നാച്വറലാണ് നാച്ചു സീനയുടെ ഫ്രെയിമുകൾ...
text_fieldsകർണാടകയിലെ ചാമരാജ് നഗർ, നാഗവള്ളി വനനിരകൾക്ക് സമീപത്തെ ഒരു തോട്ടം. മൂന്നു ഭാഗവും കാടിനാൽ ചുറ്റപ്പെട്ട ഇതിന്റെ അതിർത്തിയിൽ ഒരു വെളുപ്പാൻ കാലത്ത് കാമറയുമായി ഒരാൾ പൊൻമാനിന്റെ പിറകെ പതുങ്ങിയിരിക്കുകയാണ്. ഏറ്റവും സുന്ദരമായ ചിത്രം പകർത്തനായി മെയ്യും മനസും ഒരുപോലെ സമർപ്പിച്ചാണയാൾ നിൽക്കുന്നത്. കൂടെയുണ്ടായിരുന്നവരെല്ലാം ഷെഡിൽ വിശ്രമത്തിലാണ്. എന്നാൽ പൊൻമാൻ കാഴ്ചയിൽ പതിഞ്ഞതോടെ ആ ഫോട്ടോഗ്രാഫർക്ക് അടങ്ങിയിരിക്കാനായില്ല.
പൊൻമാനിന് പിറകെ പോകുന്ന അയാളെ മറ്റൊരാൾ കാണുന്നുണ്ടായിരുന്നു. സമീപത്തെ വടവൃക്ഷത്തിന്റെ ചില്ലയിലിരുന്ന് ഒരു പുള്ളിപ്പുലി!! ആരാടാ ഞങ്ങളുടെ അതിർത്തിയിൽ കയറുന്നത് എന്ന ഭാവത്തിലാണ് ഫോട്ടോഗ്രാഫറെ നോക്കുന്നത്. അപ്പോഴാണ് അയാൾ തനിക്ക് മുന്നിൽ നിൽക്കുന്ന പുലിയെ കാണുന്നത്. ജീവിതത്തിനും മരണത്തിനുമിടയിൽ പെട്ടുപോയത് പോലെ അയാളുടെ തൊണ്ടയിടറി. ശബ്ദം പുറത്തുവരാതായി.
കാലുകൾ സ്വയം പിറകിലേക്ക് ചലിച്ചു.. ഓടി. പുള്ളിപ്പുലി ഇരുന്നിടത്തു നിന്ന് അനങ്ങിത്തുടങ്ങിയിരുന്നു. ഓടുന്നതിനിടയിൽ അയാളുടെ കാലുകളിൽ വലിയ കമ്പികൾ തടഞ്ഞു. കാട്ടാനകൾ അതിറത്തി കടക്കാതിരിക്കാൻ സ്ഥാപിച്ച വേലിയായിരുന്നു അത്. വീണുകിടക്കെ, പുറകിലേക്ക് നോക്കാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല. അപ്പോഴതാ..ജീവിതത്തിൽ ഒരിക്കയും മറക്കാനാവാത്ത ആ ശബ്ദം ഷെഡിൽ നിന്നുയരുന്നു.
ജീവിതത്തിന്റെ ശബ്ദുമായിരുന്നു അത്. കൂട്ടുകാർ പുള്ളിപ്പുലിയെ ഓടിക്കാൻ പ്രത്യേകം തയ്യാറാക്കിയ ചെണ്ട കൊട്ടുകയായിരുന്നു. ശബ്ദം ഉയർന്നതോടെ പുലി മെല്ലെ പിൻമാറി. ഫോട്ടോഗ്രാഫർക്ക് ജീവിതം തിരിച്ചുകിട്ടി... വനസൗന്ദര്യവും പ്രകൃതിയും ഹൃദയത്തോട് ചേർത്തുവെച്ച നാച്ചുസീന എന്ന ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ചീന്താണിത്. നൗഷാദ് കെ.എ എന്ന നാച്ചുസീന തൃശൂർ ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശിയാണ്. നിലവിൽ ദുബൈ 'ദീവ'യിൽ ഉദ്യോഗസ്ഥനായ പ്രവാസിയാണ്.
15വർഷമായി യു.എ.ഇയിലുണ്ട്. മുമ്പ് കുറച്ചുകാലം ബഹ്റൈനിലും പ്രവാസിയായിരുന്നു. ചെറുപ്പത്തിലേ ഫോട്ടോഗ്രഫിയോട് കമ്പമുണ്ടായിരുന്നു. സുഹൃത്തുക്കളുടെ കാമറയിൽ ചിത്രങ്ങളെടുത്താണ് തുടക്കം. പ്രകൃതിയോടും കാടിനോടുമുള്ള ഇഷ്ടം വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് അടുപ്പിച്ചു. ആദ്യകാലത്ത് പകർത്തിയ ചിത്രങ്ങൾ സുഹൃത്തുക്കളുടെ അഭിനന്ദനത്തിന് കാരണമായി. അത് പ്രചോദനമായി സ്വീകരിച്ച് ഫോട്ടോഗ്രഫിയെ ജീവിതത്തോട് ചേർത്ത് വെച്ചു. തുടക്ക കാലത്ത് കാമറ വാങ്ങാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. ഒരു മൊബൈല്‍ പോലും സ്വന്തമായി ഉണ്ടായിരുന്നില്ല.
ആദ്യ ചിത്രം നീർകാക്ക..
ആദ്യമായി കാമറയില്‍ നാച്ചു പകർത്തിയ ചിത്രം നീർകാക്കയുടേതായിരുന്നു. ഭാര്യക്കും സുഹൃത്തുക്കൾക്കുമൊപ്പം യാത്രക്കിടയിൽ ചങ്ങാതിയുടെ കയ്യിലിരുന്ന പവര്‍ഷോട്ട് കാമറയിലാണത് പകർത്തിയത്. കുമരകത്തെ വഞ്ചിയിലിരുന്ന് നീര്‍ക്കാക്കകളെ പകർത്തിയതിന്റെ ആവേശമായിരിക്കാം വൈൽഡ് ലൈഫിൽ കേന്ദ്രീകരിക്കാൻ നിമിത്തമായത്. വലിയ സന്തോഷവും ആവേശവും പകർന്ന അനുഭവമായിരുന്നു ആദ്യത്തെ ചിത്രമെന്ന് നാച്ചു പറയുന്നു. അന്ന് തുടങ്ങിയ പ്രയാണമാണ് ഫോട്ടോഗ്രാഫിയിൽ വലിയ നേട്ടങ്ങൾക്ക് വഴി തുറന്നത്. അന്ന് ചിത്രം പകർത്തുമ്പോൾ കൂടെയുണ്ടായിരുന്ന ഭാര്യ സീനയും സുഹൃത്ത് വയനാട്ടുകാരനായ കമൽസിങും ഫോട്ടോഗ്രഫിയിൽ പിന്നീട് വലിയ പിന്തുണ നൽകി.
കരിയറില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ സഹായിച്ചത് ഇവരാണെന്നും ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് ഇവരെയാണെന്നും നാച്ചു പറയുന്നു. വിശ്രമമില്ലാതെ ഓരോ ഫോട്ടോക്ക് പിന്നിൽ അലയുമ്പോഴും സദാസമയം ഊർജം പകര്‍ന്നതിൽ ഇവരോട് നന്ദിയുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. കമലിന്റെ സാന്നിധ്യത്തിൽ വയനാടൻ കാടുകളിൽ നിന്ന് തന്നെയാണ് ഏറെ ചിത്രങ്ങൾ പകർത്തിയത്. പിന്നീട് 'വൈൽഡ് ലൈഫ്' തേടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കാടുകളിലേക്ക് യാത്ര ചെയ്തു.
രാജസ്ഥാൻ, പശ്ചിമബംഗാൾ, കർണാടക... തുടങ്ങി ഹിമാലയ നിരകൾ വരെ ചിത്രങ്ങൾ തേടിയുള്ള യാത്രയെത്തി. ആദ്യമായി സ്വന്തമാക്കിയത് കാനോണ്‍ 400ഡി കാമറയായിരുന്നു. പിന്നീട് അപ്ഡേറ്റ് ചെയ്ത് 600ഡിയും 700ഡിയും എടുത്തു. ഒരുപാട് നല്ല നല്ല ചിത്രങ്ങള്‍ ഇവയെല്ലാം സമ്മാനിച്ചു. പിന്നീട് കൂടുതൽ മികച്ച കാമറകൾ സ്വന്തമാക്കി. ഫോട്ടോഗ്രഫിയുടെ എല്ലാ ടെക്നിക്കുകളും സ്വയം പഠിച്ചെടുത്തതാണിദ്ദേഹം. ഇപ്പോൾ പലർക്കും തനിക്ക് ലഭിച്ച അറിവുകൾ പകർന്നുകൊടുക്കുന്നുണ്ട്.
സൗഹൃദങ്ങളിലൂടെ സ്വപ്നങ്ങളിലേക്ക്..
ഫേസ്ബുക്കിലെ ധാരാളം സുഹൃത്തുക്കൾ വഴി ചിത്രത്തിന് അംഗീകാരവും സ്വീകാര്യതയും ലഭിച്ചു. യു.എ.ഇയിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ഒമ്പത് പേരുടെ കൂട്ടായ്മയിലൂടെ കരിയറിൽ സൗഹൃദങ്ങൾ വർധിച്ചു. ഇവരോടൊപ്പമാണ് പലപ്പോഴും വൈൽഡ് ലൈഫ് തേടിയുള്ള യാത്ര. ജോലിക്കിടയിൽ സമയം കണ്ടെത്തിയാണ് ചിത്രങ്ങൾ പകർത്താനായി യാത്ര ചെയ്യുന്നത്. നാച്ചുവിന്റെ താൽപര്യത്തിനൊത്ത് ലീവ് അനുവദിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന സഹപ്രവർത്തകരും ഇദ്ദേഹത്തിന് ഒരനുഗ്രഹമാണ്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ജീവൻ പണയംവെച്ചുള്ള കളിയാണെന്നതാണ് നാച്ചുവിന്റെ അനുഭവം. പുള്ളിപ്പുലിയുടെ മുന്നിൽ നിന്നും കാട്ടാനകളുടെ അടുത്തു നിന്നുമൊക്കെ പലവട്ടം രക്ഷപ്പെട്ടിട്ടുണ്ട്. നെല്ലി മരത്തിന് പിന്നിൽ ഒളിച്ചിരുന്ന് കഴിഞ്ഞ കൊല്ലം ഒരാന ആക്രമിക്കാൻ വന്നതാണ്. ആദിവാസികൾകൊപ്പം ഉൾകാട്ടിൽ ചിത്രം പകർത്താൻ പോയതായിരുന്നു. പക്ഷേ ഓരേക അപകട മുനമ്പിൽ നിന്നും രഷപ്പെട്ട് തിരിച്ചെത്തുമ്പോഴും വീണ്ടും തിരിച്ചു വിളിക്കുന്ന ശക്തി കാടിനുണ്ടെന്ന് ഈ ഫോട്ടോഗ്രാഫർ അടിവരയിടുന്നു.
കാട് വളരെ കുറച്ചു മാത്രമുള്ള യു.എ.ഇയിൽ നിന്ന് ഏറെ പകർത്തിയത് പക്ഷികളുടെ ചിത്രങ്ങളാണ്. മരുഭൂമിയിൽ കാണപ്പെടുന്ന നിരവധി മൃഗങ്ങളുടെയും ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. നാച്ചുവിന്റെ നിരവധി ചിത്രങ്ങൾ പല പ്രസിദ്ധീകരണങ്ങളിലായി വന്നിട്ടുണ്ട്. കേരള വൈൽഡ് ലൈഫ് അവാർഡ് അടക്കം പല പുരസ്കാരങ്ങളും നേടാനായി. പകർത്തിയ ചിത്രങ്ങൾ അന്താരാഷ്ട്ര വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എക്സിബിഷനുകളിലടക്കം പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടുതൽ ഫോട്ടോകൾ എടുത്ത് മുന്നേറണമെന്നാണ് ആഗ്രഹം. കാലങ്ങൾക്ക് ശേഷം ദൈവം ഇരട്ടക്കുട്ടികളെ സമ്മാനിച്ച സന്തോഷത്തിൽ കഴിയുന്ന നാച്ചു സീനുവിന് അതിന് നിശ്ചയദാർഢ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.