ചരിത്രം പറയാൻ ‘മ്യൂസിയം എക്സ്പ്രസ്’ യാത്ര
text_fieldsഷാർജ: ചരിത്രത്തെക്കുറിച്ചും പൈതൃകങ്ങളെക്കുറിച്ചും വിദ്യാർഥികളിലും യുവതലമുറയിലും അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘മ്യൂസിയം എക്സ്പ്രസ്’ വീണ്ടും യാത്ര നടത്താനൊരുങ്ങുന്നു. ആഗസ്റ്റ് 12ന് നടക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിൽ മ്യൂസിയം എക്സ്പ്രസ് വിദ്യാർഥികൾക്കിടയിൽ വീണ്ടും യാത്ര നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
ബസിനെ പ്രത്യേക രീതിയിൽ പരിവർത്തിപ്പിച്ചാണ് സഞ്ചരിക്കുന്ന മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. വിദ്യാർഥികൾക്ക് ചരിത്ര അറിവുകൾ പങ്കുവെക്കുന്നതിനൊപ്പം അവരുമായി സംവദിക്കാനും കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന. എമിറേറ്റിലെ വിദ്യാഭ്യാസ, പ്രാദേശിക സ്ഥാനങ്ങളുമായുള്ള സഹകരണവും ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു.
അതോടൊപ്പം പുരാവസ്തുക്കൾ പര്യവേക്ഷണം ചെയ്യാനും അതിന് പിന്നിലെ കഥകൾ മനസ്സിലാക്കാനുമുള്ള അവസരവും മ്യൂസിയം എക്സ്പ്രസ് പ്രദാനം ചെയ്യുന്നതായി ഷാർജ മ്യൂസിയം അതോറിറ്റി ഡറയക്ടർ ജനറൽ ഐഷ റാശിദ് ദീമാസ് പറഞ്ഞു.
മ്യൂസിയം സയൻസിലേക്ക് യുവ തലമുറയെ ആകർഷിക്കുകയാണ് വിദഗ്ധവും നൂതനവുമായ ഇത്തരം സംരംഭങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും ലക്ഷ്യമിടുന്നത്. വടക്കൻ എമിറേറ്റിലെ സ്കൂൾ, കോളജ്, സർവകലാശാലകളിൽ നിന്നുള്ള 12,000 വിദ്യാർഥികളാണ് ഇതുവരെ മ്യൂസിയം എക്സ്പ്രസ് സന്ദർശിച്ചത്. 13 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെയാണ് മ്യൂസിയം പ്രോഗ്രാമിൽ ലക്ഷ്യമിടുന്നത്. ഇതുവരെ 23 കുട്ടികൾ മ്യൂസിയം സന്ദർശനത്തിനായി രജിസ്റ്റർ ചെയ്തതായും അവർ കൂട്ടിച്ചേർത്തു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസരിച്ച് യുവതലമുറയെ ശാക്തീകരിക്കുകയാണ് നൂതനമായ ഈ പഠനരീതിയുടെ ലക്ഷ്യം.
മ്യൂസിയങ്ങൾ നിർമിച്ചിരിക്കുന്നത് കുട്ടികളെയും ഭാവിതലമുറയെയും ചരിത്രത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനാണെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.