തുറക്കാനൊരുങ്ങി സായിദ് നാഷനൽ മ്യൂസിയം
text_fieldsയു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ സ്മാരകമായാണ് അബൂദബി സാദിയാത്ത് ദ്വീപിൽ ഉയരുന്ന സായിദ് നാഷനൽ മ്യൂസിയം നിർമാണം അവസാന ഘട്ടത്തിൽ. ഭാവിയിൽ സാദിയാത്ത് ദ്വീപിലെ സാംസ്കാരിക ജില്ലയുടെ കേന്ദ്രബിന്ദുവാകുന്ന ഈ മ്യൂസിയം ശൈഖ് സായിദിെൻറ ജീവിത നേട്ടങ്ങളുടെ കഥ പറയും. യു.എ.ഇയുടെ ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചും സന്ദർശകരെ ബോധവത്കരിക്കും. പുരാവസ്തുവും പൈതൃകവും സംബന്ധിച്ച ഗവേഷണ കേന്ദ്രമായി സായിദ് നാഷനൽ മ്യൂസിയം പ്രവർത്തിക്കും.
എമിറേറ്റ്സിെൻറ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിെൻറ കേന്ദ്രമാകുന്ന ഈ മ്യൂസിയം ഈ വർഷാവസാനം തുറക്കും. മൊറോക്കോ മുതൽ ചൈന വരെ ഏറ്റവും വലിയ സാംസ്കാരിക ജില്ലയായി സാദിയാത്ത് ദ്വീപിനെ മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണ് മ്യൂസിയം.
ശൈഖ് സായിദിെൻറ പാരമ്പര്യം, പ്രകൃതിയോടുള്ള സ്നേഹം തുടങ്ങിയ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ലാൻഡ്സ്കേപ്പുകളോടെയുള്ള ഉദ്യാനത്തിനുള്ളിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. മ്യൂസിയത്തിെൻറ ഗാലറികൾ മരുഭൂമിയിലെ മൺകൂനയുടെ തനിമയിൽ സ്ഥാപിച്ചിരിക്കുന്നു. അതിെൻറ രൂപഘടന അബൂദബി എമിറേറ്റ്സിെൻറ ഭൂപ്രകൃതിയുടെ സംഗ്രഹമാണ്. ഗോപുരങ്ങളോടെയുള്ള അഞ്ച് ഗ്രാൻഡ് പവലിയനുകൾ (ചിറകുകൾ) മ്യൂസിയത്തിൽ രൂപകൽപന ചെയ്തിരിക്കുന്നു. യു.എ.ഇയുടെ ദേശീയ പക്ഷിയായ ഫാൽക്കെൻറ ചിറകിെൻറ തൂവലുകൾ പോലെയാണ് മ്യൂസിയ ഗോപുരങ്ങൾ.
അഞ്ച് പ്രധാന ഗാലറികളും അഞ്ച് ടവറുകളിലായി മൂന്ന് എക്സിബിഷൻ ഇടങ്ങളും മ്യൂസിയത്തിലുണ്ട്. തിയേറ്റർ, ഓഡിറ്റോറിയം, ഷോപ്പുകൾ, കഫെ, അംഗങ്ങളുടെ വിശ്രമമുറി എന്നിവയും മ്യൂസിയത്തിെൻറ സൗകര്യങ്ങളിൽ പെടും. വി.ഐ.പികൾക്കായി മാത്രം ചില മേഖലകൾ നീക്കിവെക്കും.
ശൈഖ് സായിദ് ലൈഫ് ആൻഡ് ടൈംസ് ആണ് പ്രധാന ഗ്യാലറി. മ്യൂസിയത്തിെൻറ ശേഖരം തുറന്നാൽ രാഷ്ട്ര പിതാവ് ശൈഖ് സായിദിെൻറ കഥ പറയുകയും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള യു.എ.ഇയുടെ ചരിത്രം ഗവേക്ഷണം ചെയ്യാവുന്ന ഇടമാവുകയും ചെയ്യും. ഫാൽക്കൺറി ആൻഡ് കൺസർവേഷൻ ഗാലറി പ്രകൃതി, സംരക്ഷണം, ഫാൽക്കൺറി എന്നിവയോടുള്ള ശൈഖ് സായിദിെൻറ അഭിനിവേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ലാൻഡ് ആൻഡ് വാട്ടർ, പീപ്പിൾ ആൻഡ് ഹെറിറ്റേജ്, ഹിസ്റ്ററി ആൻഡ് സൊസൈറ്റി, സയൻസ് ആൻഡ് ലേണിങ്, ഫെയ്ത്ത് ആൻഡ് ഇസ്ലാം എന്നിവയാണ് മ്യൂസിയത്തിലെ മറ്റു ഗ്യാലറികൾ.
അറേബ്യൻ വാസ്തുശിൽപ ചാതുരിയോടെ 44,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടവറുകളുടെ ക്ലസ്റ്ററും ഉൾക്കൊള്ളുന്നു. ഗ്യാലറിയുടെ മേൽക്കൂരക്കു മുകളിൽ ഭാരം കുറഞ്ഞ അഞ്ച് ഉരുക്ക് ഘടനകളിലാണ് ഫാൽക്കൻ ചിറകുകൾ.
സാദിയത്ത് ദ്വീപ് ഫ്രാൻസിലെ ലൂവ്ർ അബുദബി മ്യൂസിയത്തിെൻറയും ആസ്ഥാനമാണ്. 2017ൽ ഈ മ്യൂസിയം തുറന്നതിനുശേഷം 25 ലക്ഷത്തിലധികം സന്ദർശകരാണ് ഇവിടെ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.