‘എന്റെ ശക്തമായ പാസ്പോർട്ട്’; ദുബൈ ഇമിഗ്രേഷൻ ശിൽപശാല
text_fieldsദുബൈ: ലോകത്തെ ശക്തമായ പാസ്പോർട്ടുകളിൽ ഒന്നായ എമറാത്തി പാസ്പോർട്ടിന്റെ പ്രാധാന്യവും പദവിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘എന്റെ ശക്തമായ പാസ്പോർട്ട്’ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേക വർക്ക്ഷോപ് സംഘടിപ്പിച്ചു.
ദുബൈ വേൾഡ് സെന്ററിൽ നടന്നുവരുന്ന മോദേഷ് വേൾഡിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായാണ് ദുബൈ ഇമിഗ്രേഷൻ പരിപാടി ഒരുക്കിയത്. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. ചടങ്ങിൽ സ്വദേശികളും വിദേശികളുമായ നിരവധി കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
യു.എ.ഇ പാസ്പോർട്ടിന്റെ പ്രാധാന്യം, അതിന്റെ സംരക്ഷണം, നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു ശിൽപശാലയുടെ ലക്ഷ്യം. ദുബൈ ഇന്റർനാഷനൽ എയർപോർട്ടിലെ കുട്ടികളുടെ പാസ്പോർട്ട് പ്ലാറ്റ്ഫോമിനെക്കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തി. ദുബൈ ഇമിഗ്രേഷന്റെ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് സെക്ടറിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പാസ്പോർട്ടിന്റെ ഉള്ളടക്കം, പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദീകരിച്ച പരിപാടിയിൽ വിവിധ മത്സരങ്ങൾ, കുട്ടികൾക്കുള്ള ചിത്രരചന, ഭാഗ്യചിഹ്നങ്ങളായ സാലം സലാമ എന്നീ കഥാപാത്രങ്ങളുമായുള്ള ഫോട്ടോ സെഷൻ എന്നിവയും നടന്നു. കുട്ടികൾക്ക് നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.