മൈനകളും കാക്കകളും കൂടുന്നു; പരിഹാരം തേടി അധികൃതർ
text_fieldsമസ്കത്ത്: ഒമാനിൽ മൈനകളുടെ എണ്ണം കുത്തനെ ഉയർന്നത് തലവേദനയാകുന്നു. വർധന തടയാനുള്ള പരിഹാരം തേടി വിദഗ്ധരെ സമീപിക്കുകയാണ് പരിസ്ഥിതി അതോറിറ്റി. ഇന്ത്യൻ കാക്കകളുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. കൃഷിയിടങ്ങളിലും പാർപ്പിട മേഖലകളിലുമാണ് മൈനയെ കൂടുതലായി കാണുന്നത്. സലാലയിലെ ചില വിലായത്തുകളിൽ ഇവയുടെ എണ്ണം വല്ലാതെ ഉയർന്നിട്ടുണ്ട്. ഗവർണറേറ്റിൽ താഖാ, മിർബാത്ത് വിലായത്തുകളെ അപേക്ഷിച്ച് സലാലയിലെ തോട്ടങ്ങളിലും പൊതുപാർക്കുകളിലും 80 ശതമാനം കൂടുതലാണ് മൈനകൾ. താഖയിൽ 12 ശതമാനവും മിർബാത്തിലും മറ്റ് ഭാഗങ്ങളിലും എട്ട് ശതമാനവുമാണ് മൈനകൾ. ഇത്തരം പക്ഷികളുടെ വർധന തടയാൻ മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് കർശന നടപടികൾ എടുക്കുകയാണെന്ന് പരിസ്ഥിതി സംരക്ഷണ വിഭാഗം ഡയറക്ടർ ജനറൽ സുലൈമാൻ അൽ അഖ്സമി പറഞ്ഞു.
മറ്റ് പ്രാദേശിക ജീവികൾക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന വിപരീതഫലം ഒഴിവാക്കാനാണിത്. മൈനകളും ഇന്ത്യൻ കാക്കകളും വ്യാപിക്കുന്നത് തടയാൻ പ്രത്യേക കർമസംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സർവേകൾ നടത്തുന്നുമുണ്ട്. പക്ഷികളുടെ വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര വിദഗ്ധയായ സൂസന സാവേദ്രയുമായി അധികൃതർ ഇതിനായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. അവർ സലാലയിലും മസ്കത്തിലും സന്ദർശനം നടത്തുകയും മൈനകളെയും കാക്കകളെയും നിരീക്ഷിക്കാനുള്ള പ്രാരംഭ പദ്ധതികൾ ആരംഭിക്കുകയും ചെയ്തു. മുന്തിരി, ആപ്രിക്കോട്ട്, പിയേഴ്സ് തുടങ്ങിയ പഴവർഗങ്ങളും ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യങ്ങളും ഇവ വ്യാപകമായി തിന്ന് നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.
വർഷം മുഴുവൻ പ്രജനനം
വർഷം മുഴുവൻ പ്രജനനം നടത്തും. മൂന്നു മുതൽ ആറു വരെ മുട്ടകളിലാണ് അമ്മ മൈന അടയിരിക്കുന്നത്. 17 ദിവസമാണ് അടയിരിക്കൽ സമയം. 22 ദിവസംകൊണ്ട് മൈനക്കുട്ടികൾ പറന്നുയരും. ഒമാനിൽ 1,60,000 മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രകൃതി നശിപ്പിക്കുന്ന പ്രധാന അഞ്ച് വിഭാഗത്തിൽപെട്ടതാണ് മൈന. മറ്റു പക്ഷികളുടെ മുട്ടകളും മൈന നശിപ്പിക്കുന്നത് പ്രകൃതിയുടെ വൈവിധ്യത്തിന് ഭീഷണിയാവുന്നുണ്ട്. ഇന്ത്യയടക്കമുള്ള ഉഷ്ണമേഖല രാജ്യങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.