ സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു.
ഇത്രയും ഉയർന്ന റാങ്ക് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അഫ്നാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഇന്ത്യൻ റവന്യൂ സർവിസിലാണ് ജോലി കിട്ടാൻ സാധ്യതയെന്നും അഫ്നാൻ പറഞ്ഞു. പത്തനംതിട്ട കലക്ടറായ പി.ബി. നൂഹാണ് തനിക്ക് സിവിൽ പരീക്ഷ എന്ന സ്വപ്നത്തിലേക്ക് നയിച്ചത്. അതിനുമുമ്പ് സിവിൽ പരീക്ഷയെ കുറിച്ച് കാര്യമായ ധാരണയുണ്ടായിരുന്നില്ല. 2018ലെ പ്രളയകാലത്ത് അദ്ദേഹം ചെയ്ത സേവനങ്ങൾ മനസ്സിനെ പിടിച്ചുകുലുക്കിയിരുന്നു. ഒരു െഎ.എ.എസുകാരന് സമൂഹത്തിനുവേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നത് അദ്ദേഹമാണ് മനസ്സിലാക്കിത്തന്നത്.
സിവിൽ പരീക്ഷക്ക് കാര്യമായി കോച്ചിങ്ങിനൊന്നും പോയിട്ടില്ല. കോച്ചിങ്ങിന് നല്ല പണച്ചെലവുള്ളതിനാൽ ഒാൺലൈൻ ക്ലാസുകളെയും യൂട്യൂബിനെയുമാണ് കാര്യമായി ആശ്രയിച്ചത്. മാതാവ്: റംസീൽ എടോളിക്കണ്ടി. മെഡിക്കൽ വിദ്യാർഥിയായ ഇഹ്സാൻ, പ്ലസ് വൺ വിദ്യാർഥിയായ ഇർഫാൻ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.