വിരൽതുമ്പിൽ ആരോഗ്യ സേവനവുമായി ‘മൈ ആസ്റ്റർ' ആപ് പുറത്തിറക്കി
text_fieldsദുബൈ: ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയര്‍ ഗൾഫ് മേഖലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ഹെൽത്ത് കെയര്‍ ആപ്ലിക്കേഷനായ ‘മൈ ആസ്റ്ററി’ന്റെ സമ്പൂര്‍ണ പതിപ്പ് പുറത്തിറക്കി.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍, ഫാര്‍മസികള്‍ എന്നിവയിലേക്ക് പ്രവേശനം നല്കുന്ന രൂപത്തിലാണ് ആപ് സജ്ജീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ച ‘മൈ ആസ്റ്റര്‍’ ആപ് ഇപ്പോള്‍ ആപ്പിൾ സ്റ്റോറിലും പ്ലേ സ്റ്റോറിലും ഒന്നാം സ്ഥാനം നേടി 10 ലക്ഷത്തിലധികം പേർക്ക് സേവനം ചെയ്തു കഴിഞ്ഞതായും 3.5 ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ടതായും അധികൃതർ വെളിപ്പെടുത്തി. ആരോഗ്യ മേഖല വികസിപ്പിക്കാനുള്ള യു.എ.ഇയുടെ വിഷൻ 2031നോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ആപ്ലിക്കേഷനെന്നും ഇന്ത്യയടക്കം മറ്റിടങ്ങളിലും വൈകാതെ പുറത്തിറക്കുമെന്നും ആപ് ലോഞ്ചിങ് ചടങ്ങിൽ സംസാരിച്ച ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് പറഞ്ഞു. ലോകോത്തര മെഡിക്കല്‍ പരിചരണം മികവോടെ നല്‍കാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ‘മൈ ആസ്റ്റര്‍’ പ്ലാറ്റ്ഫോം ആരംഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.
24 മണിക്കൂറും പ്രവർത്തിക്കുന്ന ആപ്പിലൂടെ ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റ് ബുക്കിങ്, ഡോക്ടര്‍മാരുടെ ഓണ്‍ലൈനിലും നേരിട്ടുമുള്ള കണ്‍സള്‍ട്ടിങ്, മരുന്നു കുറിപ്പുകളും മെഡിക്കല്‍ രേഖകളും ലഭ്യമാക്കൽ, വീടുകളില്‍ മരുന്നുകളെത്തിക്കാനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ ആസ്റ്റര്‍ സേവനങ്ങളെയും ഒരു കുടക്കീഴില് കൊണ്ടുവരുന്ന ആപ്പാണ് ‘മൈ ആസ്റ്ററെ’ന്ന് ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയറിലെ ഡിജിറ്റല്‍ ഹെൽത്ത് സി.ഇ.ഒ ബ്രാന്‍ഡണ്‍ റോബറി പറഞ്ഞു. അടുത്തിടെ ഗ്രൂപ്പിലെ ഹോസ്പിറ്റലുകളുമായി ബന്ധിപ്പിച്ചതടക്കം പരിഷ്കരണങ്ങളോടെ രോഗികള്‍ക്ക് ആസ്റ്റര്‍ ഹെൽത്ത് കെയര്‍ സേവനങ്ങളുടെ മുഴുവന്‍ സ്പെക്ട്രവും മൈ ആസ്റ്റര്‍ ആപ്പിലൂടെ ലഭ്യമാകമെന്നും അദ്ദേഹം വ്യക്തമാക്കി.
200ലധികം ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെ അപ്പോയ്ന്റ്മെന്റ് ബുക്കിങ് സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഡോക്ടര്‍മാരുടെ ഷെഡ്യൂളുകളും സ്ലോട്ടുകളും കാണാന്‍ കഴിയുമെന്നതും കണ്‍സള്‍ട്ടേഷനായി ഡോക്ടറെ തിരഞ്ഞെടുക്കാമെന്നതും സവിശേഷതയാണ്. സുരക്ഷിത ഗേറ്റ്വേകളിലൂടെ ഓണ്‍ലൈന്‍ പേയ്മെൻറ് സംവിധാനം ഒരുക്കിയ ആപ്പിലൂടെ രോഗികൾക്ക് തങ്ങളുടെ സ്കാനുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ലഭിക്കുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.