വേദനകളേ വഴിമാറുക; ഗഫൂറിന് ഇനിയുമേറെ എഴുതാനുണ്ട്
text_fieldsദുബൈ: വയ്യാത്ത കുഞ്ഞിനെ സ്കൂളിൽ വിടേണ്ടെന്ന ഡോക്ടറുടെ വാക്കിനു ചെവികൊടുക്കാതെ മകനെ പഠിക്കാനയച്ച നീലാമ്പ്ര മുഹമ്മദിനും ഫാത്തിമക്കും സലാം. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ രണ്ടാം ദിവസം ഇൻറലക്ച്വൽ ഹാളിൽ മകൻ എൻ. അബ്ദുൽ ഗഫൂറിനു വേണ്ടി ഉയരുന്ന കൈയടികൾക്ക് നിങ്ങൾക്കു കൂടിയുള്ളതാണ്.
ഒരു വയസു തികയും മുൻപേ രക്തം കട്ടപിടിക്കാത്ത ഹിമോഫീലിയ കണ്ടെത്തിയതിനെ തുടർന്നാണ് ഗഫൂറിനെ ഡോക്ടർ വിലക്കിയത്. തട്ടരുത് മുട്ടരുത് വേദനിപ്പിക്കരുതെന്ന അധ്യാപകരുടെ ശ്രദ്ധപ്പെടുത്തൽ കാരണം സഹപാഠികളധികം കൂട്ടിനു വന്നില്ല. കൂട്ടുകാരില്ലാത്ത കുട്ടി അക്ഷരങ്ങളോടും ചിത്രങ്ങളോടും ചങ്ങാത്തം കൂടി. പുസ്തകങ്ങൾ ചേർത്തു പിടിച്ചു.
മെഡിക്കൽ കോളജിലേക്കുള്ള പതിവുയാത്രകളിൽ മനസിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അവൻ നോട്ടുബുക്കിൽ കുറിച്ചിട്ടു. പി. ബൈജു എന്ന അധ്യാപകൻ ഇൗ കുറിപ്പുകൾ കാണും വരെ ഗഫൂർ എന്ന എഴുത്തുകാരനെ ലോകത്തിന് അറിവില്ലായിരുന്നു. അങ്ങിനെ 21 വർഷം മുൻപ് വാണിയമ്പലം ഗവ. ഹൈസ്കൂൾ അസംബ്ലിയിൽ അമ്മയെത്തേടി എന്ന നോവൽ പ്രകാശനം ചെയ്യപ്പെട്ടു. ഇൗ പുസ്തകത്തിെൻറ ഒമ്പതാം പതിപ്പും കരിങ്കൽ പൂവ് എന്ന കഥാ സമാഹാരവുമാണ് 36ാമത് ഷാർജ മേളയിൽ പ്രകാശനം ചെയ്യുക.
കഴിഞ്ഞ ഷാർജ മേള സന്ദർശിച്ച പിതാവിെൻറ ആഗ്രഹപ്രകാരമാണ് സഹോദരൻ ഫൈസൽ നീലാമ്പ്ര ഗഫൂറിനെ ഇക്കുറി പുസ്തകമേളക്കെത്തിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. പിന്തുണയുമായി പ്രവാസ ലോകത്തെ സഹൃദയർ ഒന്നിച്ചതോടെ അതു സാധ്യമായി. ഗഫൂറിനെ പരിചയപ്പെടുത്താൻ ഹയാത്ത് റീജൻസി ഹോട്ടലിൽ ഒരുക്കിയ സംഗമത്തിൽ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇൻറർനാഷനൽ ഒാപ്പറേഷൻസ് എം.ഡി. ഷംലാൽ അഹ്മദ്, നെല്ലറ ഫുഡ്സ് എം.ഡി ഷംസുദ്ദീൻ, െഎ.പി.െക ചെയർമാൻ എ.കെ. ഫൈസൽ, യു.എ.ഇ എക്സ്ചേഞ്ചിലെ വിനോദ് നമ്പ്യാർ, മാധ്യമപ്രവർത്തകരായ നിസാർ സെയ്ദ് ,കെ.എ. അബ്ബാസ് എന്നിവരുൾപ്പെടെ നിരവധി പേരാണ് എത്തിയത്.
കുടുംബവും കൂട്ടുകാരും നൽകിയ പിന്തുണയാണ് തന്നെ എഴുത്തുകാരനും ഗായകനും ചിത്രകാരനുമെല്ലാമാക്കിയതെന്ന് ഗഫൂർ പറയുന്നു. എഴുത്തിന് പ്രോത്സാഹനവുമായി എഴുത്തിെൻറ കുലപതി എം.ടി മുതൽ നടൻ മമ്മൂട്ടി വരെ മുന്നോട്ടുവരുന്നു. വൈക്കം മുഹമ്മദ് ബഷീറിെൻറ ബാല്യകാല്യസഖിയെ ആസ്പദമാക്കി ഗഫൂർ രചിച്ച് സഹോദരൻ ഫൈസൽ തയ്യാറാക്കിയ ആൽബം പ്രകാശനം ചെയ്ത മമ്മൂട്ടി ഹിമോഫീലിയ രോഗം പ്രമേയമാവുന്ന ചിത്രത്തിൽ അഭിനയിക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. വാണിയമ്പലം സ്കൂളിൽ ക്ലർക്കായി ജോലി ചെയ്യുന്ന ഗഫൂർ പുസ്തകങ്ങൾക്കൊപ്പം മരുന്നുപൊതിയും കൊണ്ടാണ് വിമാനം കയറിയിരിക്കുന്നത്. നാട്ടിൽ പാലിയേറ്റിവ് കൂട്ടായ്മകളിൽ വളണ്ടിയറായ ഇദ്ദേഹം പുസ്തകം വിറ്റു കിട്ടുന്ന വരുമാനം ഹീമോഫീലിയ ബാധിതരുടെ ക്ഷേമത്തിന് വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ മുൻ മന്ത്രി ഡോ.എം.കെ മുനീർ മജീഷ്യൻ മുതുകാടിന് നൽകിയാണ് പ്രകാശനം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.